Sunday, March 22, 2026 Last Updated 5 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 02 Aug 2025 12.23 PM

കന്യാസ്ത്രീകള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു ; ഇന്നു തന്നെ രണ്ടുപേര്‍ക്കും ജയില്‍മോചിതരാകാം

uploads/news/2025/08/794242/nuns.jpg

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. ഒമ്പത് ദിവസം ജയിലില്‍ കിടന്ന ശേഷം ബിലാസ്പുര്‍ എന്‍ഐഎ കോടതിയാണ് ഇരുവര്‍ക്കും ജാമ്യം നല്‍കിയത്. കന്യാസ്ത്രീകള്‍ക്ക് ഇന്നു തന്നെ ജയില്‍ മോചിതരാകാം. 11.45 ഓടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇന്ന് ഉച്ചയ്ക്ക് തന്നെ ഇരുവര്‍ക്കും ജയില്‍ മോചിതരാകാമെന്നാണ് കരുതുന്നത്.

അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യം, പാസ്‌പോര്‍ട്ട് കെട്ടി വെയ്ക്കണം, 50,000 രൂപയുടെ ബോണ്ട് നല്‍കണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥ. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ചുമത്തിയായിരുന്നു കന്യാസ്ത്രീകളായ വന്ദന ഫ്രാന്‍സിസിനും പ്രീതിമേരിക്കും എതിരേ കേസെടുത്തത്. നേരത്തേ രണ്ടു കോടതികള്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് എന്‍ഐഎ കോടതിയില്‍ കേസ് എത്തിയത്. ബിലാസ്പൂര്‍ കോടതിയില്‍ നിന്നും 200 കി.മീ. അകലെയുള്ള ദുര്‍ഗിലെ ജയിലിലാണ് കന്യാസ്ത്രീകളെ പാര്‍പ്പിച്ചിരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ ഭാഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യ കടത്തും കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമായിരുന്നു കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ എടുത്തത്.

ആദിവാസി വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളെ മനുഷ്യക്കടത്ത് നടത്തിയെന്നും മതപരിവര്‍ത്തനം നടത്തിയെന്നും ആരോപിച്ച് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ രംഗത്ത് വരികയും പിന്നീട് പോലീസ് ഇവര്‍ക്കെതിരേ കേസെടുക്കുകയുമായിരുന്നു. ്ബജ്റംഗദള്‍ ആരോപണത്തിന് എതിരായ തെളിവുകള്‍ കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായവര്‍ എന്ന് തെളിയിക്കുന്ന രേഖകളും, ക്രിസ്തീയ വിശ്വാസികള്‍ ആണെന്ന രേഖകളും, മാതാപിതാക്കളുടെ മൊഴിയും നല്‍കിയിരുന്നു.

കന്യാസ്ത്രീകളെ ദുര്‍ഗ് ജയിലിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറി. നിരവധി ക്രൈസ്തവസംഘടനകളാണ് കേരളത്തില്‍ വിഷയം ചര്‍ച്ച ചെയ്തതും വലിയ പ്രതിഷേധവുമായി രംഗത്ത് വന്നതും.

തുടര്‍ന്ന് എംപിമാരും എംഎല്‍എമാരും അടക്കമുള്ളവര്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം നടത്തുകയും ബിജെപി നേതൃത്വം ഛത്തീസ്ഗഡില്‍ എത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തുകയും മറ്റും ചെയ്തിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി നേതാക്കളും കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ഛത്തീസ്ഗഡില്‍ കോടതിയില്‍ എത്തിയിരുന്നു.

Ads by Google
Saturday 02 Aug 2025 12.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google