Sunday, March 22, 2026 Last Updated 13 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 13 Aug 2025 11.20 AM

കരി ഓയില്‍ ഒഴിച്ച് ഓടിക്കാമെന്ന് കരുതേണ്ട ; സുരേഷ്‌ഗോപി 2029 ലും 2034 ലും തൃശൂര് തന്നെ കാണുമെന്ന് കെ.സുരേന്ദ്രന്‍

uploads/news/2025/08/795942/surendran-k.gif

തൃശൂര്‍: സുരേഷ്‌ഗോപി തൃശൂര്‍ തന്നെ കാണുമെന്നും ഇനിയും വോട്ടുചേര്‍ക്കുമെന്നും ബിജെപി നേതാക്കള്‍ കേക്കുമായി ഇനിയും അരമനകള്‍ കയറിയിറങ്ങുമെന്നും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെയും പള്ളികളുടേയും കാര്യത്തില്‍ സുരേഷ്‌ഗോപിക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും അക്കാര്യങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ഛത്തീസ്ഗഡില്‍ പോയി ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടെന്നും മറുപടി പറയാന്‍ എംപിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ഛത്തീസ്ഗഡില്‍ പോയി കാര്യങ്ങള്‍ ചെയ്തതാണ്. ഇക്കാര്യം പരിഹരിക്കാന്‍ പാര്‍ട്ടി എംപിയെ ചുമതലപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് സുരേഷ്‌ഗോപിക്ക് അതിന് മറുപടി പറയേണ്ട കാര്യമില്ലെന്നും എല്‍ഡിഎഫും യുഡിഎഫും ഇപ്പോള്‍ ഉയര്‍ത്തി വിട്ടുകൊണ്ടിരിക്കുന്ന വിവാദം സുരേഷ്‌ഗോപിയുടെ ജനപിന്തുണ വര്‍ദ്ധിക്കാനേ ഉപകാരപ്പെടൂ എന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. സുരേഷ്‌ഗോപി കള്ളവോട്ട് ചെയ്‌തെന്ന് തെളിയിക്കാനും കെ.സുരേന്ദ്രന്‍ എതിരാളികളെ വെല്ലുവിളിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വര്‍ഷത്തില്‍ മൂന്ന് തവണ വോട്ടര്‍പട്ടിക പരിഷ്‌ക്കരിക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്. ആറു മാസത്തില്‍ കൂടുതല്‍ ഒരിടത്ത് സ്ഥിരതാമസമുള്ള ആര്‍ക്കും താമസിക്കുന്ന സ്ഥലത്ത് വോട്ടു ചേര്‍ക്കാനാകും. അനേകം എംഎല്‍എമാരും എംപിമാരും ഈ രീതിയില്‍ വോട്ടു ചേര്‍ത്തിട്ടുണ്ടെന്നും പറഞ്ഞു.

കള്ളവോട്ട് നേടിയെന്ന ആക്ഷേപത്തെ സുരേന്ദ്രന്‍ പരിഹസിച്ചു. സംസ്ഥാനത്ത് ഒരു എംഎല്‍എ പോലും ഇല്ലാത്ത പാര്‍ട്ടി 60,000 മുതല്‍ 70,000 വോട്ടുകള്‍ ചേര്‍ത്തെങ്കില്‍ ഇക്കാര്യം നടക്കുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും എന്തു നോക്കിയിരിക്കുകയായിരുന്നെന്നും പരിഹസിച്ചു.തൃശൂരിലെ വോട്ടര്‍പട്ടികയില്‍ സുരേഷ്‌ഗോപി പേര് ചേര്‍ത്തത് സര്‍ക്കാര്‍ തന്നെ നല്‍കിയ രേഖകളും സംവിധാനങ്ങളും ഉപയോഗിച്ചാണ്. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാനും വെല്ലുവിളിച്ചു.

ഒരു വര്‍ഷം മുമ്പ് തന്നെ സുരേഷ്‌ഗോപി മത്സരിക്കുമെന്ന് പാര്‍ട്ടി നിശ്ചയിച്ച് ഉറപ്പിച്ചതിനാല്‍ അദ്ദേഹവും കുടുംബവും ഡ്രൈവറുമെല്ലാം ഒരു വര്‍ഷം സമ്പൂര്‍ണ്ണമായും തൃശൂരില്‍ വന്ന് താമസമാക്കുകയായിരുന്നു. 75000 ലധികം വോട്ടുകള്‍ക്കാണ് ജയിച്ചത്. 60000 വോട്ടുകള്‍ ഒരു എംഎല്‍എ പോലുമല്ലാത്ത പാര്‍ട്ടി ഇവിടെ ചേര്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തകര്‍ക്ക് അത് കണ്ടെത്താന്‍ കഴിയില്ലെങ്കില്‍ അവര്‍ കെട്ടിത്തുങ്ങി ചാകുകയാണ് നല്ലതെന്നും പറഞ്ഞു. കരിഓയില്‍ ഒഴിച്ച് സുരേഷ്‌ഗോപിയെയും ബിജെപിയെയൂം തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും 2029 ലും 2034 ലും അദ്ദേഹം തൃശൂരില്‍ തന്നെയുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Ads by Google
Wednesday 13 Aug 2025 11.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google