Sunday, March 15, 2026 Last Updated 7 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 04.41 PM

കാലിടറാതിരിക്കാന്‍ ലിസ്സിയുടെ കൈ മുറുകെ പിടിച്ച് പ്രിയദര്‍ശന്‍; രണ്ടുപേരെയും സ്നേഹാലിംഗനം ചെയ്ത് സിബി മലയില്‍; ഈ റീയൂണിയന്‍ ഏറ്റെടുത്ത് ആരാധകര്‍

മലയാളികളെ ഏറെ അമ്പരപ്പിച്ച ഒരു വിവാഹമോചനമായിരുന്നു ലിസിയുടെയും പ്രിയദർശന്റെയും. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം ഇവർ രണ്ടാളും ഒരുമിച്ചെത്തിയ ഒരു ചടങ്ങിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.
Lissy, priyadarshan
Lissy and Priyadarshan (Image Source: Instagram)

മലയാളസിനിമയില്‍ പ്രണയവും വിവാഹവും വിവാഹമോചനവുമൊന്നും പുതുമ നിറഞ്ഞ കാര്യമല്ല. എന്നാല്‍ 2016 ല്‍ മലയാള സിനിമാപ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ച ഒരു വിവാഹമോചനമായിരുന്നു സംവിധായകന്‍ പ്രിയദര്‍ശന്റെയും നടിയും ഭാര്യയുമായ ലിസി ലക്ഷ്മിയുടേതും. ഈ വിവാഹമോചനം ആവിശ്യപെട്ടത് ലിസിയായിരുന്നെങ്കിലും ആ ബന്ധം അവസാനിക്കാന്‍ പ്രിയദര്‍ശന്‍ ആഗ്രഹിച്ചിരുന്നില്ല. ലിസി തിരിച്ചു വരും എന്നാണ് പ്രതീക്ഷയെന്ന് അന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.
ലിസി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നില്ലെങ്കില്‍ താനില്ല എന്ന അവസ്ഥയിലായിരുന്നു പ്രിയന്‍. തുടരെ ചെയ്ത സിനിമകളുടെ പരാജയവും, ലിസിയുമായുള്ള വേര്‍പിരിയലും പ്രിയനെ ഏറെ വേദനിപ്പിച്ചിരുന്നു. ലിസിയല്ലാതെ തന്റെ ജീവിതത്തില്‍ മറ്റൊരു പെണ്ണില്ല എന്ന് പ്രിയന്‍ പിന്നീടുള്ള അഭിമുഖങ്ങളില്‍ പറഞ്ഞതും വൈറലായി. തകര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ പ്രിയന് മോഹന്‍ലാല്‍ കൈ കൊടുത്തു, ഒപ്പം എന്ന സിനിമ സംഭവിച്ചു. ആ വേദനയില്‍ വലിയൊരു ആശ്വാസമായിരുന്നു ഒപ്പത്തിന്റെ വിജയം. അതെല്ലാം കഴിഞ്ഞ് ഔദ്യോഗികമായി ഇരുവരും ബന്ധം വേര്‍പെടുത്തി. പക്ഷേ പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും ഇന്നും തുടരുന്നു.
ഇപ്പോഴിതാ ഇവര്‍ തമ്മിലുള്ള ബഹുമാനത്തിന്റെ ആഴം മനസ്സിലാക്കിത്തരുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുക്കുന്നത്. സംവിധായകന്‍ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ലിസിയും പ്രിയദര്‍ശനും ഒരുമിച്ചാണ് എത്തിയത്.
വേദിയില്‍ സിബി മലയില്‍ ഇരുവരെയും ചേര്‍ത്തു പിടിച്ചു. നിറഞ്ഞ ചിരിയോടെ അവര്‍ ആ കെട്ടിപ്പിടിക്കലിന് നിന്നു കൊടുത്തു. വധു വരന്മാരെ അനുഗ്രഹിച്ച്‌ ആശംസകള്‍ നേർന്ന് വേദിയില്‍ നിന്നിറങ്ങി വരുന്ന ലിസിക്ക് പടികള്‍ ഇറങ്ങാനായി പ്രിയദര്‍ശന്‍ കൈ നല്‍കി. ലിസി കാലിടറി വീഴാതിരിക്കാൻ പ്രിയദർശൻ ലിസിയുടെ കൈകളില്‍ മുറുകെ പിടിച്ചിരുന്നു. ഇരുവരും കുശലം ചോദിച്ചും തമാശകള്‍ പറഞ്ഞ് ചിരിച്ചുമാണ് നടന്ന് വരുന്നത്.
സ്റ്റെപ്പ് ഇറങ്ങി വരുന്ന ഇരുവരുടെയും വീഡിയോ വളരെ പെട്ടെന്ന് വൈറലായി. നിരവധി പ്രേക്ഷകരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. വിവാഹമോചനശേഷം പരസ്പരം കുറ്റപ്പെടുത്തുന്ന ദമ്പതിമാർക്കിടയില്‍ പ്രിയനും ലിസിയും മാതൃകയാണെന്ന് ചിലർ കുറിച്ചു. ‘വീണ്ടും ഒരുമിച്ചുകൂടെ, വേർപിരിഞ്ഞു... പക്ഷെ ശത്രുതയില്ല... രണ്ടുപേരോടും ബഹുമാനം തോന്നുന്നു, ഇരുവരും വീണ്ടും ഒന്നിച്ച്‌ ജീവിച്ച്‌ തുടങ്ങിയോ...’ എന്നതടക്കമാണ് കമന്റുകള്‍.
അവസാനമായി ലിസിയും പ്രിയദർശനും ഒരുമിച്ച്‌ ഒരു ഫ്രെയിമില്‍ പ്രത്യക്ഷപ്പെട്ടത് മകൻ സിദ്ധാർത്ഥിന്റെ വിവാഹ ചടങ്ങ് നടന്ന സമയത്തായിരുന്നു. വേർപിരിഞ്ഞുവെങ്കിലും ലിസിയും പ്രിയദർശനും തമ്മില്‍ ശത്രുതയില്‍ അല്ലെന്നും അവർക്കിടയില്‍ സൗഹൃദവും ബോണ്ടും നിലനില്‍ക്കുന്നുണ്ടെന്നും മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലും പറഞ്ഞിട്ടുണ്ട്. പുതിയ വീഡിയോയെക്കുറിച്ചു പ്രിയദർശനോ ലിസിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയ ഈ ‘റീയൂണിയൻ’ വലിയ ആഘോഷമാക്കുന്നുണ്ട്.

ഒരുമിച്ച്‌ ഒരുപാട് സിനിമകള്‍ ചെയ്യുന്നതിടെയാണ് ലിസിയും പ്രിയനും പ്രണയത്തിലായത്. ലിസിയുടെ ഏറ്റവും നല്ല സിനിമകളും കഥാപാത്രങ്ങളും പിറന്നിട്ടുള്ളത് പ്രിയദർശന്റെ സംവിധാനത്തിലാണ്. 1990 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷം ലിസി അഭിനയം നിര്‍ത്തി. മകള്‍ കല്യാണിയുടെ ജനനത്തിന് ശേഷമാണ് തനിക്ക് ലിസിയോട് അഗാധമായ പ്രണയം തോന്നിയത് എന്ന് പ്രിയന്‍ പറഞ്ഞിട്ടുണ്ട്. ‘‘22 വര്‍ഷക്കാലം ഞങ്ങള്‍ പ്രണയിച്ചു, നല്ലൊരു സൗഹൃദവും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ആ സൗഹൃദം നഷ്ടപ്പെട്ടപ്പോഴാണ് പ്രശ്‌നമുണ്ടായത്. ഞങ്ങളുടെ രണ്ട് പേരുടെയും ഈഗോ ആണ് വേര്‍പിരിയലിന് കാരണം. മക്കള്‍ക്കൊപ്പം ഞങ്ങള്‍ നാല് പേരും ഒന്നിച്ചുള്ള ഒരു വീടാണ് എന്റെ സ്വപ്‌നം...’’ എന്ന് പ്രിയദര്‍ശന്‍ അന്നൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇരുപത്തിനാല് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 2016ല്‍ ആണ് ഇരുവരും വേർപിരിഞ്ഞത്. അന്ന് അത് സിനിമാ ലോകത്തിനും ആരാധകർക്കും എല്ലാം ഞെട്ടല്‍ നല്‍കിയൊരു വാർത്തയായിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് ലിസിയാണ് ആദ്യം ചെന്നൈ കുടുംബ കോടതിയില്‍ ഹർജി നല്‍കിയത്. പ്രിയദർശനെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു അന്ന് ലിസി ഉന്നയിച്ചത്.
വിവാഹമോചനശേഷം ചെന്നൈയില്‍ ഒറ്റയ്ക്കാണ് ലിസിയുടെ താമസം. മക്കള്‍ രണ്ടുപേരും അച്ഛനമ്മമാർക്കൊപ്പം മാറി മാറി സമയം ചിലവഴിക്കും. അഭിനയത്തില്‍ സജീവമല്ലെങ്കിലും സിനിമാ ഫങ്ഷനുകളിലും സിനിമയുടെ പിന്നണി പ്രവർത്തനങ്ങളിലും ലിസി സജീവമാണ്.
‘മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ജോഡികള്‍ തിരിച്ചുവരുന്നു...’ എന്ന നിലയിലാണ് സോഷ്യല്‍ മീഡിയ ഈ വീഡിയോ ഏറ്റെടുക്കുന്നത്. ഇരുവരും പിണക്കങ്ങളെല്ലാം മറന്ന് വീണ്ടും ഒന്നിക്കണമെന്നാണ് ഭൂരിഭാഗം ആരാധകരുടെയും ആഗ്രഹം. വിവാഹമോചനത്തിന് ശേഷം ലിസി തന്റെ ബിസിനസ് കാര്യങ്ങളിലും പ്രിയദർശൻ സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. എങ്കിലും മക്കളുടെ വിശേഷദിവസങ്ങളില്‍ ഇരുവരും ഒത്തുചേരാറുണ്ടായിരുന്നു.

Ads by Google
Tuesday 30 Dec 2025 04.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google