Monday, March 23, 2026 Last Updated 11 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Jun 2025 11.10 AM

സ്‌കൂളുകളിലെ സൂംബ ധാര്‍മികവിരുദ്ധം ; വിമര്‍ശനവുമായി എസ്.വൈ.എസ്, സമസ്ത, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

uploads/news/2025/06/788392/zoomba.jpg

മലപ്പുറം: ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്‌കൂളുകളില്‍ 'സൂംബ ഡാന്‍സ്' പദ്ധതിക്കെതിരേ ഒരുവിഭാഗം മുസ്ലിം മത പണ്ഡിതര്‍. ധാര്‍മികതയ്ക്ക് ക്ഷതമേല്‍പിക്കുന്നതാണ് സൂംബ ഡാന്‍സെന്ന് എസ്.വൈ.എസ്. നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. എന്റെ കുട്ടി ഇതു പഠിക്കേണ്ടതില്ലെന്നു തീരുമാനിക്കാനുള്ള അവകാശം രക്ഷിതാക്കള്‍ക്കുണ്ട്.

പൊതുവായി സ്‌കൂളില്‍ കൊണ്ടുവരുമ്പോള്‍ കുറച്ച് കുട്ടികള്‍ മാറി നില്‍ക്കുമ്പോള്‍ അവര്‍ക്കു മാനസിക വിഷമം വരും. ഇതു സര്‍ക്കാര്‍ പദ്ധതിയായി സ്‌കൂളുകളില്‍ നടപ്പാക്കേണ്ട ആവശ്യമില്ല. സ്‌കൂളുകളില്‍ അത്യാവശ്യമായ കായിക പരിശീലനത്തിന് ആളെ നിയമിക്കുന്നുമില്ല. സമസ്തയുടെ പണ്ഡിതന്‍മാര്‍ വിഷയം ഗൗരവത്തോടെ ചര്‍ച്ചചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ ഒന്നും മതപണ്ഡിതന്‍മാര്‍ അനുവദിക്കില്ല. ഒരു പാശ്ചാത്യനൃത്തം കൊണ്ടുവരുന്നതിന് പകരം എല്ലാവര്‍ക്കും സ്വീകര്യമായ വ്യായാമമുറ പഠിപ്പിക്കുകയാണെങ്കില്‍ പരിശോധിക്കാവുന്നതേയുള്ളൂ.-അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

തന്റെ മകന്‍ ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അതിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ തയാറാണെന്നും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പൊതുവിദ്യാലയത്തിലേക്ക് എന്റെ കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനാണ്. ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പ വസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാമെന്നും താന്‍ ഈക്കാര്യത്തില്‍ പ്രാകൃതനാണെന്നും അദ്ദേഹം കുറിച്ചു.

മേനിയഴക് പ്രകടിപ്പിക്കാനും ഇടകലര്‍ന്ന് ആടിപ്പാടാനും ധാര്‍മികബോധം അനുവദിക്കാത്ത വിദ്യാര്‍ത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുള്ള ലംഘനമാവും ഇതെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ഫെയ്‌സ്‌സ്ബുക്കില്‍ കുറിച്ചു. സ്‌കൂളുകളിലേക്ക് സുംബ കൊണ്ടുവരുന്നത് എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ചോദിച്ചു. ഇതിനു പിന്നില്‍ ഒരു ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Ads by Google
Saturday 28 Jun 2025 11.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google