Wednesday, March 18, 2026 Last Updated 11 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Monday 03 Nov 2025 05.03 PM

ഇന്നും ആ കണ്ണുകളിലുണ്ട് സോളമന്റെ പ്രണയം നിറഞ്ഞ കുസൃതിച്ചിരി; നൂലുകളില്‍ തുന്നിച്ചേര്‍ന്ന പ്രണയം ധരിച്ച് ലാലേട്ടന്‍; 40 ന്റെ നിറവില്‍ ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’

പത്മരാജന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ എന്ന എവര്‍ഗ്രീന്‍ റൊമാന്റിക് ക്ലാസിക് 40 ന്റെ നിറവിലാണ്. ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു റീല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
Mohanlal, 'Namukku Parkan Munthirithoppukal, padmarajan
Mohanalal about namukk parkkan munthirithoppukal (Image Source: Instagram)

മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക് റൊമാന്റിക് ചിത്രമാണ് പത്മരാജന്‍ സംവിധാനം ചെയ്ത് മോഹന്‍ലാലും ശാരിയും നായികനായകന്മാരായി എത്തിയ ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’. ഇന്നും ആ സിനിമയിലെ സംഭാഷണങ്ങളും രംഗങ്ങളും തരംഗമാണ്. ആരും മറക്കാത്ത ഒരു പ്രണയവും അതിന്റെ മനോഹരമായ തുറന്നു പറച്ചിലും ഈ സിനിമയിലുണ്ട്. സോളമന്‍ സോഫിയയെ പ്രൊപ്പോസ് ചെയ്യുന്ന ആ രംഗം സോഷ്യല്‍ മീഡിയയിലൂടെ റീലുകളായി ഇന്നും നിറഞ്ഞു നില്‍ക്കുന്നു.
ഇപ്പോഴിതാ 1986 ല്‍ റിലീസ് ചെയ്ത നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകള്‍ അതിന്റെ 40-ാം വർഷത്തിലേക്ക് കടക്കുമ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട മനോഹരമായൊരു റീല്‍ ശ്രദ്ധിക്കപ്പെടുകയാണ്. ബിഗ് ബോസ് മലയാളം ഏഴാം സീസണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പകർത്തിയതാണ് ഈ റീല്‍. മുന്തിരിത്തോട്ടങ്ങളെ ഓർമിപ്പിക്കുന്ന മനോഹരമായ എംബ്രോയിഡറി ചെയ്ത ഒരു ഷർട്ടാണ് റീലില്‍ മോഹൻലാല്‍ അണിയുന്നത്. ഷര്‍ട്ട് കൊടു​ക്കുമ്പോള്‍ ‘ഇതാണോ... ബ്യൂട്ടിഫുള്‍...40 വര്‍ഷങ്ങള്‍...’ എന്ന് മോഹന്‍ലാല്‍ പറയുന്നുണ്ട്.
അതിനു ശേഷം, ‘‘ഞാനും പപ്പേട്ടനും രണ്ടാമതായി ഒന്നിച്ച ചിത്രം. 1986. മൈസൂർ. നല്ല തണുപ്പ്. ടാങ്കർലോറി...വീ ഹാഡ് എ ഗ്രേറ്റ് ടൈം...’’ എന്നിങ്ങനെ ചിത്രത്തിന്റെ ഓർമകള്‍ ഈ റീലില്‍ മോഹന്‍ലാല്‍ പങ്കിടുമ്പോള്‍ ‘അതേതാ ലാലേട്ടാ പടം...’ എന്ന് അഞ്ജന നമ്പ്യാര്‍ ചോദിക്കുമ്പോള്‍ ഒരു കുസൃതിച്ചിരിയോടെ മോഹന്‍ലാല്‍ നടന്നു നീങ്ങുന്നതും കാണാം. ശേഷം ആ ഷര്‍ട്ട് ഇടുന്ന മോഹന്‍ലാല്‍ ഏവരും ഇന്നും മനസ്സിലേറ്റുന്ന ആ ഐക്കോണിക് ഡയലോഗ് പറയുന്നതും വീഡിയോയില്‍ കാണാം.
‘‘നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം...അതികാലത്തെഴുന്നേറ്റ്‌ തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ത്തുവോയെന്നും മാതള നാരകം പൂത്തുവോയെന്നും നോക്കാം...അവിടെ വച്ച്‌ നിനക്ക്‌ ഞാനെന്റെ പ്രണയം നല്‍കും...’’ എന്നും ഷര്‍ട്ടില്‍ കൈവച്ച് മോഹന്‍ലാല്‍ പറയുന്നുണ്ട്.
‘‘വീഞ്ഞു പോലെ പഴകിയ, ഇപ്പോൾ കാലാതീതമായ നൂലുകളിൽ തുന്നിച്ചേർത്ത പ്രണയം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയ ഏഷ്യാനെറ്റ് പങ്കുവച്ച ഈ റീല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു പ്രണയരംഗമാണിത്. സോഫിയ മുന്തിരിപ്പാടം കണ്ടിട്ടുണ്ടോ എന്നായിരുന്നു സോളമൻ ആദ്യം ചോദിക്കുന്നത്. ഇല്ലെന്നവള്‍ പറഞ്ഞപ്പോള്‍ ഒരിക്കല്‍ അവളെ അവിടെ കൊണ്ടുപോകാമെന്ന വാക്കു കൊടുക്കലായി. ‘‘അതികാലത്തെഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്‌തുവോ എന്നു നോക്കാം. അവിടെ വച്ച്‌...’’ എന്ന വരികള്‍ മുഴുമിക്കാതെ സോളമൻ നിർത്തുന്നു.
‘അവിടെവച്ച്‌?...’ എന്ന് സോഫിയ ചോദിക്കുമ്പോള്‍, വീട്ടില്‍ ചെന്നു വേദപുസ്‌തകത്തിലെ ശലോമോന്റെ ഉത്തമഗീതം ഏഴാമധ്യായത്തിലെ പതിമൂന്നാം വാചകം വായിച്ചുനോക്കൂ എന്നാണ് സോളമന്‍ പറയുന്ന മറുപടി.
വീട്ടില്‍ ചെന്നത് വായിക്കുന്ന സോഫിയയും, ആ വായനയ്ക്ക് ഒടുവില്‍ സോഫിയയുടെ മുഖത്തുവിരിയുന്ന നാണം കലർന്ന ചിരിയും മലയാളികള്‍ക്ക് മറക്കാനാവില്ല. ഒരു മുന്തിരിത്തോട്ടവും സോളമനും പൂച്ചക്കണ്ണുള്ള സോഫിയയും അവരുടെ ടാങ്കര്‍ ലോറിയും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട മനസ്സിലെ എവര്‍ഗ്രീന്‍ റൊമാന്റിക് സീനാണ്.

Ads by Google
Monday 03 Nov 2025 05.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google