Monday, March 23, 2026 Last Updated 59 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 24 Jul 2025 12.26 PM

മുംബൈ സ്ഫോടനക്കേസ് ; 12 പ്രതികളെ വിട്ടയച്ച ബോംബെ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ

uploads/news/2025/07/792743/supreme-court-of-india.gif

ന്യൂഡല്‍ഹി: 2006ലെ മുംബൈ ട്രെയിന്‍ ബോംബ് സ്ഫോടനക്കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി വധശിക്ഷയടക്കം ലഭിച്ചവരെ വെറുതേ വിടാന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് വ്യാഴാഴ്ച സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. 2015ല്‍ വിചാരണ കോടതി 12 പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. അഞ്ച് പേര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ജീവപര്യന്തം തടവുമായിരുന്നു വിധിച്ചത്.

എന്നാല്‍, ഈ 12 പേരെയും ജയിലിലേക്ക് തിരികെ കൊണ്ടുവരേണ്ട സാഹചര്യമില്ലെന്നും ഇവര്‍ക്ക് ജാമ്യം നല്‍കിയേക്കാമെന്നും കോടതി പറഞ്ഞു. പ്രശ്‌നമില്ലെന്ന് പറഞ്ഞ കോടതി, ഹൈക്കോടതി വിധി ഒരു കീഴ്വഴക്കമായി കണക്കാക്കില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസുമാരായ എം എം സുന്ദ്രേഷ്, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിലെ എല്ലാ പ്രതികള്‍ക്കും നോട്ടീസ് അയച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പ്രതികരണം തേടിയത്. നേരത്തേ ഏകപക്ഷീയമായ അന്വേഷണമാണ് മഹാരാഷ്ട്ര പോലീസ് നടത്തിയതെന്ന് കാണിച്ചായിരുന്നു ബോംബെ ഹൈക്കോടതി ഇവരെയെല്ലാം വെറുതേ വിട്ടത്.

2006 ല്‍ മുംബൈയില്‍ നടന്ന ട്രെയിന്‍ സ്ഫോടനത്തില്‍ 189 പേര്‍ കൊല്ലപ്പെടുകയും 800 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ കുറ്റവിമുക്തരാക്കുന്നത്.

2006 ജൂലൈ 11 ന്, 11 മിനിറ്റുകള്‍ക്കിടെ മുംബൈയിലെ പല ലോക്കല്‍ ട്രെയിനുകളിലായി ഏഴ് ബോംബ് സ്ഫോടനങ്ങളാണ് നടന്നത്. സ്‌ഫോടനത്തിന് നാശനഷ്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി റിഗ്ഗ്ഡ് പ്രഷര്‍ കുക്കറുകള്‍ ഉപയോഗിച്ചു. ആദ്യ സ്‌ഫോടനം വൈകുന്നേരം 6.24 നാണ് ഉണ്ടായത്. അവസാനത്തേത് വൈകുന്നേരം 6.35 നും. ചര്‍ച്ച്‌ഗേറ്റില്‍ നിന്നുള്ള ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകളിലാണ് ബോംബുകള്‍ സ്ഥാപിച്ചിരുന്നത്. മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷന്‍, ബാന്ദ്ര, ഖാര്‍ റോഡ്, ജോഗേശ്വരി, ഭയാന്ദര്‍, ബോറിവാലി എന്നീ സ്റ്റേഷനുകള്‍ക്ക് സമീപത്തു വച്ചാണ് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Ads by Google
Thursday 24 Jul 2025 12.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google