Monday, March 23, 2026 Last Updated 11 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 29 Jun 2025 11.07 AM

കൊങ്ങാട് ആടിനെ കൊന്നത് പുലി ? ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ

uploads/news/2025/06/788535/goat-n.gif

പെരുവന്താനം:പഞ്ചായത്തിൽ കർഷകർ തിങ്ങി പാർക്കുന്ന കോങ്ങാട് മേഖലയിൽ പുലി ഇറങ്ങിയതായി സംശയം.കഴിഞ്ഞദിവസം മുണ്ടത്താനം ഫിലിപ്പിന്റെ ആടിനെ കൊന്ന നിലയിൽ കണ്ടതാണ് സംശയത്തിന് കാരണം .ഇതുവരെ മറ്റു സ്ഥലങ്ങളിൽ കേട്ട് മാത്രം പരിചയമുള്ള പുലി ആക്രമണം പ്രദേശത്തേക്ക് ഉണ്ടായതിന്റെ ഭീതിയിലാണ് നാട്ടുകാർ.കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടിൽ വളർത്തിയിരുന്ന ആടിനെ കൊന്ന് ശരീരത്തിന്റെ അല്പം ഭാഗം ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ വനപാലകർ സ്ഥലം നിരീക്ഷിച്ച ശേഷം ക്യാമറകൾ സ്ഥാപിച്ചു.പുലിയോ പുലിക്ക് സമാനമായ മൃഗങ്ങളാണ് ആടിനെ കൊന്നതെന്നാണ് വനപാലകരുടെ സംശയം.തുടർന്ന് രാത്രിയിൽ ഉടനീളം കൂടുതൽ സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു.രാത്രി പരിശോധന തുടരാനാണ് വനവകുപ്പിന്റെ തീരുമാനം.

സാധാരണക്കാരായ കർഷക കുടുംബങ്ങൾ മാത്രം അധിവസിക്കുന്ന മേഖലയാണ് കോങ്ങാട്. പഞ്ചായത്തിലെ യാത്ര ക്ലേശം ഏറ്റവും രൂക്ഷമായ സ്ഥലങ്ങളിൽ ഒന്നുമാണ്. ആടിനെയും പശുവിനെയും വളർത്തുന്ന നിരവധി കർഷകർ പ്രദേശത്തുണ്ട്. കൊങ്ങാട് പുലി ഇറങ്ങിയെന്ന പ്രചരണത്തിന് പിന്നാലെ സമീപസ്ഥലങ്ങളായ ആനചാരി, അമലഗിരി, അഴങ്ങാട് പ്രദേശങ്ങളിലുള്ളവരും ഭീതിയിലാണ്. പുലി എവിടെ നിന്നു വന്നു എന്ന അന്വേഷണവും വനം വകുപ്പ് നടത്തുന്നുണ്ട്. പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് കണയങ്കവയൽ മേഖലയിലൂടെ എത്തി അമലഗിരി വഴി ആകാം വന്നു എന്നാണ് നിഗമനം. രാത്രികാലങ്ങളിൽ വാഹനങ്ങൾ കുറയുന്ന സമയത്ത് കെ.കെ. റോഡ് മുറിച്ച് കടന്ന് പുലി അമലഗിരി വഴി ജനവാസ മേഖലയിൽ എത്തിയതാകാം എന്നും നാട്ടുകാർ കരുതുന്നു.

ഏതാനും മാസം മുമ്പ് അമലഗിരിയിൽ ജനവാസ മേഖലയിൽ കാട്ടാന എത്തിയിരുന്നു. കെ.കെ. റോഡിൽ നിന്ന് ഏതാനും മീറ്റർ അകലെ വരെ മാത്രം എത്തിയ കാട്ടാനയെ പിന്നീട് വനംവകുപ്പ് തുരത്തി ഓടിക്കുകയായിരുന്നു. കോവിഡ് കാലത്ത് പ്രദേശത്ത് കാട്ടുപോത്ത് എത്തിയിരുന്നു. മുള്ളൻ പന്നി, കാട്ടുപന്നി, കുരങ്ങ്, കേഴ, വിവിധയിനം വിഷപ്പാമ്പുകൾ എന്നിവയാൽ നാട്ടുകാർ പൊറുതിമുട്ടുന്നതിനിടയാണ് പുലിയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നത്. കേഴ പോലുള്ള കാട്ടുമൃഗങ്ങൾ പ്രദേശത്തുള്ളതിനാൽ ഇവയെ ഭക്ഷണമാക്കുന്ന കൂടുതൽ മൃഗങ്ങൾ എത്തിയേക്കും എന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.പലവിധ കാരണങ്ങളാൽ കൃഷിഭൂമി വെട്ടിത്തെളിക്കാതെ കിടക്കുന്നത് കാട്ടുമൃഗ ശല്യം കൂടാൻ കാരണമാകുന്നുണ്ട്. പല പുരയിടങ്ങളും ചെറു വനങ്ങൾക്ക് സമാനമാണ്. ആവശ്യത്തിന് വെള്ളം ലഭിക്കും എന്നതും ഈ സമയത്ത് കൂടുതൽ മൃഗങ്ങൾ എത്താൻ കാരണമാകുന്നുണ്ട്. അടിയന്തരമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടെ ഉൾപ്പെടുത്തി ഇത്തരം പുരയിടങ്ങളിലെ കാട് തെളിയിക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനൊപ്പം പ്രദേശത്ത് ഇറങ്ങിയ പുലിയെ പിടികൂടാൻ എം.പി, എം.എൽ.എ. എന്നിവരുടെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടലുകൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Ads by Google
Sunday 29 Jun 2025 11.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google