Monday, March 23, 2026 Last Updated 15 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Jun 2025 11.48 AM

ബിജെപി നേതാവിന്റെ സിനിമക്ക് പോലും പേര് പ്രശ്‌നമാണ്; മറ്റുള്ളവയുടെ സ്ഥിതി പറയാനാകുമോയെന്ന് സജി ചെറിയാന്‍

uploads/news/2025/06/788394/saji-cheriyan.jpg

കൊച്ചി: ബിജെപി നേതാവിന്റെ സിനിമയ്ക്ക് പോലും പേരിനെ ചൊല്ലി അനുമതി നിഷേധിച്ചപ്പോള്‍ മറ്റുള്ളവരുടെ കാര്യം പറയണോയെന്ന് സാംസ്‌ക്കാരികമന്ത്രി സജി ചെറിയാന്‍. 'ജാനകി' സിനിമയുമായി ബന്ധപ്പെട്ട് സിനിമയുടെ പേരിന് സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിക്കുകയും സിനിമാസംഘടനകള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നതുമായ സാഹചര്യം മുന്‍നിര്‍ത്തിയാണ് പ്രതികരണം.

സര്‍ക്കാര്‍ സിനിമാസംഘടനകള്‍ക്ക് ഒപ്പമാണെന്നും സ്വന്തംരാജ്യത്ത് സ്വന്തം കുട്ടികള്‍ക്ക് പേരിടാന കഴിയാത്ത സാഹചര്യമുണ്ടാകുന്നത് പ്രതിഷേധാര്‍ഹമാണെന്നും മുമ്പ് ഏതെല്ലാം ദൈവങ്ങളുടെ പേരില്‍ സിനിമ വന്നിട്ടുണ്ടെന്നും സജിചെറിയാന്‍ ചോദിച്ചു. നേരത്തേ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലെ ഹര്‍ജിയില്‍ ജാനകിയെന്ന പേര് പൊതുവായി ഉപയോഗിക്കുന്നതാണ്. അതിനെന്താണ് കുഴപ്പമെന്നും എന്തിനാണ് മാറ്റുന്നതെന്നും കോടതി ചോദിച്ചു. ജാനകി എന്ന പേരില്‍ മുമ്പും മലയാളത്തിലടക്കം സിനിമകളുണ്ടായിട്ടുണ്ട്. അന്നൊന്നുമില്ലാത്ത കുഴപ്പം ഇപ്പോള്‍ എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെതിരേ നിര്‍മാതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.

റിലീസിങ് നീട്ടിവയ്ക്കുന്ന ഓരോ ദിവസവും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സിനിമയുടെ പേരില്‍ ജാനകിയെന്നുള്ളതാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാന്‍ കാരണമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. നിര്‍മാതാക്കള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് 'ഫെഫ്ക' രംഗത്തുവന്നു. ഇന്നലെയായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.

പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് കഴിഞ്ഞദിവസമാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാമനുമതി നിഷേധിച്ചത്. ഹിന്ദുദേവതയുടെ പേരാണ് ജാനകിയെന്നും അത് സിനിമയുടെ പേരില്‍നിന്നും കഥാപാത്രത്തിന്റെ പേരില്‍നിന്നും മാറ്റണമെന്നുമാണ് ബോര്‍ഡ് നിര്‍ദേശം. പേര് മാറ്റാനാവില്ലെന്നു നിര്‍മാതാക്കള്‍ അറിയിച്ചതോടെയാണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നായകനായി വരുന്ന സിനിമയാണ് ഇതെന്നതാണ് പ്രത്യേകത. നേരത്തേ സിനിമാസംഘടനകള്‍ പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Ads by Google
Saturday 28 Jun 2025 11.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google