Sunday, March 22, 2026 Last Updated 4 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 02 Aug 2025 09.06 AM

കലാഭവന്‍ നവാസിന്റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്തു ; പോസ്റ്റുമാര്‍ട്ടം ഇന്ന് നടത്തും

uploads/news/2025/08/794185/nawaz.jpg

കൊച്ചി: ചലച്ചിത്രതാരം കലാഭവന്‍ നവാസി(51)ന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് ചോറ്റാനിക്കര പോലീസ് കേസെടുത്തു. ചോറ്റാനിക്കരയിലെ ലോഡ്ജില്‍ നവാസിനെ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രാത്രി 9.10നാണ് ചോറ്റാനിക്കര ഗവ. ഹൈസ്‌ക്കൂള്‍ മൈതാനത്തിന് എതിര്‍വശത്തുള്ള വൃന്ദാവനം ഹോട്ടലിലെ മുറിയില്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നവാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയ്ക്ക് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി 10 മണിയോടെ പോസ്റ്റുമോര്‍ട്ടം നടത്തും. അര്‍ധ രാത്രി 12 മണിയോടെയാണ് നവാസിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. മൃതദേഹം ഇന്ന് വൈകിട്ട് 4.00 മുതല്‍ 5.30 വരെ ആലുവ ടൗണ്‍ ജുമാമസ്ജിദില്‍ പൊതുദര്‍ശനം നടത്തും. ഇന്നലെ രാത്രി എട്ടു മണിയോടെ ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയ നവാസിനെ ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്. കഴിഞ്ഞ 25 മുതല്‍ നവാസ് ഇവിടെ താമസിച്ചു വരികയാണെന്ന് ചോറ്റാനിക്കര പോലീസ് വ്യക്തമാക്കി. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് നവാസ് ചോറ്റാനിക്കരയിലെത്തിയത്. ഹോട്ടല്‍ ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. മുറിയുടെ തറയില്‍ വീണ നിലയിലായിരുന്നു മൃതദേഹം.

ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്. മക്കള്‍: നഹറിന്‍, റിദ്‌വാന്‍, റിഹാന്‍. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നവാസിന്റെ സഹോദരന്‍ നിയാസ് ബക്കര്‍(മറിമായം കോയ) ടെലിവിഷന്‍, ചലച്ചിത്ര താരമാണ്. മിമിക്രി കലാകാരന്‍, ഗായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു കലാഭവന്‍ നവാസ്. കലാഭവനിലൂടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ച മിക്ക വേഷങ്ങളും ശ്രദ്ധേയമായിരുന്നു.

1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയര്‍ മാന്‍ഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, മൈ ഡിയര്‍ കരടി, വണ്‍മാന്‍ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

നടന്‍ അബൂബക്കറിന്റെ മകനാണ് കലാഭവന്‍ നവാസ്. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകവെയാണ് നവാസിന്റെ വിയോഗം. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടന്‍.

Ads by Google
Saturday 02 Aug 2025 09.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google