Thursday, March 19, 2026 Last Updated 4 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
ഷാലു മാത്യു
Thursday 08 Jan 2026 11.32 PM

യു.ഡി.എഫില്‍ സീറ്റ് ചര്‍ച്ച ; 10 സീറ്റില്‍ വിട്ടുവീഴ്‌ചയില്ലാതെ ജോസഫ്‌ ഗ്രൂപ്പ്‌, 8-ല്‍ ഒതുക്കാന്‍ കോണ്‍ഗ്രസ്‌, ജോസ് കെ.മാണി എത്തിയാല്‍ സീറ്റ് വിഭജനം വീണ്ടും മാറിമറിയും

കഴിഞ്ഞ തവണ മത്സരിച്ച പത്ത്‌ സീറ്റുകള്‍ ഇത്തവണയും വേണമെന്നാണ്‌ കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്റെ ആവശ്യം. കഴിഞ്ഞ തവണ ലഭിച്ച സീറ്റില്‍ തൊടുപുഴ, കടുത്തുരുത്തി മണ്ഡലങ്ങളില്‍ മാത്രമാണ്‌ കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്‌ വിജയിക്കാനായത്‌.
Kerala

കോട്ടയം: യു.ഡി.എഫില്‍ സീറ്റ്‌ വിഭജന ചര്‍ച്ചകള്‍ക്ക്‌ ഒദ്യോഗിക തുടക്കം കുറിച്ചില്ലെങ്കിലും അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചു. കഴിഞ്ഞ തവണ മത്സരിച്ച പത്ത്‌ സീറ്റുകള്‍ ഇത്തവണയും വേണമെന്നാണ്‌ കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്റെ ആവശ്യം. കഴിഞ്ഞ തവണ ലഭിച്ച സീറ്റില്‍ തൊടുപുഴ, കടുത്തുരുത്തി മണ്ഡലങ്ങളില്‍ മാത്രമാണ്‌ കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്‌ വിജയിക്കാനായത്‌. അതിനാല്‍ ഇത്തവണ എട്ടു സീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന നിലപാടാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിനുള്ളത്‌. കോണ്‍ഗ്രസ്‌ തീരുമാനം ജോസഫ്‌ ഗ്രുപ്പിനെ ഔപചാരികമായി അറിയിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസിലെ മധ്യനിര നേതാക്കള്‍ ഈ നിര്‍ദേശം ജോസഫ്‌ ഗ്രൂപ്പ്‌ നേതാക്കളെ ധരിപ്പിച്ചുവെന്നാണ്‌ അറിയുന്നത്‌.

കോട്ടയം പാര്‍ലമെന്റ്‌ സീറ്റ്‌ ജോസഫ്‌ ഗ്രൂപ്പിന്‌ വിട്ടു നല്‍കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ ജോസഫ്‌ ഗ്രുപ്പ്‌ മത്സരിച്ച രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസ്‌ ഏറ്റെടുക്കുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നുവെന്നാണ്‌ മധ്യനിര നേതാക്കള്‍ പറയുന്നത്‌.ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ തിരികെ പിടിക്കാനാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ആലോചന. എന്നാല്‍ ഇതിനിടെ കേരള കോണ്‍ഗ്രസി(എം)നെ യു.ഡി.എഫില്‍ എത്തിക്കുന്നതിനുള്ള ശ്രമം ഇപ്പോഴും തുടരുന്നതിനാല്‍ ഇതിന്റെ കൂടി തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കും കേരള കോണ്‍ഗ്രസിന്റെ സീറ്റ്‌ വിഭജനം.

കേരള കോണ്‍ഗ്രസ്‌ ജോസ്‌ കെ. മാണി വിഭാഗം യു.ഡി.എഫിന്റെ ഭാഗമായി മത്സരിക്കണമെന്ന അഭിപ്രായമാണ്‌ കേരളത്തിലെ കത്തോലിക്കാ സഭാ നേതൃത്വത്തിനുളളത്‌. കേരള കോണ്‍ഗ്രസിന്റെ അടിസ്‌ഥാന വോട്ട്‌ ബാങ്കായ സഭാ നേതൃത്വത്തിന്റെ നിലപാട്‌ പാര്‍ട്ടി നേതൃത്വത്തിന്‌ തള്ളിക്കളയാനാകില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ നേരിടേണ്ടി വന്ന കനത്ത പരാജയവും പാര്‍ട്ടി നേതൃത്വത്തെ പുനര്‍വിചിന്തനത്തിന്‌ വഴിയൊരുക്കിയിട്ടുണ്ടെന്നാണ്‌ അറിയുന്നത്‌.

മാണി ഗ്രൂപ്പും ജോസഫ്‌ ഗ്രൂപ്പും ഒരുമിച്ച്‌ നിന്നപ്പോള്‍ 15 സീറ്റിലാണ്‌ മത്സരിച്ചത്‌. ജോസ്‌ കെ. മാണി വന്നാല്‍ നേരത്തെ ഒരുമിച്ച്‌ നിന്നപ്പോള്‍ മത്സരിച്ച എല്ലാ സീറ്റുകളും നല്‍കാമെന്നാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം അറിയിച്ചിരിക്കുന്നത്‌. കഴിഞ്ഞ തവണ ഇടതുമുന്നണിയുടെ ഭാഗമായിരുന്നപ്പോള്‍ ജോസ്‌ കെ. മാണി വിഭാഗം മത്സരിച്ചത്‌ 12 സീറ്റുകളാണ്‌. ഇത്രയും സീറ്റുകള്‍ തന്നെ യു.ഡി.എഫിലെത്തിയാലും ജോസ്‌ വിഭാഗം ആവശ്യപ്പെടും. ജോസഫ്‌ വിഭാഗവും സീറ്റില്‍ ഉറച്ചു നിന്നാല്‍ ഇരു കേരള കോണ്‍ഗ്രസിനുമായി 22 സീറ്റ്‌ നല്‍കേണ്ടി വരും. ഇത്‌ കോണ്‍ഗ്രസ്‌ നേതൃത്വം അംഗീകരിക്കില്ല.
നിലവില്‍ ഇരു വിഭാഗവും വിജയിച്ച സീറ്റുകളില്‍ അവരവര്‍ തന്നെ മത്സരിക്കെട്ടെന്നും അതിന്‌ പുറമേയുള്ള സീറ്റുകളില്‍ ഇരു വിഭാഗവും വിട്ടു വീഴ്‌ച ചെയ്യണമെന്നുമാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ നിലപാട്‌. പാലാ സീറ്റില്‍ ജോസ്‌ കെ. മാണി യു.ഡി.എഫ്‌. സീറ്റില്‍ മത്സരിക്കുകയാണെങ്കില്‍ സിറ്റിംഗ്‌ എം.എല്‍.എ. ആയ മാണി സി.കാപ്പന്‌ മലബാറില്‍ സുരക്ഷിത സീറ്റ്‌ നല്‍കുന്നതടക്കമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ്‌ അറിയുന്നത്‌.

ഷാലു മാത്യു

Ads by Google
ഷാലു മാത്യു
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google