Monday, March 23, 2026 Last Updated 54 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 26 Jul 2025 07.21 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

uploads/news/2025/07/793073/6.gif
photo; representative image

തിരുവന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മൂന്ന് മരണം. കണ്ണൂര്‍ കണ്ണവത്ത് വീടിന് മുകളില്‍ മരം വീണ് ഗൃഹനാഥന്‍ മരിച്ചു. പെരുവ സ്വദേശി ചന്ദ്രനാണ് മരിച്ചത്. കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് കനത്ത കാറ്റില്‍ ഫൈബര്‍ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്‌നാട് പുത്തുന്തറ സ്വദേശി ആന്റണിയാണ് മരിച്ചത്. എറണാകുളം ജില്ലയുടെ മലയോര മേഖലയില്‍ ജാഗ്രത നിര്‍ദേശം. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത. പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നേക്കും. രാത്രിയാത്രകള്‍ നിരോധിച്ചു. മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ KSEB - യുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാർ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. KSEB ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും 28, 29 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Ads by Google
Saturday 26 Jul 2025 07.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google