Saturday, March 21, 2026 Last Updated 51 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 18 Oct 2025 05.49 PM

പുതിയ ഓഫറുമായി സപ്ലൈകോ ; 10 ശതമാനം വിലക്കുറവിൽ സാധനങ്ങൾ , പ്രിവിലേജ് കാർഡ് ഉൾപ്പെടെ പ്രഖ്യാപിച്ച് ഭക്ഷ്യമന്ത്രി

uploads/news/2025/10/806366/11.gif
photo - facebook

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വില്പനശാലകളില്‍ സബ്‌സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% വരെ വിലക്കുറവ് നല്‍കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സപ്ലൈകോ നിലവില്‍ നല്‍കുന്ന വിലക്കുറവിന് പുറമേയാണ് ഇത്. സപ്ലൈകോയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബര്‍ ഒന്നു മുതല്‍ വിവിധതരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കും. 250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക. സപ്ലൈകോയിലെ ഉപഭോക്താക്കള്‍ക്ക് പ്രിവിലേജ് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തും. ഇതുവഴി ഓരോ പര്‍ച്ചേസിലും പോയിന്റുകള്‍ ലഭിക്കുകയും, ഈ പോയിന്റുകള്‍ വഴി പിന്നീടുള്ള പര്‍ച്ചേസുകളില്‍ വിലക്കുറവ് ലഭിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു . ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്‌സിഡി അരിയില്‍ ഉള്‍പ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 20 കിലോഗ്രാം അരി നല്‍കും.

അതേസമയം ഒരു സര്‍ക്കാര്‍ സ്ഥാപനം എന്നതിന് അപ്പുറത്തേക്ക് ബിസിനസ് സ്ഥാപനം എന്ന നിലയില്‍ സപ്ലൈകോ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ 30 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളും, 15 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ സ്റ്റോറുകളും ആയി നവീകരിക്കും. ആറ് പുതിയ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കും . അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയില്‍ ശൃംഖലകളോട് കിടപിടിക്കത്തക്ക വിധത്തില്‍ ഇതിനനുസൃതമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും സപ്ലൈകോ ആവിഷ്‌കരിക്കുന്നുണ്ട്. സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങള്‍ മറ്റു വില്പനശാലകളില്‍ കൂടി വിപണനം നടത്തുമെന്നും മന്ത്രി പറഞ്ഞു. മില്ലുടമകളുമായി ധാരണയില്‍ എത്തിയതിനുശേഷം നെല്ല് സംഭരിച്ച് പ്രോസസ് ചെയ്ത് സപ്ലൈകോ വില്പന ശാലകള്‍ വഴി വിപണനം ചെയ്യുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Saturday 18 Oct 2025 05.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google