Wednesday, March 18, 2026 Last Updated 0 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Sep 2025 12.36 PM

‘‘ലോക’യില്‍ ഒരു വൗ എലമെന്റ് എനിക്ക് തോന്നിയില്ല, സിനിമ ഓക്കെയാണ്, ഇഷ്ടപ്പെട്ടു; മാര്‍വലുമായി താരതമ്യം ചെയ്യാൻ കഴിയില്ല...’’ ശാന്തികൃഷ്ണ

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി മാറിയിരിക്കുന്ന സിനിമയാണ് ലോക: ചാപ്റ്റര്‍ 1- ചന്ദ്ര. ഇപ്പോഴിതാ ഈ സിനിമ കണ്ട ശേഷമുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയാണ് ശാന്തികൃഷ്ണ.
Loka: Chapter 1- Chandra , Shanthikrishna
Shanthikrishna's opinion on lokah movie (Image Source: Instagram)

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മ്മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് മലയാള സിനിമയില്‍ ചരിത്രം കുറിച്ച് മുന്നേറുകയാണ് ‘ലോക: ചാപ്റ്റര്‍ 1- ചന്ദ്ര’. സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ അഞ്ചു ഭാഗങ്ങളില്‍ ആദ്യത്തെ ചാപ്റ്ററായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ഈ സിനിമ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചപ്പോൾ മുതല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ്. റിലീസായപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കടത്തിവെട്ടിയാണ് ഈ സിനിമ തിയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും ചിത്രത്തിന്റെ കളക്ഷനും ഏറി വരികയാണ്.
മലയാള സിനിമാ ചരിത്രത്തിലെ തന്നെ മറ്റൊരു നാഴികക്കല്ലായി മാറിയിരിക്കുന്ന ചിത്രത്തില്‍ സൂപ്പർഹീറോയായ ‘ചന്ദ്ര’യായി കല്യാണി പ്രിയദർശൻ മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കാഴ്ചക്കാരന്റെ പ്രതീക്ഷകൾക്കപ്പുറം നിൽക്കുന്ന ഈ ദൃശ്യവിരുന്നിന് മലയാളത്തില്‍ മാത്രമല്ല തെലുങ്ക്,ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും കൈയടിയും പ്രശംസകളുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. എല്ലായിടത്ത് നിന്നും മികച്ച പ്രതികരണങ്ങള്‍ കിട്ടുന്ന ചിത്രത്തിന് ചിലര്‍ മാത്രം നെഗറ്റീവ് റിവ്യൂകളും കൊടുത്തിരുന്നു. എന്നാല്‍ അതൊക്കെ കാറ്റില്‍ പറത്തിയാണ് ലോകയുടെ തേരോട്ടം.
ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ അഭിനേത്രി ശാന്തികൃഷ്ണ ലോകയെക്കുറിച്ച് പറഞ്ഞ അഭിപ്രായമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. എല്ലാവരും പറയുന്നതു പോലെ ലോക തനിക്ക് വലിയ ആവേശമൊന്നും നല്‍കിയില്ലെന്നാണ് എണ്‍പതുകളിലും തൊണ്ണൂറുകളിലും നായിക വേഷത്തിലും ഇപ്പോള്‍ അമ്മ വേഷത്തിലും തിളങ്ങുന്ന ശാന്തികൃഷ്ണ പറയുന്നത്.
‘‘ഞാൻ എഫ് വണ്ണും ലോകയും കണ്ടു. ലോകയ്ക്ക് സമ്മിശ്ര പ്രതികരണമാണ് കിട്ടുന്നതെന്ന് എനിക്ക് തോന്നുന്നു. എല്ലാവരും പറയുന്നതു പോലെ ഒരു വൗ എലമെന്റ് ഒന്നും എനിക്ക് തോന്നിയില്ല. പക്ഷേ സിനിമ ഓക്കെയായിരുന്നു.
രണ്ടാം പകുതി എനിക്ക് കുറച്ച്‌ സ്ലോ ആയി ഫീല്‍ ചെയ്തു. സിനിമ മുഴുവനായിട്ട് നോക്കുകയാണെങ്കില്‍ എനിക്ക് ഇഷ്ടപ്പെട്ടു, അങ്ങനെയേ ഉള്ളൂ. അല്ലാതെ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്ന് പറയാൻ എനിക്ക് പറ്റുന്നില്ല. പക്ഷേ ഇപ്പോഴത്തെ തലമുറയിലുള്ളവർക്ക് ഇഷ്ടപ്പെട്ടു. ഒരു സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക്. മാര്‍വലുമായിട്ടൊന്നും ഈ സിനിമയെ താരതമ്യം ചെയ്യാന്‍ പറ്റില്ല. അങ്ങനെയുള്ള ഒരുപാട് സിനിമകള്‍ ഞാൻ കണ്ടതു കൊണ്ട് ലോക കണ്ടപ്പോള്‍ എനിക്ക് കുറച്ചുകൂടി എക്‌സ്പറ്റേഷന്‍ ഉണ്ടായിരുന്നിരിക്കാം.
സിനിമയിലേക്ക് വരികയാണെങ്കില്‍ കല്യാണി ആ റോളിന് നല്ല അനുയോജ്യയായിരുന്നു. അവളത് നന്നായി ചെയ്തിട്ടുണ്ട്. അവളുടെ മുഖത്ത് ആ നിഷ്കളങ്കതയുണ്ട്, ആ കാരക്ടറിന് എന്താണോ വേണ്ടത് അതെല്ലാമുണ്ട്. കല്യാണി അത് നന്നായി തന്നെ പെര്‍ഫോം ചെയ്തിട്ടുമുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ എനിക്ക് ആ സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് കുട്ടിയായി അഭിനയിച്ച ദുര്‍ഗയുടെ പെര്‍ഫോമന്‍സാണ്. ആ കുട്ടി അടിപൊളിയായിരുന്നു. ആ കുട്ടിയുടെ എക്‌സ്പ്രഷന്‍ എനിക്ക് വളരെ ഇഷ്ടമായി.
അതുപോലെ മലയാള സിനിമയില്‍ ഇങ്ങനെയൊരു ജോണര്‍ നമ്മള്‍ കണ്ടിട്ടില്ല. മിത്തുമായി കൂട്ടിക്കലർത്തി അവർ ചെയ്തിരിക്കുന്നത് വളരെ രസമായിട്ടുണ്ട്...’’ ശാന്തികൃഷ്ണ പറഞ്ഞു. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്. ശാന്തികൃഷ്ണയുടെ അഭിപ്രായത്തിന് സമ്മിശ്ര പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
കല്യാണി പ്രിയദർശന് പുറമേ നസ്‌ലിൻ, ചന്തു സലിംകുമാർ, അരുണ്‍ കുര്യൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ഒപ്പം ദുല്‍ഖർ സല്‍മാൻ, ടൊവിനോ തോമസ് തുടങ്ങിയവരും ചിത്രത്തില്‍ അതിഥി വേഷങ്ങളിലെത്തിയിരുന്നു. 267 കോടി കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം പല റെക്കോര്‍ഡുകളും ഇതിനോടകം തകര്‍ത്തു കഴിഞ്ഞു.

Ads by Google
Monday 22 Sep 2025 12.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google