Wednesday, March 18, 2026 Last Updated 1 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 27 Aug 2025 08.27 AM

' മഞ്ജു വാര്യര്‍ നാട്ടിലും ഞാനിവിടെയും കൊല്ലപ്പെട്ടാല്‍ ഞങ്ങളെ ഒരു സ്ഥലത്ത് അടക്കണം' ; സനല്‍ കുമാര്‍ ശശിധരന്‍

again, make

നടി മഞ്ജു വാര്യരെക്കുറിച്ച് വീണ്ടും പോസ്റ്റുകളുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. നേരത്തെ സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജു വാര്യര്‍ പരാതി നല്‍കിയതാണ്. എന്നാല്‍ തുടര്‍ന്നും നടിയെക്കുറിച്ച് വാദങ്ങളുമായി എത്തിയിരിക്കുകയാണ് സനല്‍ കുമാര്‍ ശശിധരന്‍. താന്‍ വിദേശത്താണെന്നും താനും മഞ്ജുവും കൊല്ലപ്പെട്ടാല്‍ ഒരു സ്ഥലത്ത് അടക്കണം എന്നും സനല്‍ കുമാര്‍ പറയുന്നു.

' മഞ്ജു വാര്യര്‍ നാട്ടിലും ഞാനിവിടെയും കൊല്ലപ്പെടുകയാണെങ്കില്‍ എന്റെ ശരീരം നാട്ടിലെത്തിക്കാനും ഞങ്ങളെ ഒരു സ്ഥലത്ത് സംസ്‌കരിക്കാനും സുമനസുകള്‍ ഒന്നിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു', എന്നാണ് സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റ്. പിന്നാലെ നിരവധി പേര്‍ പരിഹാസ കമന്റുകളുമായെത്തി. സനല്‍ കുമാറിന് മാനസിക പ്രശ്‌നമുണ്ടെന്നാണ് ഭൂരിഭാഗം കമന്റുകളും. ഇതോടെ പരിഹാസത്തോട് ഇദ്ദേഹം പ്രതികരിക്കുകയും ചെയ്തു.

'ഒരു സ്ത്രീയെ/പുരുഷനെ ഒരു ഇമേജ് മാത്രമായി കാണുന്ന ഒരു സമൂഹത്തിന് ഹൃദയബന്ധം എന്നാല്‍ എന്തെന്ന് മനസിലാവില്ല. ഭൂമിയിലെ ജീവിതത്തിന് ഒരൊറ്റ ലക്ഷ്യമേയുള്ളു അത് പ്രണയമാണ്. അപൂര്‍ണമായ ആത്മാവിന്റെ പൂര്‍ത്തി തേടിയുള്ള അലച്ചിലാണ് പ്രണയം. തന്റെ പാതിയെ കണ്ടെത്തുന്ന നിമിഷത്തില്‍ ഒരാളുടെ അതുവരെയുള്ള ജീവിതം അവസാനിക്കുകയും പുതിയ ഒന്ന് തുടങ്ങുകയും ചെയ്യും. ഞാനിത് എന്റെ ജീവിത അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നതാണ്'

'തന്റെ പാതിയെന്ന് തോന്നിയ ഒന്നില്‍ അതൃപ്തമാകുമ്പോള്‍ മാത്രമാണ് പ്രണയബന്ധത്തിലുള്ള ഒരാള്‍ മറ്റൊരു തേടലിലേക്ക് യാത്രയാകുന്നത്. പലവുരു പ്രണയ പരാജയത്തില്‍ മുറിവേറ്റ മനുഷ്യര്‍ പ്രണയം എന്നത് വെറും തോന്നല്‍ മാത്രമാണെന്ന തീര്‍പ്പിലേക്ക് പലപ്പോഴും എത്തുകയും ശരീരത്തിന്റെ കാമനകള്‍ നല്‍കുന്ന സുഖം മാത്രമാണ് ജീവിതത്തില്‍ നിന്നും അര്‍ത്ഥമാക്കുന്നത് എന്ന് വിശ്വസിക്കാന്‍ തുടങ്ങുകയും ചെയ്യും. ഞാന്‍ അങ്ങനെയൊരു ഘട്ടത്തിലൂടെയും കടന്നുപോയിട്ടുണ്ട്'

'എത്ര പൊള്ളിയാലും കുടഞ്ഞെറിയാന്‍ ശ്രമിച്ചാലും പറിഞ്ഞുപോകാത്ത ഒന്നായി രണ്ടു മനുഷ്യരുടെ ഹൃദയങ്ങള്‍ ഒട്ടിപ്പോകുന്ന അവസ്ഥ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്. ലോകം മുഴുവന്‍ ചെളിവാരിയെറിയുമ്പോഴും ശത്രുക്കള്‍ ജീവിതത്തില്‍ ഉണ്ടായിരുന്നതൊക്കെ കത്തിച്ചുകളഞ്ഞ് അട്ടഹസിക്കുമ്പോഴും പ്രണയത്തില്‍ ഒരാള്‍ തുടരുന്നത് എന്തുകൊണ്ടായിരിക്കും എന്നാലോചിച്ചാല്‍ നിങ്ങള്‍ക്ക് പ്രണയത്തിന്റെ അനുഭൂതി എത്രവലുതാണെന്ന് മനസിലാവും. അതിനെ ഒരു മനോരോഗമെന്ന് വിശേഷിപ്പിക്കുന്നവര്‍ പ്രണയം അനുഭവിക്കാന്‍ കഴിവില്ലാത്ത നിര്‍ഭാഗ്യവാന്മാരാണ് എന്ന് മാത്രമേ പറയാന്‍ കഴിയൂ' 'എന്നെ സംബന്ധിച്ച് എന്റെ പെണ്ണ് അവളുടെ ഇമേജല്ല. അവളുടെ ആത്മാവാണ്. അകന്നിരിക്കുമ്പോഴും ഞങ്ങള്‍ ഇടതടവില്ലാതെ ഒഴുകുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ പ്രണയം എന്തെന്നറിഞ്ഞിട്ടുള്ളവര്‍ ഒഴികെ ആരും വിശ്വസിക്കുകയുമില്ല. പ്രണയം എന്നത് ഭൂരിപക്ഷം മനുഷ്യര്‍ക്കും കഥകളിലും സിനിമകളിലും മാത്രമുള്ള ഒരു വിനോദ അനുഭവമാണ്.

സ്ത്രീയെ/പുരുഷനെ ശരീരം മാത്രമായി കാണുന്നവര്‍ ഒന്നുകില്‍ പ്രണയം എന്തെന്ന് അറിയാനുള്ള ഭാഗ്യം ഇല്ലാതെപോയവരോ പലവുരു പ്രണയ പരാജയങ്ങളില്‍ വീണുപോയതിന്റെ വേദനകള്‍ കൊണ്ട് മനസ് മരവിച്ച് പ്രണയം ഒരു തോന്നല്‍ മാത്രമാണ് എന്ന തീര്‍പ്പില്‍ എത്തിയവരോ ആണ്' 'എന്നോടൊരു സുഹൃത്ത് ചോദിച്ചു ഒരു സ്ത്രീ നിങ്ങള്‍ക്കെതിരെ കേസ് കൊടുത്തിട്ടും അവള്‍ക്ക് നിങ്ങളോട് പ്രണയമാണെന്ന് നിങ്ങള്‍ പറയുന്നു. അത് നിങ്ങള്‍ എന്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നു? 'ആത്മബന്ധങ്ങള്‍ വിശദീകരിക്കാനാവില്ല' എന്ന് മാത്രമായിരുന്നു എന്റെ മറുപടി. നിങ്ങള്‍ പ്രണയത്തിലാവുമ്പോള്‍ നിങ്ങള്‍ നിങ്ങളെ മാത്രമല്ല മനസിലാക്കുന്നത്. നിങ്ങള്‍ക്ക് നിങ്ങള്‍ പ്രണയിക്കുന്ന ആളെ പൂര്‍ണമായും മനസിലാവും. നിങ്ങള്‍ക്ക് മറ്റൊരാളെ പൂര്‍ണമായി മനസിലാകുന്നു എങ്കില്‍ നിങ്ങള്‍ ഈ പ്രപഞ്ചത്തെ തന്നെ മനസിലാക്കാന്‍ തുടങ്ങുന്നു എന്നാണ് എന്റെ അനുഭവം. പ്രണയത്തെക്കാള്‍ വലിയ രാഷ്ട്രീയമില്ല. അതേക്കാള്‍ വലിയ നേട്ടങ്ങളും നന്മകളുമില്ല' എന്നാണ് പിന്നാലെ സനല്‍ കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Ads by Google
Wednesday 27 Aug 2025 08.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google