Saturday, March 21, 2026 Last Updated 30 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 11 Oct 2025 07.38 AM

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: ഒന്‍പത് പേര്‍ സംശയ നിഴലില്‍ ; ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചന?

uploads/news/2025/10/804987/sabarimala-goldplate.jpg

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുമായി ബന്ധപ്പെട്ട് നടന്ന സ്വര്‍ണപ്പാളി വിവാദത്തില്‍ ഒന്‍പത് ഉദ്യോഗസ്ഥര്‍ സംശയ നിഴലില്‍. ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചനയും വന്‍ ക്രമക്കേടുകളും നടന്നതായാണു സുചന.

സസ്‌പെന്‍ഷനിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ സെക്രട്ടറി ജയശ്രീ, തിരുവാഭരണം കമ്മിഷണര്‍മാരായിരുന്ന കെ.എസ്. ബൈജു, ആര്‍.ജി. രാധാകൃഷ്ണന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. സുനില്‍ കുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. സുധീഷ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്ര പ്രസാദ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. രാജേന്ദ്രന്‍ എന്നിവരാണു സംശയ നിഴലില്‍.

ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു പുറമേ സസ്‌പെന്‍ഷനിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ആകും ഉദ്യോഗസ്ഥ സംഘത്തില്‍നിന്നു പ്രധാനിയായി കേസില്‍ പ്രതിയാകുക. സ്വര്‍ണപ്പാളികള്‍ക്ക് പകരം 'ചെമ്പ്' എന്ന് രേഖപ്പെടുത്തി കള്ളക്കടത്തിനു കളമൊരുക്കിയത് ഇയാള്‍ ആണെന്നാണു വിജിലന്‍സ് കണ്ടെത്തല്‍. സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടത് ദേവസ്വം സെക്രട്ടറി ജയശ്രീ ആണെന്നും ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് തിരുത്തി ദ്വാരപാലക ശില്‍പങ്ങള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പോറ്റിക്ക് മാത്രമായി വിട്ടുകൊടുക്കാന്‍ ഇവരാണ് ഉത്തരവിട്ടുവെന്നും വിജിലന്‍സ് കണ്ടെത്തിയെന്നാണ് സുചന.

സംഭവത്തില്‍ രണ്ടു തിരുവാഭരണം കമ്മിഷണര്‍മാര്‍ക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തിരുവാഭരണം കമ്മിഷണര്‍മാരായിരുന്ന കെ.എസ്. ബൈജു, കൃത്യമായ മഹസര്‍ റിപ്പോര്‍ട്ട് തയാറാക്കാതെയും ശില്‍പങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം മാത്രം വിട്ടുകൊടുത്തതിലും വീഴ്ച വരുത്തി. മറ്റൊരു തിരുവാഭരണം കമ്മിഷണറായ ആര്‍.ജി. രാധാകൃഷ്ണന്‍, ചെന്നൈയില്‍ മഹസര്‍ തയാറാക്കിയപ്പോള്‍ ഭാരവ്യത്യാസം ശ്രദ്ധിക്കുകയും ചെമ്പു മാത്രമാണെന്ന് അറിയുകയും ചെയ്തിട്ടും ദേവസ്വംബോര്‍ഡിനെ അറിയിക്കുകയോ പോറ്റിയെ തടയുകയോ ചെയ്യാതെ കള്ളത്തരത്തിനു കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.

അങ്ങനെ വന്നാല്‍ ധാര്‍മിക ഉത്തരവാദിത്വത്തില്‍നിന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഒഴിഞ്ഞുമാറാനാവില്ല. ഇവരില്‍ പലരേയും പ്രധാന പോസ്റ്റുകളില്‍ നിയമിക്കരുതെന്നു വിജിലന്‍സ് നിര്‍ദേശം മറികടന്നാണ് ബോര്‍ഡ് താക്കോല്‍ സ്ഥാനങ്ങളിലേക്ക് കൊണ്ടുവന്നത്. ഈ തട്ടിപ്പില്‍നിന്ന് ഇവര്‍ക്ക് സാമ്പത്തിക നേട്ടം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ സമഗ്ര അന്വേഷണം ഉണ്ടായേക്കാം.

Ads by Google
Saturday 11 Oct 2025 07.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google