ഉടമകള്‍ നിയോഗിച്ച ഗുണ്ടകളാണ് താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടതെന്നും അക്രമങ്ങള്‍ക്ക് പോലീസാണ് കൂട്ടു നിന്നതെന്നും ആരോപണമുയർത്തി സമരസമിതി . ഉടമകളിലൊരാള്‍ സംഘര്‍ഷം ഉണ്ടായ ദിവസം കണ്ണൂരിലെ ഒരു രാഷ്ട്രീയ നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമരസമിതി ചെയര്‍മാന്‍ ബാബു കുടുക്കില്‍ പറഞ്ഞു . ചൊവ്വാഴ്ചയുണ്ടായ കലാപസമാനമായ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ സ്ഥാപന ഉടകള്‍ നടത്തിയ ഗൂഡാലോചനയാണെന്നാണ് ഒളിവില്‍ കഴിയുന്ന സമരസമിതി ചെയര്‍മാന്‍ ബാബു കുടുക്കിന്‍റെ ആരോപണം.
സമരത്തിന്‍റെ ഗതിതിരിച്ചുവിടാന്‍ ഗൂഡാലോചന നടന്നു. ഫാക്ടറിക്ക് തീയിട്ടത് ഉടമകളുടെ ഗുണ്ടകളാണ്. റൂറല്‍ എസ് പി സംഘര്‍ഷ സ്ഥലത്ത് എത്തിയ ശേഷമാണ് സ്ഥിതി മാറിമറിഞ്ഞതെന്നും ബാബു കുടുക്കില്‍ ആരോപിച്ചു .മരിച്ചു വീഴേണ്ടി വന്നാലും സമരം തുടരുമെന്നും ബാബു കുടുക്കിൽ അറിയിച്ചു .
അതേസമയം ഫാക്ടറി വീണ്ടും പഴയരീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഉടമകള്‍. ജില്ലകളക്ടര്‍ അടിയന്തരമായി സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് എംകെ രാഘവന്‍ എംപി ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കൂടുതല്‍ അറസ്റ്റ് നടപടികളുമായി മുന്നോട്ടു പോവുകയാണ് പോലീസ്. ഇന്ന് രണ്ടുപേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കൂടത്തായി സ്വദേശി സഫീറിനെ വയനാട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.