Thursday, March 19, 2026 Last Updated 18 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
ജെബി പോള്‍
Tuesday 13 Jan 2026 11.34 PM

കോടതിവിധികള്‍ തടവുകാര്‍ക്ക്‌ അനുകൂലം; ചട്ടം എവിടെ എന്നു കോടതി ചോദിക്കുമ്പോള്‍ സര്‍ക്കാരിനു കൈമലര്‍ത്തേണ്ടിവരുന്നു, ജയില്‍ചട്ടം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍

uploads/news/2026/01/820612/k5.jpg

കൊച്ചി: സംസ്‌ഥാനത്ത്‌ ജയില്‍ ചട്ടം പരിഷ്‌കരിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍. 2014-ലെ ചട്ടമാണു വീണ്ടും പരിഷ്‌കരിക്കുന്നത്‌. 1980-ല്‍ തയാറാക്കിയ ജയില്‍ മാനുവലാണ്‌ ഇപ്പോഴുമുള്ളത്‌. എന്നാല്‍, ചട്ടം പരിഷ്‌കരിക്കാത്തതിനാല്‍, തടവുകാര്‍ അനുകൂല കോടതിവിധി സമ്പാദിച്ചു രക്ഷപ്പെടുന്നതു പതിവായ സാഹചര്യത്തിലാണു ചട്ടം പരിഷ്‌കരിക്കുന്നത്‌. ജയില്‍ ചട്ടങ്ങളുടെ അടിസ്‌ഥാനത്തിലാണു പ്രിസണ്‍ മാനുവല്‍ തയാറാക്കുന്നത്‌.

അതീവസുരക്ഷാ ജയിലും തുറന്ന ജയിലും പ്രവര്‍ത്തിക്കുന്നതിനു 2010-ല്‍ നിയമം പാസാക്കിയെങ്കിലും നടത്തിപ്പിനുള്ള ചട്ടം ഇതുവരെ തയാറാക്കിയിട്ടില്ല. ആവശ്യം വരുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവുകളിറക്കി തല്‍ക്കാലം പ്രശ്‌നം പരിഹരിക്കുകയാണു പതിവ്‌. എന്നാല്‍, തടവുകാര്‍ ജയിലുകളിലെ മനുഷ്യാവകാശലംഘനവും മറ്റു നിയമപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമ്പോള്‍ നിലവില്‍ ചട്ടമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കോടതികള്‍ തടവുകാര്‍ക്ക്‌ അനുകൂലമായ വിധികള്‍ പുറപ്പെടുവിക്കുകയാണ്‌. ഇതു പരിഹരിക്കാനാണു ജയില്‍ ചട്ടം പരിഷ്‌കരിക്കുന്നത്‌.

തീവ്രവാദകേസിലും മറ്റും പ്രതികളായ തടവുകാര്‍ നിയമത്തിലെ പഴുതുകള്‍ മുതലാക്കി രക്ഷപ്പെടുന്നതു പതിവാണ്‌. ചട്ടം എവിടെ എന്നു കോടതി ചോദിക്കുമ്പോള്‍ സര്‍ക്കാരിനു കൈമലര്‍ത്തേണ്ടിവരുന്നു. നിലവിലുള്ള ചട്ടമനുസരിച്ചു പുതിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നാണ്‌ ആഭ്യന്തരവകുപ്പിന്റെ പരാതി.
അതീവസുരക്ഷാ ജയിലുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ മോഡല്‍ പ്രിസണ്‍ ആക്‌ട്‌ നടപ്പാക്കിയിട്ടുണ്ട്‌. അത്‌ 2015-ല്‍ റിവൈസ്‌ ചെയ്‌തു. നെല്‍സണ്‍ മണ്ടേല റൂള്‍ എന്നറിയപ്പെടുന്ന യു.എന്‍. സ്‌റ്റാന്‍ഡാര്‍ഡ്‌ മിനിമം റൂള്‍സ്‌ യു.എന്നിനു കീഴില്‍ വരുന്ന രാജ്യങ്ങളെല്ലാം ബാധകമായ ചട്ടമാണ്‌. ഇതിന്റെ ചുവടുപിടിച്ചാണു കേന്ദ്രസര്‍ക്കാര്‍ ജയില്‍ ചട്ടം പരിഷ്‌കരിച്ചത്‌.
ഡി.ജി.പി. ചെയര്‍മാനായ അഞ്ചംഗ കമ്മിറ്റി അടുത്തമാസം കരട്‌ ചട്ടങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട്‌ സര്‍ക്കാരിനു സമര്‍പ്പിക്കും. തീവ്രവാദ കേസുകളും ദേശവിരുദ്ധ കേസുകളും കൂടിവരുന്ന സാഹചര്യവും അണക്കിലെടുത്താണു ജയില്‍ചട്ടം പരിഷ്‌കരിക്കുന്നത്‌.
ഇത്തരം തടവുകാരെ താമസിപ്പിക്കുന്ന അതീവസുരക്ഷാ ജയിലുകളില്‍ പലപ്പോഴും മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നുവെന്നാണു മനുഷ്യാവകാശ സംഘടനകളുടെ പരാതി. വിഷയം കോടതിയില്‍ എത്തുമ്പോള്‍ നിലവിലുള്ള ചട്ടത്തിന്റെ അടിസ്‌ഥാനത്തില്‍ കോടതികള്‍ക്കും വിധി പറയേണ്ടിവരുന്നു. കോടതി തന്നെ പലവട്ടം ജയില്‍ചട്ടം പരിഷ്‌കരിച്ചുകൂടേയെന്നു ചോദിച്ചിരുന്നു.
കേരളത്തിലെ വിയ്യൂര്‍ പോലുള്ള ജയിലുകള്‍ അതീവ സുരക്ഷാ ജയിലുകളായി അറിയപ്പെടുന്നു. തടവുകാരുടെ വേതനത്തില്‍ വര്‍ധന വരുത്തുന്നതു പോലുള്ള മനുഷ്യാവകാശ പരിഗണനകളും ചട്ടങ്ങളില്‍ വരുന്നുണ്ട്‌. ചട്ടങ്ങളുടെ അടിസ്‌ഥാനത്തിലാണു പ്രിസണ്‍ മാനുവല്‍ തയാറാക്കുന്നത്‌.

ജെബി പോള്‍

Ads by Google
ജെബി പോള്‍
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google