നടന്‍ ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് തേരേ ഇഷ്ഖ് മേം. ആനന്ദ് എല്‍ റായ് ആണ് സംവിധാനം. കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായിക. രാഞ്ജന, അത്രേംഗി റേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും ആനന്ദ് എല്‍ റായ്യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷണല്‍ പരിപാടികള്‍ക്കിടയില്‍ ധനുഷ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
"ആനന്ദ് എന്നെ ഇത്തരം കഥാപാത്രങ്ങൾക്കാണ് വിളിക്കുന്നത്. എന്നെ എന്തിനാണ് ഇത്തരം വേഷങ്ങൾക്കായി വിളിക്കുന്നതെന്ന് ഞാൻ സംവിധായകനോട് ചോദിച്ചു. അപ്പോൾ അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി, അപ്പോൾ കൃതിയാണോ ആനന്ദാണോ എന്നെനിക്ക് കൃത്യമായി ഓർമയില്ല, പ്രണയ പരാജയമുള്ള ഒരാളുടെ മുഖമാണ് നിങ്ങൾക്കെന്ന് എന്നോട് പറഞ്ഞു.
അന്ന് വീട്ടിലെത്തിയപ്പോൾ കണ്ണാടിയിൽ പോയി എന്റെ മുഖം നോക്കി. ശരിക്കും അങ്ങനെയാണോ എന്നറിയാൻ. ഇതൊരു അഭിനന്ദനമായി ഞാൻ കാണുന്നു".- ധനുഷ് പറഞ്ഞു. 'നിങ്ങൾക്ക് ശരിക്കും ഹൃദയം തകർന്ന ഒരാളുടെ മുഖമാണെ'ന്ന് കൃതി തമാശരൂപേണ ധനുഷിനോട് പറഞ്ഞു. തന്റെ കഥാപാത്രത്തെക്കുറിച്ചും ധനുഷ് പറഞ്ഞു.
സത്യസന്ധമായി പറയുകയാണെങ്കില്‍ അത് വളരെയധികം വെല്ലുവിളി നിറഞ്ഞ വേഷമായിരുന്നു രാഞ്ജനയിലെ ആയാലും ഇത് ആയാലും.- ധനുഷ് പറഞ്ഞു. രാഞ്ജനയിലെ കുന്ദനെ ചിലപ്പോള്‍ ഇഷ്ടപ്പെടാന്‍ കുറച്ച് പാടായിരിക്കും. പക്ഷേ ശങ്കറിനെ പെട്ടന്ന് ഇഷ്ടപ്പെടും.
പക്ഷേ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ചാലഞ്ചുകളുണ്ടെന്നും അതേക്കുറിച്ച് തനിക്കിപ്പോള്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും ധനുഷ് പറഞ്ഞു.