വയനാട്: താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ. താമരശേരി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. ആക്രമണത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ കെ.ജി.എം.ഒ.എ. മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. ആക്രമണം ഉണ്ടായ താമരശേരി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ നിർത്തിവയ്ക്കും.
കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വിപിനെയാണ് സനൂപ് എന്നയാൾ കൊടുവാൾ ഉപയോഗിച്ച് വെട്ടിപരുക്കേൽപ്പിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. ഡോക്ടറുടെ തലയ്ക്ക് ഗുരുതരമയ പരിക്കേറ്റിട്ടുണ്ടെന്നാണ് ജീവനക്കാരന്‍ പറയുന്നത്. എന്റെ് മകളെ കൊന്നവനല്ലെ എന്ന് ആക്രോശിച്ചായിരുന്നു ഡോക്ടറെ വെട്ടിയതെന്നും ഡോക്ടറുടെ തലയില്‍ ഗുരുതരമായി മുറിവുണ്ട് എന്നും ഇയാള്‍ പറയുന്നു.
കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് ഇയാള്‍ ആരോപിച്ചിരുന്നു. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാല്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടറെ ആക്രമിച്ച സനൂപിനെ പോലീസ് പിടികൂടിയിട്ടുണ്ട്. അക്രമി എത്തിയത് രണ്ടു മക്കളുമായാണ്. കുട്ടികളെ പുറത്ത് നിര്‍ത്തിയാണ് സൂപ്രണ്ടിന്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയില്‍ ഉണ്ടായിരുന്നില്ല. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയത്. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു.
പനി ബാധിച്ച കുട്ടിയുമായി പിതാവ് എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു. കുഞ്ഞിന്റെ് മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല എന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്.