Sunday, March 22, 2026 Last Updated 9 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 14 Aug 2025 09.27 AM

'വിഭജനഭീതി ദിനം' സര്‍ക്കാരും ഗവര്‍ണറും വീണ്ടും ഏറ്റുമുട്ടലിന് ; സര്‍വകലാശാലകളില്‍ ദിനാചരണം നടത്താന്‍ എബിവിപി

uploads/news/2025/08/796114/governor-arlekar.jpg

കാസര്‍ഗോഡ്: ആഗസ്റ്റ് 14 ന് വിഭജനഭീതി ദിനം ആചരിക്കണമെന്ന് സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും നല്‍കിയ നിര്‍ദേശവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് വീണ്ടും. പരിപാടി കോളേജുകളില്‍ നടത്തേണ്ട സാഹചര്യമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പും എസ്എഫ്‌ഐ യും പറയുമ്പോള്‍ കാസര്‍ഗോട്ടെ കേന്ദ്രീയ സര്‍വകലാശാലയില്‍ ഇന്നലെ രാത്രി എബിവിപി ദിനം ആചരിച്ചു.

പരിപാടി കോളേജുകളില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ വീണ്ടും സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്തയച്ചിരിക്കുകയാണ്. നിര്‍ദേശം വിസി മാര്‍ കോളേജുകള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പരിപാടി നടത്തിയാല്‍ തടയുമെന്ന് എസ്എഫ്‌ഐ കര്‍ശന നിലപാട് എടുക്കുകയും ദിനാചരണത്തിന്റെ യാതൊരു സാഹചര്യമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് വഴി സര്‍ക്കാരും നിര്‍ദേശം നല്‍കിയതോടെ മറ്റൊരു യുദ്ധത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. അതേസമയം കാസര്‍ഗോഡ് കേന്ദ്രീയ സര്‍വകലാശാലയില്‍ വിഭജനഭീതിദിനം എബിവിപി. ഇന്നലെ രാത്രി 12 മണിയോടെ ദേശീയ നിര്‍വാഹക സമിതിയംഗത്തിന്റെ നേതൃത്വത്തിലാണ് ആചരിച്ചത്. പന്തവും ഫ്‌ളെക്‌സുമെല്ലാം ഉയര്‍ത്തി എബിവിപി ദിനം ആചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദിവസം മുഴുവനുമായി ഈ ആചരണം നടത്താനാണ് എബിവിപി നീക്കം.

എവിടെ പരിപാടി നടത്തിയാലും തടയുമെന്ന് എസ്എഫ്‌ഐ യും വ്യക്തമാക്കിയിട്ടുണ്ട്. പരിപാടി നടന്നാല്‍ തടയാന്‍ കോളേജ് യൂണിറ്റുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാനകമ്മറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പരിപാടി സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന സാഹചര്യം സൃഷ്ടിക്കുമെന്നാണ് സംസ്ഥാനാ സര്‍ക്കാരിന്റെ നിലപാട്. കോളേജുകളില്‍ ഗവര്‍ണറുടെ ഉത്തരവ് നടപ്പാക്കില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി. ഡീന്‍മാര്‍ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭിന്നിപ്പിന്റെ വിത്തുകള്‍ സര്‍വകലാശാലകളില്‍ വിതയ്ക്കാനാണ് ശ്രമമെങ്കില്‍ അനുരഞ്ജനാത്മകമായ കാര്യങ്ങളൊന്നും ഭാവിയില്‍ നടക്കുമെന്ന് തോന്നുന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്.

ക്യാംപസുകളില്‍ സെമിനാറുകള്‍, പ്രസംഗങ്ങള്‍, നാടകങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് ഗവര്‍ണര്‍ ഇറക്കിയ സര്‍ക്കുലര്‍ പറയുന്നത്. പരിപാടികള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള, കണ്ണൂര്‍ സര്‍വകലാശാലകളിലെ വി.സി.മാര്‍ സര്‍ക്കുലര്‍ കോളേജുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഓഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കാന്‍ 2021ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നിര്‍ദേശം കണക്കിലെടുത്താണ് സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Ads by Google
Thursday 14 Aug 2025 09.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google