തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ഇയാൾക്കെതിരെ കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ജോസ് ഫ്രാങ്ക്ളിനെ സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.നിലവിൽ കൗൺസിലർ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ല.
മുട്ടക്കാട് ജങ്ഷനിൽ ബേക്കറി നടത്തിയിരുന്ന സലിത കുമാരിക്ക് കട ബാധ്യതകൾ ഉണ്ടായിരുന്നു.കടം തീർക്കാൻ ലോൺ ശരിയാക്കുന്നതിന് വേണ്ടി നെയ്യാറ്റിൻകര തൊഴുക്കലുള്ള ജോസ് ഫ്രാങ്ക്ളിൻറെ ഓഫീസിലെത്തിയപ്പോൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് ആത്മഹത്യ കുറിപ്പിൽ ഉള്ളത്.
‘‘ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്. ജോസ് ഫ്രാങ്ക്ളിന്‍ എന്നെ ജീവിക്കാന്‍ അനുവദിക്കില്ല. ഞാന്‍ അവന്റെ വെപ്പാട്ടി ആകണമെന്നാണു പറയുന്നത്. കടം തീര്‍ക്കാന്‍ ഒരു ലോണ്‍ ശരിയാക്കി തരാമെന്നു പറഞ്ഞ് കുറച്ച് ബില്ലുകള്‍ കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ ബില്ല് കൊടുക്കാന്‍ ഓഫിസില്‍ പോയി. അപ്പോള്‍ എന്റെ കൈ പിടിച്ച് എന്നെ ഇഷ്ടമാണെന്നും കൂടെ നില്‍ക്കണമെന്നും, വിളിക്കുമ്പോഴെല്ലാം ചെല്ലണമെന്നും ആഴ്ചയിലൊരിക്കല്‍ എവിടെയെങ്കിലും കാണണമെന്നും പറഞ്ഞു. എന്റെ സ്വകാര്യ ഭാഗങ്ങളിലൊക്കെ സ്പർശിച്ചു. ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ ആവശ്യങ്ങള്‍ക്ക് പോയാല്‍ ഇങ്ങനെയാണ്. ഭര്‍ത്താവില്ല എന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട. അവന്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല. ഇനി എനിക്കു ജീവിക്കേണ്ട’’ – ആത്മഹത്യക്കുറിപ്പിൽ പറയുന്നു. പിന്നീട് ലോണിന്റെ ആവശ്യത്തിന് പോകുമ്പോൾ മകനെയും കൂടെ കൂട്ടിയത് പേടി കൊണ്ടാണെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.ജോസ് ഫ്രാങ്ക്ളിൻ രാത്രി വൈകി അമ്മയെ വിളിച്ചു ശല്യപ്പെടുത്താറുണ്ടെന്നു മകനും മകളും പോലീസിനു മൊഴി നൽകിയിരുന്നു.
വീട്ടമ്മയുടെ കുടുംബത്തിന്‍റെ പരാതിയിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്തത്. ഫ്രാങ്ക്ളിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും, ലൈംഗികാതിക്രമവും ചുമത്തിയിരുന്നു. ഒളിവിൽ പോയ ഫ്രാങ്ക്ളിന് കഴിഞ്ഞ ദിവസം തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവധിച്ചു. ഇതിനിടെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി വീട്ടമ്മയുടെ മകനും രംഗത്ത് എത്തിയിട്ടുണ്ട്