തിരുവനന്തപുരം: ആന്‍ജിയോഗ്രാമിനായി എത്തിയ രോഗി തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ ദുരനുഭവം പറഞ്ഞ് കൂട്ടുകാരന് ശബ്ദസന്ദേശം അയച്ചതിന് പിന്നാലെ മരണമടഞ്ഞു. ആരും തിരിഞ്ഞുനോക്കിയില്ലെന്നും അഞ്ച് ദിവസമായിട്ടും നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും തിരിഞ്ഞുനോക്കിയില്ലെന്നും റൗണ്ടസിന് വന്ന ഡോക്ടറോട് ചോദിച്ചിട്ടുപോലും ഒരു മറുപടിയും തന്നില്ലെന്നും ഇതില്‍ പറയുന്നുണ്ട്.
കൈക്കൂലിയുടെ കേന്ദ്രമാണിതെന്നും ആരോപിച്ചിട്ടുണ്ട്. കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. സാധാരണക്കാരുടെ ആശ്രയമാകേണ്ടതാണ് മെഡിക്കല്‍ കോളേജുകള്‍. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസയാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറംലോകത്തെ അറിയിക്കണമെന്നും പറയുന്നു.
കൊല്ലം പന്മന സ്വദേശിയായ വേണുവാണ് താന്‍ നേരിട്ട ദുരനുഭവം സുഹൃത്തിന് ശബ്ദ സന്ദേശമായി അയച്ചുനല്‍കിയത്. ആന്‍ജിയോഗ്രാം ചെയ്യുന്നതിനായായിരുന്നു വേണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. നെഞ്ചുവേദനയെ തുടര്‍ന്ന് ചവറ പ്രാഥമിക ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ തേടിയത്. പിന്നാലെ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്നായിരുന്നു ജില്ലാ ആശുപത്രിയില്‍ നിന്ന് അറിയിച്ചത്.
തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രിയായിരുന്നു വേണു മരിക്കുന്നത്. സുഹൃത്തിന് ശബ്ദസന്ദേശം അയച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം മരിച്ചു.