Sunday, March 15, 2026 Last Updated 9 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Friday 02 Jan 2026 10.29 AM

എന്നെ ഏറെ സ്വാധീനിച്ച നേതാവ്, ഇന്നത്തെ തലമുറയ്ക്ക് മാതൃകയാക്കാവുന്ന ഒരു വ്യക്തിത്വം; അണ്ണാമലൈയെ പ്രശംസിച്ച്‌ ഉണ്ണി മുകുന്ദന്‍

unni-mukundan
photo-www.instagram.com/iamunnimukundan/

ബിജെപി നേതാവും തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷനുമായ കെ. അണ്ണാമലൈയെ സന്ദര്‍ശിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. കൂടിക്കാഴ്ചയെക്കുറിച്ചുളള അനുഭവക്കുറിപ്പ് താരം ചിത്രത്തോടൊപ്പം പങ്കുവെച്ചു. . രാഷ്ട്രീയ വേഷപ്പകര്‍ച്ചകള്‍ക്കപ്പുറം തങ്ങള്‍ക്കിടയിലുളള ആഴത്തിലുളള സൗഹൃദത്തെക്കുറിച്ചും അണ്ണാമലൈ എന്ന വ്യക്തി തനിക്ക് നല്‍കുന്ന പ്രചോദനത്തെക്കുറിച്ചും ഉണ്ണി മുകുന്ദന്‍ കുറിപ്പില്‍ പറയുന്നു. ആഡംബരങ്ങളില്ലാത്ത, സ്‌നേഹം നിറഞ്ഞ ആ വീടിന്റെ അകത്തളങ്ങളില്‍ നടന്ന സൗഹൃദ സംഭാഷണങ്ങളെയും അണ്ണാമലൈയുടെ കുടുംബം സ്‌നേഹത്തോടെ നല്‍കിയ സല്‍ക്കാരത്തെക്കുറിച്ചും താരം പറയുന്നുണ്ട്.

‘2026 ന്റെ പ്രഭാതത്തില്‍ എന്നെയും എന്നെപ്പോലെ ഒരുപാട് പേരെയും സ്വാധീനിച്ചിട്ടുളള ഒരാളോടൊപ്പം ഉച്ചഭക്ഷണം പങ്കിടാന്‍ എനിക്ക് അവസരം ലഭിച്ചു. മുതിര്‍ന്ന ബിജെപി നേതാവും തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷനുമായ കെ. അണ്ണാമലൈ. അദ്ദേഹം എന്റെ പ്രിയ സുഹൃത്താണ്, അതുപോലെ തന്നെ ഇന്നത്തെ തലമുറയ്ക്ക് മാതൃകയാക്കാവുന്ന ഒരു വ്യക്തിയും.

ലളിതമായൊരു ഭക്ഷണത്തില്‍ തുടങ്ങിയ ഞങ്ങളുടെ ആ സംസാരം പിന്നീട് ജീവിതത്തെയും രാഷ്ട്രീയത്തെയും സിനിമയെയും കായികവിനോദങ്ങളെയും കുറിച്ചുളള ഹൃദയം തൊടുന്ന സംഭാഷണമായി മാറി. ഇത്രയധികം കഠാനാധ്വാനവും അച്ചടക്കവും നിറഞ്ഞ ജീവിതം നയിച്ചിട്ടും അദ്ദേഹം കാണിക്കുന്ന ആ ലാളിത്യം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് തന്റെ ഉറച്ച വിശ്വാസത്തിന്റെ കരുത്തില്‍ രാഷ്ട്രീയത്തിന്റെ വലിയ ലോകത്തേക്ക് ഇറങ്ങിവന്ന അദ്ദേഹത്തിന്റെ യാത്ര എത്രത്തോളം പ്രചോദനമാണെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ബിയോണ്ട് ഖാക്കി എന്ന പുസ്തകം വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്, ലക്ഷ്യബോധമാണ് നമ്മുടെ ജീവിതത്തിന് അര്‍ഥമുണ്ടാക്കുന്നത് എന്നാണ്.

അണ്ണാമലൈയ്ക്കും കുടുംബത്തിനും അവരുടെ സ്‌നേഹത്തിനും ആ സ്വാദിഷ്ടമായ തനത് ഭക്ഷണത്തിനും ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു.കുറെക്കാലമായി പ്ലാന്‍ ചെയ്ത ഈ കൂടിക്കാഴ്ചയ്ക്ക് എന്തുകൊണ്ടും അനുയോജ്യമായ ദിവസം ഈ പുതുവര്‍ഷപ്പുലരി തന്നെയായിരുന്നു. പ്രിയ സുഹൃത്തേ, ആ നല്ല നിമിഷങ്ങള്‍ക്കും സ്‌നേഹത്തിനും നന്ദി. എല്ലാ നന്മകളും നേരുന്നു. ഒപ്പം, നമുക്ക് കളിക്കാനുളള ആ ക്രിക്കറ്റ് മാച്ചിനായി ഞാന്‍ കാത്തിരിക്കുന്നു. എനിക്ക് പ്രചോദനമായ ഒരു മനുഷ്യനെ കാണാന്‍ സാധിച്ചു. അതിലുപരി അദ്ദേഹം ഇപ്പോള്‍ എന്റെ പ്രിയ സുഹൃത്തായി മാറിയിരിക്കുന്നു’ ഉണ്ണി മുകുന്ദന്‍ കുറിച്ചു.

ഉണ്ണി മുകുന്ദന് മറുപടിയുമായി അണ്ണാമലൈയുമെത്തി. ‘പ്രിയ സഹോദരന്‍ ഉണ്ണി മുകുന്ദന്‍, ഇന്ന് താങ്കള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. താങ്കളോടൊപ്പം ചെലവഴിച്ച സമയം ശരിക്കും വിലമതിക്കുന്നു.

താങ്കളുടെ സിനിമായാത്രയില്‍ തുടര്‍ന്നും വിജയങ്ങളും വലിയ നാഴികക്കല്ലുകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. പിന്നെ, നമ്മള്‍ സംസാരിച്ച ആ ക്രിക്കറ്റ് മത്സരം തീര്‍ച്ചയായും നടക്കും നമ്മള്‍ കരുതുന്നതിലും വേഗത്തില്‍ ’അണ്ണാമലൈ പറഞ്ഞു.

Ads by Google
Friday 02 Jan 2026 10.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google