ബെംഗളൂരു : രാജ്യത്ത് തുടർച്ചയായ രണ്ടാംവർഷവും ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരമായി ബെംഗളൂരു. 2023ലെ കണക്കുകളാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്നത്. 292 കാൽനടയാത്രക്കാരാണ് 2023 ൽ അപകടങ്ങളിൽ മരിച്ചത്.236 കാൽനടക്കാർ മരിച്ച അഹമ്മദാബാദ് നഗരം പട്ടികയിൽ രണ്ടാമതും 201 പേർ മരിച്ച ജയ്പുർ പട്ടികയിൽ മൂന്നാമതുമാണ്.
2023ൽ 915 പേരാണ് ബെംഗളൂരുവിൽ വാഹനാപകടങ്ങളിൽ മരിച്ചത്. കാൽനടയാത്രക്കാരുടെ മരണം കൂടാതെ അപകടങ്ങളിൽ 1021 പേർക്കു പരുക്കേറ്റിട്ടുമുണ്ട് . 2022ൽ ഇത് 247 ആയിരുന്നു. 2023ൽ ബെംഗളൂരുവിൽ 4980 വാഹനാപകടങ്ങളുണ്ടായി. മുൻ വർഷത്തെ 3822നേക്കാൾ 30.3 ശതമാനം വർധനവാണിത്.
ബെംഗളൂരുവിലെ 915 വാഹനാപകട മരണങ്ങളിൽ 55 ശതമാനവും ഇരുചക്രവാഹന യാത്രികരാണ് . കാർ യാത്രികരാകട്ടെ 5 ശതമാനം മാത്രമാണ്. 64 ശതമാനം വാഹനാപകടങ്ങൾക്കും കാരണം അമിതവേഗതയാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ പറയുന്നു. ബെംഗളൂരു അർബൻ മേഖലയിലുണ്ടായ 838 അപകടങ്ങളിൽ 42 എണ്ണം സീബ്രാലൈനുകളിലാണ്. 188 റെസിഡൻഷ്യൽ മേഖലകളിലും 66 അപകടങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തുമാണ്.