Friday, March 20, 2026 Last Updated 57 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Friday 07 Nov 2025 02.03 PM

ഏറ്റവും മികച്ച ചികിത്സ നല്‍കിയിട്ടുണ്ട് ; ആരോപണത്തില്‍ വിശദീകരണവുമായി കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍

uploads/news/2025/11/809627/venu.jpg

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍. കൊടുക്കാവുന്നതില്‍ മികച്ച ചികിത്സ വേണുവിന് നല്‍കിയിട്ടുണ്ട്. പ്രോട്ടോകോള്‍ അനുസരിച്ചുള്ള എല്ലാ ചികിത്സയും നല്‍കി.

മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികളില്‍ കൂടുതലും ഗുരുതരാവസ്ഥയിലുള്ളവരാണ്. എല്ലാ രോഗികളും ഒരുപോലെയാണെന്നും കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐയ്പ് പറഞ്ഞു. നെഞ്ച് വേദനയോടെയാണ് ഒന്നാം തീയതി വേണു എത്തിയത്.

വേദന തുടങ്ങി 24 മണിക്കൂറിന് ശേഷമാണ് എത്തിയത്. 24 മണിക്കൂറിനകം എത്തിയാലേ ആന്‍ജിയോഗ്രാം ചെയ്യാന്‍ കഴിയൂ. രോഗി എത്തിയ സമയത്ത് ക്രിയാറ്റിന്റെ ലെവല്‍ കൂടുതലായിരുന്നു. ഷുഗര്‍, പ്രഷര്‍ അടക്കമുള്ള രോഗങ്ങളും ഉണ്ടായിരുന്നു.

ആന്‍ജിയോഗ്രാം ഗുണത്തേക്കാള്‍ ദോഷം ഉണ്ടാക്കുന്ന പ്രൊസീജിയര്‍ ആണ്. ഇത് കണക്കിലെടുത്താണ് ആന്‍ജിയോഗ്രാം ചെയ്യാതിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചാം തീയതി വേണുവിന് ഹൃദയാഘാതം ഉണ്ടായി. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കട്ടില്‍ ഒഴിയുന്നതനുസരിച്ച് എല്ലാവര്‍ക്കും കട്ടില്‍ കൊടുക്കാറുണ്ട്. അറ്റാക്ക് വന്ന രോഗികളെ മുഴുവനായി ഭേദമാക്കാന്‍ സാധിക്കില്ല. വീഴ്ച ഉണ്ടായിട്ടില്ലെന്നും കൃത്യമായി ചികിത്സ നല്‍കിയെന്നും അധികൃതര്‍ വിശദീകരിച്ചു.

വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി. വീഴ്ച പറ്റിയതായി കണ്ടെത്തിയിട്ടില്ല. ഡിഎംഇയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുമെന്നും ഡോ. മാത്യു ഐയ്പ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി 8.15 ഓടെയാണ് കൊല്ലം പന്മന സ്വദേശിയായ വേണു(48) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ വേണുവിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനും പരാതി നല്‍കി. ആശുപത്രി അധികൃതരില്‍ നിന്ന് നേരിട്ടത് കടുത്ത അവഗണനയാണെന്നും ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് സിന്ധു നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

Ads by Google
Friday 07 Nov 2025 02.03 PM
YOU MAY BE INTERESTED
Ads by Google
Ads by Google