തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു. ഈ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലേർട്ട് പിൻവലിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. നിലവിൽ 10 ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലുമണിയ്ക്ക് ഇടുക്കി, വയനാട് ജില്ലകളിൽ സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായാണ് സൈറണുകൾ മുഴങ്ങുന്നത്.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.