Friday, March 20, 2026 Last Updated 3 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 08 Nov 2025 08.11 AM

ദേവസ്വം ബോര്‍ഡ് തലപ്പത്തേക്ക് കെ. ജയകുമാര്‍ ; സി.പി.എം. സെക്രട്ടേറിയറ്റില്‍ വന്നത് അഞ്ചു പേരുകള്‍

uploads/news/2025/11/809695/jayakumar.jpg

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പരിഗണനയില്‍. അന്തിമ തീരുമാനം ഇന്നുണ്ടാകും. ശബരിമല സ്വര്‍ണപ്പാളി വിവാദം കത്തി നില്‍ക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തു തല്‍ക്കാലം രാഷ്ട്രീയനേതാക്കള്‍ വേണ്ടെന്നാണു സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട്.

ഇന്നലെ ചേര്‍ന്ന സംസ്ഥാന സി.പി.എം. സെക്രട്ടേറിയറ്റില്‍ അഞ്ചു പേരുകളാണ് ഉയര്‍ന്നുവന്നത്. പി.എസ്. പ്രശാന്തിന് പകരം മുന്‍ എം.പി: എ. സമ്പത്ത്, ടി.കെ. ദേവകുമാര്‍ തുടങ്ങിയവരുടെ പേരുകള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പരിഗണിച്ചു.

എന്നാല്‍ സ്വര്‍ണപ്പാളി വിവാദം കത്തി നില്‍ക്കെ രാഷ്ട്രീയ നേതൃത്വത്തിലുള്ളവര്‍ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് തല്‍ക്കാലം വരേണ്ടതില്ലെന്ന നിലപാട് സെക്രട്ടറിയേറ്റ് യോഗം സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് മുന്‍ ചീഫ് സെക്രട്ടറിയും ബഹുമുഖ പ്രതിഭയുമായ കെ. ജയകുമാറിന്റെ പേര് ഉയര്‍ന്നുവന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണു ജയകുമാറിനെ പരിഗണിച്ചതെന്നും സൂചന.

സ്വര്‍ണപ്പാളി വിവാദത്തില്‍ സര്‍ക്കാര്‍ വലിയ പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴാണ് കൂടുതല്‍ സ്വീകാര്യനായ മുന്‍ ചീഫ് സെക്രട്ടറിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. ശബരിമലയുമായും ദേവസ്വം ബോര്‍ഡുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ചരിത്രവും കെ. ജയകുമാറിനുണ്ട്. ദീര്‍ഘകാലം ശബരിമല ഹൈ പവര്‍ കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. രണ്ടു തവണ സ്‌പെഷല്‍ കമ്മിഷണര്‍ പദവി വഹിച്ചു. ശബരിമല മാസ്റ്റര്‍ പ്‌ളാന്‍ കമ്മിറ്റിയുടെ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം ശബരിമല പ്രധാന രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടു വരാനുള്ള സാധ്യത സി.പി.എം. കാണുന്നുണ്ട്. ഇതിനെ മറികടക്കാന്‍ കെ ജയകുമാറിന്റെ നിയമനം വഴി സാധ്യമാകുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.

ഈ മാസം 17-നാണ് ശബരിമല മണ്ഡലകാലം തുടങ്ങുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടായാല്‍, അടിയന്തരസാഹചര്യം കമ്മിഷനെ ബോധ്യപ്പെടുത്തി ബോര്‍ഡ് തെരഞ്ഞെടുപ്പിനുള്ള അനുമതി വാങ്ങിയെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. പ്രസിഡന്റിന്റെ കാര്യത്തില്‍
സി.പി.എം. തീരുമാനമെടുത്താല്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.

അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് കെ. ജയകുമാര്‍ വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ അത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടാല്‍ അത് സന്തോഷത്തോടെയും ഉത്തരവാദിത്വബോധത്തോടെയും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ജോലി ചെയ്ത് പരിചയമുള്ള സ്ഥലമാണ് ശബരിമല. അതുകൊണ്ട് ആശങ്കകളില്ല. അവസരം ലഭിച്ചാല്‍ എല്ലാം ഭംഗിയായി ചെയ്യാം എന്ന വിശ്വാസമുണ്ട്. ശബരിമലയില്‍ വന്നുപോകുന്ന തീര്‍ത്ഥാടകര്‍ സന്തോഷമായി സ്വാമിയെ ദര്‍ശിച്ച് പോകണം. മറ്റെന്തൊക്കെ ഉണ്ടായാലും തീര്‍ത്ഥാടകന്‍ സന്തോഷവാനല്ലാതെ പോയാല്‍ പിന്നെ അതില്‍ എന്തര്‍ത്ഥമാണുള്ളത്.' ജയകുമാര്‍ പറഞ്ഞു.

Ads by Google
Saturday 08 Nov 2025 08.11 AM
YOU MAY BE INTERESTED
Ads by Google
Ads by Google