Wednesday, March 25, 2026 Last Updated 1 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Jun 2025 10.06 AM

വിലപേശല്‍ രാഷ്ട്രീയത്തിനു മുന്നില്‍ തലകുനിക്കില്ല ; അന്‍വറിനെ യു.ഡി.എഫിലെടുക്കേണ്ട സാഹചര്യമില്ല

uploads/news/2025/06/787878/pv-anwar-and-VD-satheeshan.jpg

തിരുവനന്തപുരം: പി.വി. അന്‍വറിനെ യു.ഡി.എഫിലെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും വിലപേശല്‍ രാഷ്ട്രീയത്തിനു മുന്നില്‍ തലകുനിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വീണ്ടും നിലപാട് വ്യക്തമാക്കിയത്. 'അന്‍വറിനു മുന്നില്‍ വാതിലടച്ചതു കൂട്ടായ തീരുമാനപ്രകാരമാണ്. ആ വാതില്‍ തുറക്കേണ്ടതായ സാഹചര്യം നിലവിലില്ല.

ഇനി തീരുമാനം റിവ്യൂ കമ്മിറ്റിയാണ് എടുക്കേണ്ടത്. ആരുടെ മുന്നിലും കീഴടങ്ങാന്‍ പറ്റില്ല. അന്‍വറിനോട് നോ പറഞ്ഞത് ബോധപൂര്‍വമെടുത്ത തീരുമാനമാണ്.' -സതീശന്‍ വിശദീകരിച്ചു. പ്രശംസകളില്‍ വീഴില്ലെന്നും ടീം യു.ഡി.എഫാണ് നിലമ്പൂരിലെ ജയത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. 'നിലമ്പൂരില്‍ സര്‍ക്കാരിനു വോട്ട് കുത്തനെ കുറഞ്ഞത് ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണ്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പു യു.ഡി.എഫ്. വിപുലീകരിക്കും. ജനങ്ങള്‍ക്കു സര്‍ക്കാരിനെ താഴെയിറക്കണമെന്നുണ്ടായിരുന്നു.

'പിണറായി 3' എന്ന് കേള്‍ക്കുന്നതു ജനത്തിനു പേടിയായി മാറി. ജനകീയ വിഷയങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാന്‍ നിലമ്പൂരില്‍ ശ്രമമുണ്ടായി. മന്ത്രിമാര്‍ അതിനായി നിലമ്പൂരില്‍ ക്യാമ്പ് ചെയ്തു. യു.ഡി.എഫിന്റെ മികച്ച രണ്ടാം നിര നേതൃത്വം ചെറുപ്പക്കാരെ വലിയ തോതില്‍ സ്വാധീനിച്ചു. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യമാണ് വിജയത്തിലേക്ക് നയിച്ച മറ്റൊരു ഘടകം. തൊണ്ണൂറോളം സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്. 'മിഷന്‍ 63' എന്ന നിലയിലല്ല, ജയിക്കാനൊരു ലക്ഷ്യമെന്ന നിലയിലാണ് '63' മുന്നോട്ടുവച്ചത്. 2001 നുശേഷം കോണ്‍ഗ്രസിന് അതു കിട്ടിയിട്ടില്ല.

എ.കെ. ആന്റണി, കെ. കരുണാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വലിയ മുന്നൊരുക്കം 2001 ലെ തെരഞ്ഞെടുപ്പില്‍ നടന്നിരുന്നു. അങ്ങനെയൊരു മുന്നൊരുക്കമുണ്ടായാല്‍ നിലമ്പൂരില്‍ 14,000 വോട്ടിന്റെ മാറ്റമുണ്ടായതുപോലെ വലിയ മുന്നേറ്റം സാധ്യമാണ്. 15,000 വരെ വോട്ട് വ്യത്യാസത്തില്‍ തോറ്റ മണ്ഡലങ്ങളില്‍ ജയിക്കാന്‍ ഇതിലൂടെ സാധിക്കും. പുതിയ കെ.പി.സി.സി. നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്.

യു.ഡി.എഫ്. പഴയതു പോലെയല്ല. ഘടകകക്ഷികളുമായി ഹൃദയബന്ധമുണ്ട് ഇപ്പോള്‍. എല്ലാ മാസവും യോഗം ചേരുന്നു. ഒരു തീരുമാനവും ഒറ്റയ്ക്ക് എടുക്കാറില്ല. കൂട്ടായ തീരുമാനങ്ങളാണ് എടുക്കുന്നത്. പാര്‍ട്ടികള്‍ ചെറുതോ വലുതോ എന്നതല്ല കാര്യം'-വി.ഡി സതീശന്‍ പറഞ്ഞു.

Ads by Google
Wednesday 25 Jun 2025 10.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google