സിമോൺ ബ്യുഫോയ് തിരക്കഥയെഴുതി ഡാനി ബോയെൽ സംവിധാനം ചെയ്ത്, 2008-ൽ പുറത്തിറങ്ങി 8 അക്കാദമി പുരസ്കാരവും, നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിയ ബ്രിട്ടീഷ് ചലച്ചിത്രമാണ് സ്ലംഡോഗ് മില്ല്യണയർ. ആ വര്‍ഷത്തെ ഓസ്‌കാർ പുരസ്‌കാരവും ഈ ചിത്രത്തിന് ലഭിച്ചിരുന്നു.
ഇപ്പോഴിതാ ‘സ്ലംഡോഗ് മില്യണയർ’ പുറത്തിറങ്ങി 18 വർഷങ്ങൾ പിന്നിട്ടിട്ടും, ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ നിന്നും തനിക്ക് ഇപ്പോഴും പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് പറയുകയാണ് ബോളിവുഡ് താരം അനിൽ കപൂർ. അവിടെ നിന്ന് പേയ്‌മെന്റുകൾ പതിവായി എത്തുന്നുണ്ടെന്ന് ഇക്കഴിഞ്ഞ ദിവസവും 3000 പൗണ്ട് ലഭിച്ചെന്നും അനില്‍ കപൂര്‍ പറഞ്ഞു. ചിത്രത്തിൽ ഒരു പ്രത്യേക വേഷത്തിലാണ് താരം എത്തിയതെങ്കിലും, ഇത്രയും വർഷങ്ങൾക്ക് ശേഷവും 3,000 പൗണ്ട് (ഏകദേശം 3 ലക്ഷത്തിലധികം രൂപ) തനിക്ക് ചെക്കായി ലഭിക്കുന്നുണ്ടെന്ന് അനിൽ കപൂർ പറഞ്ഞു.
‘‘ഇതൊരു വൈകാരികമായ നിമിഷമാണ്. ഒന്നര പതിറ്റാണ്ടിലേറെയായി, ഇന്നലെയും എനിക്ക് സ്ലംഡോഗ് മില്യണയറിന് വേണ്ടി ഒരു പേയ്മെന്റ് ചെക്ക് ലഭിച്ചു. കൃത്യമായി നികുതി അടയ്ക്കുന്നതിനാൽ എനിക്ക് ഇക്കാര്യം തുറന്നു പറയാം. ഇന്നലത്തെ തുക 3,000 പൗണ്ട് ആയിരുന്നു. മൊത്തത്തിൽ എനിക്ക് ഏകദേശം അഞ്ച് ലക്ഷം പൗണ്ട് (അര മില്യൺ) ലഭിക്കാൻ പോകുന്നു. അതുകൊണ്ട് ഞാൻ സത്യത്തിൽ ഒരു മില്യണയറാണ്. ഞാൻ ഇത് ആവശ്യപ്പെട്ടതല്ല, അവർ സ്വയം തരുന്നതാണ്.
എന്റെ സാധാരണ പ്രതിഫലം നൽകാൻ നിർമ്മാതാക്കൾക്ക് കഴിയില്ലെന്ന് അന്ന് എന്നെ അറിയിച്ചിരുന്നു. എങ്കിലും പണത്തിന് മുൻഗണന നൽകാതെ ഈ സിനിമ ചെയ്യാൻ ഞാന്‍ തീരുമാനിക്കുകയായിരുന്നു. സ്വയം അറിവ് നേടാനാണ് ഞാൻ ആ സിനിമ ചെയ്തത്. പഠിക്കാൻ ആഗ്രഹമുള്ളതുകൊണ്ടാണ് ഇന്നും ഞാൻ പ്രസക്തനായിരിക്കുന്നത്...’’ അനിൽ കപൂർ പറഞ്ഞു.
ഈ പ്രോജക്റ്റിന് പണമല്ല തന്റെ മുൻഗണന എന്ന് നിർമ്മാതാക്കളോട് പറഞ്ഞതും അനിൽ കപൂർ ഓർമ്മിച്ചു, ‘‘അവർ എനിക്ക് താങ്ങാനാവില്ലെന്ന് പറഞ്ഞു. ‘ഞാൻ പണം ചോദിച്ചോ?’ എന്ന് ഞാൻ ചോദിച്ചു, ‘ഞാൻ അത് സൗജന്യമായി ചെയ്യാം’ എന്ന് ഞാൻ പറഞ്ഞു...’’ എന്നാണ് അനില്‍ കപൂര്‍ പറഞ്ഞത്. ഇന്ത്യ ടുഡേ കോൺക്ലേവ് 2026-ലെ ഒരു സെഷനിലാണ് താരം ഈ അമ്പരപ്പിക്കുന്ന വിവരം പങ്കുവെച്ചത്. ‘ദി ഏജ്‌ലെസ് റെവൽ: റീറൈറ്റിംഗ് ദി റൂൾസ് ഓഫ് സ്റ്റാർഡം’ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.
വികാസ് സ്വരൂപിന്റെ ‘ക്യു ആൻഡ് എ’ എന്ന നോവലിനെ ആസ്പദമാക്കി ഡാനി ബോയൽ സംവിധാനം ചെയ്ത ചിത്രമാണ് സ്ലംഡോഗ് മില്യണയർ. മുംബൈയിലെ ചേരികളിൽ നിന്ന് വന്ന് ‘കോന്‍ ബനേഗ ക്രോർപതി’ എന്ന പരിപാടിയിൽ പങ്കെടുക്കുന്ന ജമാൽ മാലിക് (ദേവ് പട്ടേൽ) എന്ന യുവാവിന്റെ കഥയാണിത്. പരിപാടിയുടെ അവതാരകനായ പ്രേം കുമാർ എന്ന കഥാപാത്രത്തെയാണ് അനിൽ കപൂർ അവതരിപ്പിച്ചത്. അന്തരിച്ച നടൻ ഇർഫാൻ ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
‘സ്ലംഡോഗ് മില്യണയർ’ എന്ന ചിത്രം അഭിനേതാക്കളായ ദേവ് പട്ടേലിനെയും ഫ്രീഡ പിന്റോയെയും അന്താരാഷ്ട്ര പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. ഇർഫാൻ ഖാൻ, അനിൽ കപൂർ എന്നിവരുടെ പ്രകടനങ്ങളും ഇതിൽ ഉണ്ടായിരുന്നു, റിലീസ് ചെയ്തപ്പോൾ, ചിത്രം വ്യാപകമായ നിരൂപക പ്രശംസ നേടുകയും ഒന്നിലധികം അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി അഭിമാനകരമായ അവാർഡുകൾ നേടുകയും ചെയ്തു.
അതേസമയം കരിയറില്‍ നല്ല തിരക്കിലാണ് അനിൽ കപൂര്‍. തന്റെ സമീപകാല ചിത്രമായ ‘സുബേദാർ’ നല്ല അവലോകനങ്ങൾ നേടുന്നുണ്ട്.