Saturday, March 21, 2026 Last Updated 39 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 25 Oct 2025 11.03 AM

മുരാരി ബാബുവിന്റേത് അതിശയിപ്പിക്കുന്ന വളര്‍ച്ച ; ദേവസ്വം മന്ത്രിയുടെ മണ്ഡലമായ ഏറ്റുമാനൂരില്‍നിന്ന് ശബരിമലയിലെ ഉന്നത സ്ഥാനത്തേക്ക്; കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍

uploads/news/2025/10/807485/murari-babu-1.jpg

കോട്ടയം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതിയും ദേവസ്വം ബോര്‍ഡ് അഡ്മിനിട്രേറ്റീവ് ഓഫീസറുമായിരുന്ന മുരാരി ബാബുവിന്റേത് ആരെയും അതിശയിപ്പിക്കുന്ന വളര്‍ച്ച. ദേവസ്വം മന്ത്രിയുടെ മണ്ഡലമായ ഏറ്റുമാനൂരില്‍നിന്നാണ് കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ശബരിമലയിലെ ഉന്നത സ്ഥാനങ്ങളിലേക്കു മുരാരി ബാബു എത്തിയത്.

രാഷ്ട്രീയ ബന്ധങ്ങളാണ് മുരാരിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ആഗോള അയ്യപ്പസംഗമത്തില്‍ കലവറയുടെ മുഖ്യചുമതലക്കാരനായിരുന്നതും മുരാരി ബാബുവായിരുന്നു. ഏറ്റുമാനൂരില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, അസി. ദേവസ്വം കമ്മിഷണര്‍, എറ്റുമാനൂര്‍ ഉള്‍പ്പെടുന്ന വൈക്കത്തെ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍, തിരുനക്കരയില്‍ അസി. ദേവസ്വം കമ്മിഷണര്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

സ്ഥലം മാറി മറ്റു ക്ഷേത്രങ്ങളിലേക്കു പോയപ്പോഴും പ്രമുഖ ക്ഷേത്രങ്ങളായ വൈക്കം, ഏറ്റുമാനൂര്‍, തിരുനക്കര എന്നിവിടങ്ങളിലെ ഉത്സവങ്ങള്‍ക്ക് സ്‌പെഷല്‍ ഓഫിസര്‍ തസ്തികയില്‍ സേവനമനുഷ്ഠിച്ചു. ഈ മൂന്ന് ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആനകളെ കരാറെടുക്കുന്നതില്‍ ക്രമക്കേടു നടത്തിയതായി പിന്നീട് കണ്ടെത്തിയിരുന്നു.

ഏറ്റുമാനൂരിലാണ് ഏറ്റവും കൂടുതല്‍ കാലയളവില്‍ ജോലി ചെയ്തത്. ക്ഷേത്രത്തിലെ ശ്രീകോവിലില്‍ തീപിടിച്ചതും സ്വര്‍ണപ്രഭയിലെ മൂന്ന് നാഗപ്പാളികള്‍ വിളക്കിച്ചേര്‍ത്തതും ഈ കാലയളവിലായിരുന്നു. ശബരിമലയില്‍ പിന്നീട് എക്‌സിക്യൂട്ടീവ് ഓഫീസറായി ഉയര്‍ന്ന പദവിയിലേക്കു വന്ന മുരാരി ബാബു പിന്നീട് ദേവസ്വം ഡെപ്യൂട്ടി ഡയറക്ടറായി ബോര്‍ഡിലെ രണ്ടാമനായി. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലുണ്ടായ ദുരൂഹമായ തീപിടുത്തത്തില്‍ ഏഴര പൊന്നാനയ്ക്ക് കേട് പറ്റിയെന്നു പറഞ്ഞ് പുറത്തെടുത്തപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടാണ് തടഞ്ഞത്.

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ക്രമക്കേടുകളുടെ പേരില്‍ 2022-ല്‍ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ദേവസ്വം വിജിലന്‍സ് കത്ത് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. 2021-ല്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ അഗ്നിബാധ സംബന്ധിച്ച കേസിലാണ് നടപടിക്കു ശിപാര്‍ശ ചെയ്തിരുന്നത്. അന്ന് വിജിലന്‍സ് കണ്ടെത്തിയത് ഗുരുതര കുറ്റങ്ങളായിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ട് പൂഴ്ത്തിയ ദേവസ്വം ബോര്‍ഡ് മുരാരിയെ ശബരിമലയില്‍ എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രമോഷനോടെ നിയമിക്കുകയാണ് ചെയ്തത്.

2019-ല്‍ ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലകശില്‍പ്പങ്ങളില്‍ നിന്നടക്കം സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ രണ്ടാം പ്രതിയാണ് മുരാരി ബാബു. 2019 കാലയളവില്‍ ശബരിമലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു ഇദ്ദേഹം. 1998-ല്‍ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ കാര്യം അറിയാവുന്ന മുരാരി ബാബു 2019-ലും 2024-ലും പാളികള്‍ ചെമ്പാണെന്ന് രേഖപ്പെടുത്തി.

ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെക്കൊണ്ടു തന്നെ സ്വര്‍ണം പൂശിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ബോര്‍ഡിനു ശിപാര്‍ശ നല്‍കിയതും മുരാരി ബാബു ആയിരുന്നു. സ്വര്‍ണപ്പാളിത്തട്ടിപ്പിനു പിന്നാലെ ദേവസ്വം ബോര്‍ഡിനു കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പിലും ഗുരുതര ക്രമക്കേടുകള്‍ പുറത്തുവന്നിട്ടുണ്ട്. മുരാരി ബാബുവിനെതിരെയാണ് ഈ കണ്ടെത്തലുകളിലും ആക്ഷേപം ഉയരുന്നത്.

Ads by Google
Saturday 25 Oct 2025 11.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google