ശ്രീഹരിക്കോട്ട: ഭൗമ നിരീക്ഷണ രംഗത്ത് പുത്തന്‍ അധ്യായത്തിന് തുടക്കമിട്ട് അത്യാധുനിക ഉപഗ്രഹമായ നൈസാര്‍ (NISAR) ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് നൈസാര്‍ സാറ്റ്‌ലൈറ്റുമായി ഇസ്രൊയുടെ അഭിമാനമായ ജിഎസ്എല്‍വി-എഫ്16 റോക്കറ്റാണ് കുതിച്ചുയര്‍ന്നത്.
രണ്ട് സാർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമായ എന്‍ ഐ സാറിന് 13,000 കോടിയിലേറെ രൂപയാണ് ആകെ ചെലവ്. 2,400 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഭൂമിയില്‍ നിന്ന് 747 കിലോമീറ്റര്‍ അകലത്തിലൂടെ ഭ്രമണം ചെയ്യും. പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാനും, ദുരന്ത നിവാരണത്തിനും, കാലാവസ്ഥാ നിരീക്ഷണത്തിനും, കാര്‍ഷിക മേഖലയിലും നൈസാര്‍ കൃത്രിമ ഉപഗ്രഹത്തിലെ വിവരങ്ങള്‍ സഹായകമാകും.