തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക് കിഴക്കന്‍ അറബികടലിനും അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥയുമായി ബന്ധപ്പെട്ട അറിയിപ്പില്‍ പറയുന്നത്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയുണ്ടെന്നും അടുത്ത 24 മണിക്കൂറില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞദിവസം കേരളത്തില്‍ പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തിരുന്നു. ഇന്നലെ രാത്രിയിലും മിക്കയിടത്തും മഴയായിരുന്നു. ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍ പൊട്ടിയതായി സംശയിക്കുന്നുണ്ട്. നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി.
കൂട്ടാര്‍,തേര്‍ഡ്ക്യാമ്പ്, സന്യാസിയോട്, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാര്‍ തുടങ്ങിയ ഇടങ്ങളില്‍ വെള്ളം കയറി. റോഡുകളും കടകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവന്‍ ഉയര്‍ത്തി.