ന്യൂഡല്‍ഹി: ലൈംഗികത ഉള്ളടക്കമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ഒടിടി ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇത്തരം ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കുന്ന അള്‍ട്ട്, ഉല്ലു തുടങ്ങി ഇരുപതില്‍ അധികം ആപ്പുകളാണ് നിരോധിച്ചത്. ഈ ആപ്പുകളുടെ വെബ്സൈറ്റുകളിലേക്കുള്ള പൊതു ആക്സസ് പ്രവര്‍ത്തനരഹിതമാക്കാനോ നീക്കം ചെയ്യാനോ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ തയ്യാറാകണമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു
സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിയമങ്ങളിലെ വ്യവസ്ഥകള്‍ ഇത്തരം ആപ്പുകള്‍ ലംഘിച്ചെന്നാണ് പ്രധാന കണ്ടെത്തല്‍. ഇതില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രത്യേകം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്.