Sunday, March 15, 2026 Last Updated 12 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 02.50 PM

‘ഹൃദയം പടപടാ മിടിച്ചു, കൈകൾ വിറച്ചു; ഒരു സെല്‍ഫി ഇത്രയും വിലപ്പെട്ടതാവുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...’എ.ആര്‍ റഹ്മാനെ കണ്ട സന്തോഷം പങ്കിട്ട് റിമി ടോമി

മലയാളപിന്നണിഗായിക റിമി ടോമി ആസ്വാദകര്‍ക്ക് ഏറെയിഷ്ടമുള്ള ഗായികയാണ്. ഇപ്പോഴിതാ സംഗീതമാന്ത്രികന്‍ എ.ആര്‍.റഹ്മാനെ വിമാനയാത്രയ്ക്കിടെ അവിചാരിതമായി കണ്ടുമുട്ടിയ സന്തോഷം പങ്കിടുകയാണ് റിമി ടോമി.
Rimi Tomy, Music maestro A.R. Rahman
Rimi Tomy meets Music maestro A.R. Rahman (Image Source: Instagram)

ടെലിവിഷനില്‍ അവതാരകയായി കൈയടി നേടിയ ശേഷം മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് കുതിച്ചു കയറിയ ഗായികയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ‘ചിങ്ങമാസം വന്നുചേര്‍ന്നാല്‍....’ എന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് റിമിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഒരു വേദിയെയും സദസ്സിനെയും എങ്ങനെ കീഴടക്കണമെന്ന് റിമിക്ക് നന്നായി അറിയാം. റിമിയുടെ ഗാനമേളയ്ക്കായി കാത്തിരിക്കുന്നവര്‍ കേരളത്തിനകത്തു മാത്രമല്ല വിദേശത്തും ഏറെയാണ്. സ്റ്റേജ് ഷോകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷരുടെ മനസിലെ നിറസാന്നിധ്യമായി റിമി ഉണ്ട്.
ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ മാന്ത്രികനായ എ.ആര്‍ റഹ്മാനെ അവിചാരിതമായി കണ്ടുമുട്ടിയ സന്തോഷം പങ്കിടുകയാണ് റിമി ടോമി. എത്ര വലിയ ഗായകരും ഒന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന ആരാധിക്കുന്ന ഒരു സംഗീതജ്ഞനാണ് എ.ആര്‍ റഹ്മാന്‍. ഈ സന്തോഷമാണ് റിമി പങ്കിട്ടിരിക്കുന്നത്. തന്റെ ജീവിതത്തില്‍ ഈ നിമിഷത്തേക്കാള്‍ വിലപ്പെട്ടതായിരിക്കന്‍ മറ്റൊരു സെല്‍ഫിക്ക് കഴിയുമോ എന്ന് തനിക്കറിയില്ലെന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് റിമി കുറിച്ചിരിക്കുന്നത്.
‘‘ഇത് എനിക്ക് ഒരു സാധാരണ ദിവസമല്ല... ചില ദിവസങ്ങള്‍ നേരത്തെ വിധി എഴുതിക്കഴിഞ്ഞതാണ്. തീര്‍ത്തും യാദൃശ്ചികമായിട്ടാണ് മുംബൈയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഫ്‌ളൈറ്റ് യാത്രയ്ക്കിടെ ഇതിഹാസ താരം സാക്ഷാല്‍ എ ആര്‍ റഹ്‌മാനെ കണ്ടുമുട്ടിയത്. ഒരു സെല്‍ഫി ചിത്രം എന്റെ ജീവിതത്തില്‍ ഇത്രയും വിലപ്പെട്ടതാവുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
എന്റെ കുട്ടിക്കാലം മുതല്‍ ഇദ്ദേഹത്തെ ഒന്ന് നേരില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്, പക്ഷേ ഇത് ഇങ്ങനെ സംഭവിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഞാൻ വിമാനത്തിൽ കയറി എന്റെ സീറ്റിൽ ഇരുന്ന ഉടനെ ഒരാൾ എന്നോട് സംസാരിച്ചു, ‘എന്റെ പേര് കാർത്തിക്, ഞാൻ എ. ആർ. റഹ്മാൻ സാറിന്റെ അസിസ്റ്റന്റ് ആണ്. ഒരു ടിവി ഷോയിൽ നിങ്ങൾ പാടിയ കണ്ണാളനേ എന്ന ഗാനം ഞാൻ കേട്ടിട്ടുണ്ട്, റഹ്മാൻ സാർ ഇവിടെ ഇരിക്കുന്നുണ്ടെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു....’ എന്ന്.
വിന്‍ഡോ സീറ്റിന്റെ അടുത്ത് അദ്ദേഹം ഇരിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. സന്തോഷം കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ കണ്ണു നിറഞ്ഞു... ടേക്ക് ഓഫ് മുതൽ ലാൻഡിംഗ് വരെ- ഏകദേശം രണ്ട് മണിക്കൂർ - ഞാൻ മറ്റൊരു ലോകത്തായിരുന്നു.
എന്റെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു, കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു...ഞാൻ എന്നോട് തന്നെ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു, ഇത് യഥാർത്ഥമാണോ, അതോ ഞാൻ സ്വപ്നം കാണുകയാണോ? എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്ന്...
എനിക്ക് ഒരു വാക്ക് മാത്രമേ പറയാൻ കഴിഞ്ഞുള്ളൂ, ‘ഇത് എന്റെ സ്വപ്നമാണ്...’
അതിനുശേഷം, വാക്കുകളൊന്നും പുറത്തുവന്നില്ല.
ഞാന്‍ വികാരധീനയാവുന്നു, എന്നെന്നും നന്ദിയുള്ളവളായിരിക്കും...ഈ സെൽഫിക്ക് ശ്രീ കാർത്തികിന് ഒരിക്കൽ കൂടി നന്ദി....’’ എന്നാണ് റിമി ടോമി കുറിച്ചിരിക്കുന്നത്. റിമിയുടെ പോസ്റ്റിനു താഴെ സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് സ്നേഹവും ആശംസകളും കമന്റുകളിലൂടെ കുറിച്ചിരിക്കുന്നത്.

Ads by Google
Tuesday 13 Jan 2026 02.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google