തിരുവനന്തപുരം : മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എ.എയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി . തിരഞ്ഞെടുപ്പിൽ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അൻസിബ ഉൾപ്പടെ പതിമൂന്ന് പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ പന്ത്രണ്ടു പേരും പത്രിക പിൻവലിച്ചതോടെ അൻസിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അനൂപ് ചന്ദ്രൻ, സരയു മോഹൻ, ആശ അരവിന്ദ്, വിനു മോഹൻ, സുരേഷ് കൃഷ്ണ, ടിനി ടോം എന്നിങ്ങനെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച എല്ലാവരും പത്രിക പിൻവലിക്കുകയായിരുന്നു. നേരത്തെ ‘അമ്മ’യുടെ എക്സിക്യൂട്ടിവ് അംഗമായിരുന്ന അൻസിബ അഡ്ഹോക്ക് കമ്മിറ്റിയിലും ഉൾപ്പെട്ടിരുന്നു.
അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരുന്നതിനെ പിന്തുണച്ചുകൊണ്ട് ജഗദീഷ് അടക്കമുള്ളവർ പത്രിക പിൻവലിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസർ ലത്തീഫ്, ജയൻ ചേർത്തല ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്ക് മൽസരം നടക്കും.