തെന്നിന്ത്യന്‍, ഹിന്ദി സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സെറീന വഹാബ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന താരം ഹിന്ദി സിനിമകളെയും തെന്നിന്ത്യന്‍ സിനിമകളെയും കുറിച്ചുളള അഭിപ്രായം വ്യക്തമാക്കി.
പ്രഭാസ് നായകനാകുന്ന ദി രാജാസാബ് എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് സെറീന സമകാലിക ഹിന്ദി സിനിമയെക്കുറിച്ചുളള തന്റെ കാഴ്ചപ്പാട് പങ്കുവെച്ചത്. ബോളിവുഡില്‍ കുടുംബ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുളള സിനിമകള്‍ നിര്‍മ്മിക്കുന്നില്ല എന്ന് താന്‍ വിശ്വസിക്കുന്നതായി താരം പങ്കുവെച്ചു.
' മുംബൈയിലുളളവര്‍ എന്തിനാണ് തെലുങ്ക് സിനിമകളില്‍ അഭിനയിക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്. ഹിന്ദി സിനിമകളില്‍ കുടുംബ ബന്ധങ്ങളില്ല. തെന്നിന്ത്യന്‍ സിനിമകളിലാണ് ഇപ്പോള്‍ കുടുംബം ജീവനോടെയുളളത്. അവര്‍ ആളുകള്‍ കാണാന്‍ താത്പര്യപ്പെടുന്ന കുടുംബ- ബന്ധങ്ങളെ അടിസ്ഥാനമാക്കിയുളള സിനിമകള്‍ നിര്‍മ്മിക്കുന്നു' സറീന അഭിപ്രായപ്പെട്ടു. എന്നാല്‍ ബോളിവുഡിനോട് തനിക്ക് ഒരു നീരസവുമില്ലെന്നും സറീന വ്യക്തമാക്കി.
തെലുങ്ക് വ്യവസായത്തോടും ഹിന്ദി വ്യവസായത്തോടും താന്‍ വളരെ നന്ദിയുളളവളാണെന്ന് അവര്‍ പറഞ്ഞു. നടന്‍ ആദിത്യ പഞ്ചോളിയെയാണ് സറീന വഹാബ് വിവാഹം കഴിച്ചത്. അഭിനേതാക്കളായ സൂരജ് പഞ്ചോളിയും സന പഞ്ചോളിയും മക്കളാണ്.