Wednesday, March 25, 2026 Last Updated 1 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Jun 2025 09.43 AM

അവസാന ചുംബനം നല്‍കുമ്പോള്‍ ഷാനറ്റ് റ്റാറ്റാ നല്‍കി ; രണ്ടര മാസം മുന്‍പ് തന്നെ യാത്രയാക്കിയ നിമിഷമോര്‍ത്ത് അലമുറയിട്ടു കരഞ്ഞു ജിനു

uploads/news/2025/06/787874/shanet.jpg

കട്ടപ്പന: വിദേശത്തു നിന്നെത്തിയ അമ്മയില്‍നിന്ന് അന്ത്യചുംബനം ഏറ്റുവാങ്ങി ഷാനറ്റ് (18) നിത്യതയിലേക്കു യാത്രയായി. അണക്കര ചെല്ലര്‍കോവിലില്‍ കഴിഞ്ഞ 17 നുണ്ടായ വാഹനാപകടത്തിലാണ് അണക്കര എട്ടാംമൈല്‍, വെള്ളറയില്‍ ഷൈജുവിന്റെ മകന്‍ ഷാനറ്റ് മരണമടഞ്ഞത്. കുവൈത്തില്‍ ജോലിക്കുപോയി അവിടെ കുടുങ്ങിയ ഷാനറ്റിന്റെ അമ്മ ജിനുവിന് യഥാസമയം നാട്ടിലെത്താന്‍ കഴിയാത്തതിനാല്‍ മൃതദേഹം സ്വകാര്യ ആശുപത്രിയിലെ ഫ്രീസറില്‍ സുക്ഷിച്ചിരിക്കുകയായിരുന്നു.

ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ജിനു വീട്ടിലെത്തിയത്. രണ്ടര മാസം മുന്‍പ് ജിനു വിദേശത്തേക്കു പോകുമ്പോള്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ചോക്കലേറ്റും സ്മാര്‍ട്ട്ജി വാച്ചും വാങ്ങിക്കൊണ്ടു വരണമെന്ന് മകന്‍ ആവശ്യപ്പെട്ടിരുന്നു. ഷാനറ്റിന്റെ തണുത്തു മരവിച്ച മൃതദേഹത്തില്‍ അവസാന ചുംബനം നല്‍കുമ്പോള്‍ ഷാനറ്റ് റ്റാറ്റാ നല്‍കി തന്നെ യാത്രയാക്കിയ നിമിഷമോര്‍ത്ത് ജിനു അലമുറയിട്ടു കരഞ്ഞു. ഇന്നലെ രാവിലെ 10.30 ന് വീട്ടിലെത്തിച്ച ഷാനറ്റിന്റെ മൃദേഹത്തില്‍ എം.എം മണി എം.എല്‍.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹിക സംഘടനാ നേതാക്കള്‍, രാഷ്ര്ടീയപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ അന്തോപചാരമര്‍പ്പിച്ചു.

വൈകുന്നേരം മൂന്നുമണിയോടെ മൃതദേഹം ഏഴാംമൈല്‍ ഒലിവുമല യാക്കോബായ പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം പള്ളി സെമിത്തേരിയില്‍ സാംസ്‌കരിച്ചു. അപകടത്തില്‍ ഷാനറ്റിനോടൊപ്പം മരിച്ച സുഹൃത്ത് അലന്റെ മൃതദേഹം പിറ്റേന്ന് സംസ്‌കരിച്ചിരുന്നു. കുവൈറ്റിലെ ഒരു വീട്ടില്‍ കുട്ടിയെ നോക്കുന്ന ജോലിക്കാണു ജിനു പോയത്. എന്നാല്‍ ജോലിഭാരവും ആരോഗ്യപ്രശ്‌നങ്ങളും മൂലം അവിടെ തുടരാന്‍ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനം ചെയ്ത ശമ്പളവും കിട്ടിയില്ല. തുടര്‍ന്ന് കുവൈറ്റ് മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ ഇന്ത്യന്‍ എംബസിയിലെത്തിയതോടെ താല്‍ക്കാലിക പാസ്‌പോര്‍ട്ട് നല്‍കി ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച തിരിച്ചുവരാനിരിക്കെ യുദ്ധവും കോവിഡും വീണ്ടും പ്രതിസന്ധിയായി. തുടര്‍ന്ന് ജിനുവിന്റെ ഭര്‍ത്താവ് ഷൈജു ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ആന്റോ ആന്റണി എം.പി. എന്നിവരുമായി ബന്ധപ്പെട്ട് ജിനുവിനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സഹായം തേടി. തുടര്‍ന്ന് എംബസി ഇടപെട്ട് വിമാന ടിക്കറ്റ് തരപ്പെടുത്തി ജിനുവിനെ 23 ന് കൊച്ചി വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു.

Ads by Google
Wednesday 25 Jun 2025 09.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google