Thursday, March 19, 2026 Last Updated 21 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 13 Jan 2026 12.13 AM

ഭൂട്ടാന്‍ വാഹനക്കടത്തില്‍ സംസ്‌ഥാനത്ത്‌ ആദ്യ കേസ്‌: വാഹനം വിറ്റത്‌ ഇന്ത്യന്‍ എംബസി ഉപയോഗിച്ചതെന്നു വിശ്വസിപ്പിച്ച്‌, എത്തിയത് ഇരുന്നൂറോളം വാഹനങ്ങള്‍

uploads/news/2026/01/820401/lexury-vehicle.jpg

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാനത്ത്‌ ആദ്യ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. കൊച്ചി സ്വദേശി മുഹമ്മദ്‌ യഹ്യ നല്‍കിയ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലീസാണു കേസെടുത്തത്‌.

ഭൂട്ടാനില്‍നിന്ന്‌ അനധികൃതമായി കടത്തിക്കൊണ്ടുവന്ന വാഹനം, ഇന്ത്യന്‍ എംബസിയില്‍ ഉപയോഗിച്ചിരുന്നതെന്നു വിശ്വസിപ്പിച്ചു 14 ലക്ഷം രൂപയ്‌ക്കു വിറ്റുവെന്നാണു പരാതി. ഡല്‍ഹി ലാജ്‌പത്‌ നഗറില്‍ താമസിക്കുന്ന രോഹിത്‌ ബേദി എന്ന വാഹന ഇടപാടുകാരനെതിരേയാണു കേസ്‌. ഐ.പി.സി. 406, 420 വകുപ്പുകള്‍ പ്രകാരം വിശ്വാസ വഞ്ചനയ്‌ക്കാണു കേസെടുത്തത്‌. കസ്‌റ്റംസിന്റെ കൊച്ചി ഓഫീസ്‌ ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട്‌ നടപടികള്‍ തുടങ്ങിയശേഷം എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റും(ഇ.ഡി.) അന്വേഷണം തുടങ്ങിയിരുന്നു. പിന്നാലെയാണു കേരള പോലീസിന്റെ അന്വേഷണം.

2024 ജൂണ്‍- ജൂലൈ മാസങ്ങളിലാണു സംഭവം. ഇന്ത്യന്‍ എംബസിയില്‍ ഉപയോഗിച്ചിരുന്ന ടൊയോട്ട ലാന്‍ഡ്‌ ക്രൂസര്‍ കാര്‍ വില്‍ക്കാനുണ്ടെന്നും 14 ലക്ഷം രൂപയാണു വിലയെന്നും രോഹിത്‌ ബേദി തന്നെ വിശ്വസിപ്പിച്ചെന്ന്‌ എഫ്‌.ഐ.ആറില്‍ പറയുന്നു. ജൂണ്‍ ഒടുവില്‍ 50,000 രൂപ പണമായി നല്‍കി. ജൂലൈ ആദ്യം 4.5 ലക്ഷം രൂപ അക്കൗണ്ട്‌ മുഖാന്തരം നല്‍കി. തുടര്‍ന്ന്‌ ഡല്‍ഹിയില്‍ വച്ച്‌ അഞ്ചുലക്ഷം രൂപ പണമായും നാലുലക്ഷം രൂപ അക്കൗണ്ട്‌ മുഖേനെയും നല്‍കിയാണു വാഹനം വാങ്ങിയത്‌. ഭൂട്ടാനില്‍നിന്നു നിയമവിരുദ്ധ മാര്‍ഗത്തിലൂടെ ഇറക്കുമതി ചെയ്‌ത്‌ ഹിമാചല്‍ പ്രദേശില്‍ റീ രജിസ്‌റ്റര്‍ ചെയ്‌ത വാഹനം കൈമാറി വിശ്വാസ വഞ്ചനയും ചതിയും നടത്തിയെന്നും എഫ്‌.ഐ.ആറില്‍ പറയുന്നു.

ഭൂട്ടാനില്‍നിന്ന്‌ നിയമവിരുദ്ധമായി അതിര്‍ത്തി കടത്തി ഇന്ത്യയില്‍ റീ രജിസ്‌റ്റര്‍ ചെയ്‌ത ഇരുന്നൂറോളം വാഹനങ്ങള്‍ കേരളത്തിലെത്തിയെന്നാണു കസ്‌റ്റംസ്‌ പ്രിവന്റീവ്‌ വ്യക്‌തമാക്കിയത്‌. ഇതു സ്വന്തമാക്കിയവരില്‍ ചലച്ചിത്ര താരങ്ങളും ബിസിനസ്‌ പ്രമുഖരുമുണ്ട്‌. നടന്മാരായ പൃഥ്വിരാജ്‌ സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, അമിത്‌ ചക്കാലയ്‌ക്കല്‍ തുടങ്ങിയവരുടെ പക്കല്‍ ഇത്തരത്തിലുള്ള വാഹനങ്ങളുണ്ടെന്നു കസ്‌റ്റംസ്‌ സ്‌ഥിരീകരിക്കുകയും ചെയ്‌തു. ദുല്‍ഖറിന്റെയും അമിത്തിന്റെയും ഉടമസ്‌ഥതയിലുള്ള ഏതാനും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. ഇവയടക്കം നാല്‍പ്പതോളം വാഹനങ്ങളാണു കസ്‌റ്റംസ്‌ പിടിച്ചെടുത്തത്‌.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 13 Jan 2026 12.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google