Thursday, March 19, 2026 Last Updated 14 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
ജെബി പോള്‍
Thursday 08 Jan 2026 11.32 PM

എസ്‌. ശശിധരന് ശബരിമല സ്വര്‍ണക്കടത്ത്‌ അന്വേഷണ തിരക്ക്; വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ്‌ കേസില്‍ കൂടുതല്‍ സമയം അനുവദിച്ച് കോടതി

അന്വേഷണ ഉദ്യോഗസ്‌ഥരെ മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യം കഴിഞ്ഞ സെപ്‌റ്റംബറില്‍ കോടതി തള്ളിയിരുന്നു. 2016-ല്‍ വി.എസ്‌. അച്യുതാനന്ദന്റെ പരാതിയിലാണു വെള്ളാപ്പള്ളി നടേശനെയടക്കം പ്രതിചേര്‍ത്തു വിജിലന്‍സ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌.
uploads/news/2026/01/819749/S.-Sasidharan.jpg

കൊച്ചി; വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ്‌ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണസംഘത്തിനു ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. ഈ മാസം 13 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്‌.

അടുത്തമാസം 19 വരെയാണു സമയം നീട്ടിക്കൊടുത്തത്‌. അന്വേഷണ ഉദ്യോഗസ്‌ഥനായ എസ്‌. ശശിധരന്‍ ശബരിമല സ്വര്‍ണക്കടത്ത്‌ കേസ്‌ അന്വേഷിക്കുന്ന സാഹചര്യത്തിലാണു മൈക്രോഫിനാന്‍സ്‌ കേസന്വേഷണത്തിനു ഹൈക്കോടതി കൂടുതല്‍ സമയം നല്‍കിയത്‌.
അന്വേഷണ ഉദ്യോഗസ്‌ഥരെ മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യം കഴിഞ്ഞ സെപ്‌റ്റംബറില്‍ കോടതി തള്ളിയിരുന്നു. എസ്‌. ശശിധരനെ അന്വേഷണ ചുമതലയില്‍നിന്നു മാറ്റിയതാണു കോടതിയെ ചൊടിപ്പിച്ചത്‌.

വിജിലന്‍സ്‌ എസ്‌.പി. സ്‌ഥാനത്തുനിന്ന്‌ എസ്‌. ശശിധരനെ നീക്കിയെങ്കിലും മൈക്രോഫിനാന്‍സ്‌ തട്ടിപ്പ്‌ കേസ്‌ അദ്ദേഹം തന്നെ അന്വേഷിക്കട്ടെ എന്നായിരുന്നു കോടതി നിലപാട്‌. ഇത്‌ ചോദ്യം ചെയ്‌തു സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല.

എസ്‌. ശശിധരനെ നീക്കി കെ. കാര്‍ത്തിക്കിന്‌ ചുമതല നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അന്വേഷണം അവസാനഘട്ടത്തില്‍ ആയതിനാല്‍, നിലവില്‍ ഉദ്യോഗസ്‌ഥനെ മാറ്റുന്നതു ശരിയല്ലെന്നു കോടതി നിലപാടെടുത്തു. മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു ജസ്‌റ്റീസ്‌ എ. ബദറുദ്ദിന്റെ നിര്‍ദേശം.

മൈക്രോ ഫിനാന്‍സ്‌ തട്ടിപ്പില്‍ വിജിലന്‍സ്‌ കേസ്‌ അന്വേഷണം നീണ്ടുപോകുന്നുവെന്നു ചൂണ്ടിക്കാണിച്ചു 2020- ല്‍ എം.എസ്‌. അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്‌.
2016-ല്‍ വി.എസ്‌. അച്യുതാനന്ദന്റെ പരാതിയിലാണു വെള്ളാപ്പള്ളി നടേശനെയടക്കം പ്രതിചേര്‍ത്തു വിജിലന്‍സ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും കുറഞ്ഞ പലിശയ്‌ക്കു വായ്‌പ എടുത്തശേഷം കൂടിയ പലിശയ്‌ക്ക് എസ്‌.എന്‍.ഡി.പി. സംഘങ്ങള്‍ക്കു മറിച്ചു നല്‍കിയെന്നാണു കേസ്‌.

ജെബി പോള്‍

Ads by Google
ജെബി പോള്‍
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google