തിരുവനന്തപുരം: മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച തൃശ്ശൂര്‍ തളിക്കുളത്തെ അനീഷ അഷ്‌റഫിന് പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാം. അനീഷ അഷ്‌റഫിന് പ്രത്യേക അനുമതി നല്‍കി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രത്യേക കേസായി പരിഗണിച്ചാണ് ഈ അനുമതി നല്‍കിയതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. 2023-ല്‍ അനീഷ അഷ്‌റഫിന് ഏഴാം ക്ലാസ്സ് തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാന്‍ സാക്ഷരതാമിഷന്‍ പ്രത്യേക അനുമതി നല്‍കിരുന്നു. പരിക്ഷയില്‍ അവര്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു.
പേശികള്‍ ക്രമേണ നശിക്കുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ്വ ജനിതക രോഗം ബാധിച്ച വ്യക്തിയാണ് 32 വയസ്സുള്ള അനീഷ അഷ്‌റഫ്. എട്ടാം വയസ്സില്‍ രോഗം പിടിപെടുകയും 11 വയസ്സായപ്പോഴേക്കും നടക്കാന്‍ കഴിയാതെ പഠനം ഉപേക്ഷിക്കുകയും ചെയ്യേണ്ടി വന്നു. നിലവില്‍ കസേരയില്‍ ഇരിക്കാന്‍ പോലും പ്രയാസമുള്ള അവസ്ഥയിലാണ്.