യുവനടന്‍ അഖില്‍ വിശ്വനാഥിന്റെ വിയോഗത്തില്‍ വേദന പങ്കുവച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സനല്‍ കുമാര്‍ ശശിധരന്റെ ' ചോല' എന്ന ചിത്രത്തിലെ കാമുകന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ്.
' അഖിൽ ആത്മഹത്യചെയ്തു എന്ന വാർത്ത ഹൃദയം തകർക്കുന്നു. ഇല്ലായ്മകളുടെ പടുകുഴിയിൽ നിന്ന് സിനിമയിലേക്ക് വന്നതാണയാൾ. ചോല എന്ന ഒരൊറ്റ സിനിമ മാത്രം മതിയായിരുന്നു അയാൾക്ക് മലയാള സിനിമയിൽ അഭിനേതാവ് എന്ന നിലയിൽ ചുവടുറപ്പിക്കാൻ. അതുണ്ടായില്ല. ആ സിനിമയെ ഒതുക്കിയതോടെ ആ ചെറുപ്പക്കാരൻ ഉൾപ്പെടെ ആ സിനിമയിലൂടെ പ്രതിഭ തെളിയിച്ച നിരവധിപേരുടെ ഭാവിപ്രതീക്ഷകൾ ഇരുട്ടിലായി. അഖിൽ ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാൻ എനിക്കു കഴിയുന്നില്ല. അയാൾ അടുത്തിടെ തൂടങ്ങാനിരിക്കുന്ന ഒ.ടി.ടി എന്നൊരു സിനിമയിൽ അഭിനയിക്കാൻ തയാറെടുക്കുകയായിരുന്നു എന്നറിയുന്നു.
സങ്കടം തോന്നുന്നു അഖിൽ. എന്തായിരുന്നു അകാലത്തിലുള്ള ഈ മരണത്തിന്റെ കാരണമെന്ന് എനിക്കറിയില്ല. പക്ഷേ നിന്റെ ചോരയിൽ നിന്റെയുൾപ്പെടെയുള്ള മനുഷ്യരുടെ ഭാവി ഇരുട്ടിലാക്കിയവർക്ക് പങ്കുണ്ട്. നിന്റ ആത്മാവിന് ശാന്തി ലഭിക്കട്ടെ. സ്നേഹം നിറഞ്ഞ നിന്റെ പുഞ്ചിരി വീണ്ടുമെന്നെ തൊടാൻ ഇടയാവട്ടെ ', എന്നാണ് സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ചലച്ചിത്ര പ്രവര്‍ത്തകനായ മനോജ്കുമാറാണ് ഫേസ്ബുക്കിലൂടെ അഖിലിന്റെ മരണവാര്‍ത്ത അറിയിച്ചത്. യുവനടന്‍ വീട്ടില്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.