Monday, March 23, 2026 Last Updated 4 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Jun 2025 07.49 PM

ഉപകരണങ്ങളില്ല; ശസ്ത്രക്രിയകള്‍ മുടങ്ങുന്ന അവസ്ഥ: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് വകുപ്പ് മേധാവി

uploads/news/2025/06/788429/7.gif
photo - facebook

തിരുവനന്തപുരം: ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നതിൽ കടുത്ത നിരാശയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവിയുടെ ഫെയ്സ്ബുക് പോസ്റ്റ്. ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നതിൽ ലജ്ജയും നിരാശയുമുണ്ടെന്ന് ഡോ. ഹാരിസ് കുറിച്ചു. ആശുപത്രിയിൽ ഉപകരണങ്ങൾ ഇല്ലെന്നും, അവ വാങ്ങിനൽകാൻ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും ആരോപിച്ച് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവെയ്ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുൻപിൽ നിൽക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കൽ കുറ്റപ്പെടുത്തുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ല എന്നും ഹാരിസ് പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിലോടെയായിരുന്നു ഹാരിസ് മെഡിക്കൽ കോളേജിലെ അവസ്ഥ പങ്കുവെച്ചത്. ഉപകരണങ്ങളുടെ ക്ഷാമം, അവ പരിഹരിക്കാൻ താത്പര്യമിലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങൾ, നിയമങ്ങളുടെ നൂലാമാലകൾ എന്നിവയെല്ലാം കൂടി പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ഡോ ഹാരിസ് പറയുന്നു. തുടർന്ന് വകുപ്പ് മേധാവികൾക്ക് പർച്ചേസിംഗ് പവർ ഇല്ലാത്തത് മൂലമുള്ള നിസ്സഹായാവസ്ഥയും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുന്ന അവസ്ഥയാണ് ഉള്ളത്. പലരോടും അപേക്ഷിച്ചിട്ടും നടക്കാത്തതുകൊണ്ടാണ് ഇക്കാര്യങ്ങൾ പൊതുജനങ്ങളോട് പറയുന്നതെന്നും ജോലി രാജിവെച്ചുപോകാനാണ് തോന്നുന്നതെന്നും ഡോ ഹാരിസ് കുറിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സർക്കാർ മെഡിക്കൽ കോളേജിലെ ഒരു വകുപ്പ് മേധാവിയുടെ ഏറ്റവും വലിയ നിസ്സഹായാവസ്ഥയാണ് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതക്കുറവ്. ഇന്ന് നിരവധി ഓപ്പറേഷനുകളാണ് മാറ്റിവെയ്ക്കേണ്ടി വന്നത്. സ്വകാര്യ ആശുപത്രികളിലൊന്നും പോകാൻ സാമ്പത്തിക ശേഷിയില്ലാത്ത നൂറുകണക്കിന് ജനങ്ങളാണ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അഭയം തേടുന്നത്. തീവ്രമായ വേദനയോടെ, ഗുരുതരമായ വൃക്കരോഗങ്ങളാൽ അവശരായ നിരവധി സാധാരണ ജനങ്ങൾ ചികിത്സയ്ക്കായി ഒരു വശത്ത്, എതിർവശത്ത് ഉപകരണങ്ങളുടെ ക്ഷാമം, അത് പരിഹരിക്കാൻ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങൾ, നിയമങ്ങളുടെ നൂലാമാലകൾ. നിസ്സഹായാവസ്ഥയിൽ ആകുന്നത് ഡോക്ടർമാരും വകുപ്പ് മേധാവിയും.

ഒരു രൂപയുടെ പോലും പർച്ചേസിംഗ് പവർ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകൾ കയറിയിറങ്ങി, ചെരുപ്പ് തേഞ്ഞ്, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങൾ വിശദീകരിച്ചും മടുത്തു. മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയിൽ നടപടി ആകുകയോ ഉപകരണം വാങ്ങിത്തരികയോ ചെയ്യാത്തതിനാൽ ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തതിൽ ഒരാൾ ഒരു കോളേജ് വിദ്യാർത്ഥിയാണ്. എന്റെ മകന്റെ അതേ പ്രായം. ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തു എന്ന് അവനോട് പറയുമ്പോൾ ലജ്ജയും നിരാശയും ആണ് തോന്നുന്നത്.

ഇതുപോലെ എത്രയോ പേർ. ഉപജീവനം നഷ്ടപ്പെടുത്തി ചികിത്സയ്ക്കായി ആഴ്ചകളോളം കിടക്കുന്നവർ, കൂടെ ഇരിക്കാൻ ബന്ധുക്കൾ ഇല്ലാതെ കൂലി കൊടുത്ത് ആരെയെങ്കിലും ഒപ്പം നിർത്തുന്നവർ, ആരോടെങ്കിലും പണം കടംവാങ്ങിയും സ്വന്തം ഓട്ടോറിക്ഷയോ മറ്റോ ഈട് നിർത്തി ലോണെടുത്തും ചികിത്സയ്ക്ക് വരുന്നവർ, ബന്ധുക്കൾ അനാഥാലയങ്ങളിൽ തള്ളിയവർ, ലോട്ടറി കച്ചവടം ചെയ്തും വഴിയിൽ ഭിക്ഷയെടുത്തും വരുന്ന ധാരാളം പേർ. സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ പരിഛേദമാണ് ദിവസവും ഞാൻ മെഡിക്കൽ കോളേജിൽ കാണുന്നത്. അവർക്ക് കൃത്യസമയത്ത്, മികച്ച ചികിത്സ നൽകാൻ ഞാനും എന്റെ ഒപ്പം ജോലി ചെയ്യുന്ന ഡോക്ടർമാരും രാപ്പകൽ തയ്യാറാണ്. പക്ഷെ, അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുന്നിൽ നിൽക്കുന്നു.

Ads by Google
Saturday 28 Jun 2025 07.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google