Saturday, March 21, 2026 Last Updated 1 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 04 Oct 2025 11.45 AM

സ്വര്‍ണ്ണപ്പാളി മറ്റു സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിച്ചു? പണപ്പിരിവ് നടത്തിയോയെന്ന് സംശയിച്ച് വിജിലന്‍സ്

uploads/news/2025/10/803867/sabarimala-gold-pali.jpg

തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളി വിവാദത്തില്‍ സ്വര്‍ണ്ണപ്പാളി കാണിച്ച് ഭക്തരില്‍ നിന്നും പണപ്പിരിവ് നടത്തിയതായും സംശയിച്ച് ദേവസ്വം വിജിലന്‍സ്. ആന്ധ്രയില്‍ എത്തി വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം. പെന്തൂര്‍ത്തി അയ്യപ്പക്ഷേത്രത്തിലാണ് സ്വര്‍ണ്ണപ്പാളി എത്തിച്ചു എന്ന സംശയത്തില്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പണപ്പിരിവ് നടത്തിയോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തുന്ന കാര്യം പരിശോധിക്കും.

ശബരിമല ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി ഈ സംസ്ഥാനങ്ങളിലും എത്തിച്ചെന്നാണ് സംശയിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് ദേവസ്വം വിജിലന്‍സ് തീരുമാനം. ഉത്തര ആന്ധ്ര ശബരിമല എന്നാണ് പെന്തൂര്‍ത്തി അയ്യപ്പക്ഷേത്രം അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും ആന്ധ്രയില്‍ നിന്നുള്ള ഭക്ത സംഘടനയുമാണ്. എല്ലാവര്‍ഷവും മകരവിളക്കിന് ദിവസങ്ങള്‍ക്കു മുമ്പ് ഈ സംഘം സന്നിധാനത്ത് എത്തുന്നുണ്ട്.

ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി തളളിയിരുന്നു. സ്വര്‍ണപാളി പ്രദര്‍ശന വസ്തുവാക്കിയിട്ടില്ലെന്നും ആരില്‍ നിന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നുമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം. തനിക്ക് ദേവസ്വംബോര്‍ഡ് നല്‍കിയത് ചെമ്പ് പാളികള്‍ ആണെന്നും ഇക്കാര്യം ദേവസ്വം മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. ഇതോടെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡാണ് പ്രതികൂട്ടിലായിരിക്കുന്നത്. ശബരിമലയിലെ രണ്ട് ദ്വാരപാലക ശില്‍പങ്ങളിലുമായി 1999-ല്‍ അഞ്ച് കിലോ സ്വര്‍ണം പൂശിയെന്നാണ് വിജയ് മല്യക്ക് വേണ്ടി പരിശോധിച്ച സെന്തില്‍നാഥന്‍ പറഞ്ഞത്.

സംഭവം സര്‍ക്കാരിനെതിരേ വലിയ ആയുധമാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസും ഹിന്ദു സംഘടനകളും. ഈ മാസം ഒമ്പതാം തീയതി പത്തനംതിട്ടയില്‍ വിശ്വാസി സംരക്ഷണ സമരം നടത്താനുള്ള ആലോചനയുമായി നീങ്ങുകയാണ് യുഡിഎഫ്. കോണ്‍ഗ്രസിന്റെ ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുന്നുണ്ട്. സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ദേവസ്വം വിജിലന്‍സ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സി വിഷയം അന്വേഷിക്കണമെന്നാണ് ബിജെപിയുടെയും ആവശ്യം. പ്രശ്‌നത്തില്‍ ഹിന്ദുഐക്യവേദിയും പ്രതിഷേധവുമായി എത്തി. ആറന്മുളയില്‍ നാമജപ ഘോഷയാത്ര നടത്തിയ ഇവര്‍ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

Ads by Google
Saturday 04 Oct 2025 11.45 AM
YOU MAY BE INTERESTED
Ads by Google
Ads by Google