Thursday, March 19, 2026 Last Updated 4 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Jun 2025 02.39 PM

‘‘ഒരു ഇംഗ്ലീഷ് പടം കണ്ടിട്ട് അത് മലയാളത്തില്‍ ചെയ്യ്, അ​പ്പോഴറിയാം ബുദ്ധിമുട്ട്; രണ്ടാം തരം സ്കില്‍ അല്ല അത്...’’ പ്രിയദര്‍ശനെ വിമര്‍ശിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായി പടക്കളം സംവിധായകന്‍

uploads/news/2025/06/787248/Untitled-3.jpg
Director Manu Swaraj responded to those who mocks priyadarshan (Image Source: Youtube)

പ്രിയദര്‍ശന്‍ സിനിമകള്‍ക്ക് എന്നും ആരാധകര്‍ ഏറെയാണ്. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും പ്രിയന്‍ ചിത്രങ്ങള്‍ക്ക് വേണ്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റുകളായി മാറിയ കുറെ സിനിമകള്‍ പ്രിയദര്‍ശന്‍ ഹിന്ദിയില്‍ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്ററാക്കി മാറ്റിയിട്ടുണ്ട്. മലയാളികള്‍ നെഞ്ചോട് ചേർത്തുനിർത്തുന്ന ഈ സിനിമകള്‍ക്കെല്ലാം ഇന്നും വലിയ ഫാൻ ഫോളോയിങ് ഉണ്ട്.
റിപ്പീറ്റ് വാല്യൂവുള്ള ചിത്രങ്ങള്‍ സമ്മാനിച്ച പ്രിയദര്‍ശ​ന്‍ ബോയിംഗ് ബോയിംഗ്, ചന്ദ്രലേഖ, വന്ദനം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്. പ്രിയന്‍ സിനിമകളിലെ കോമഡി രംഗങ്ങളും ഡയലോഗുകളും സീനുകളുമെല്ലാം ഇന്നും മലയാളികള്‍ക്ക് കാണാപ്പാഠമാണ്, അവയൊക്കെ പ്രേക്ഷകരെ അന്നുമിന്നും കുടുകുടെ ചിരിപ്പിക്കാറുമുണ്ട്.
എന്നാല്‍ പ്രിയദർശൻ സിനിമകള്‍ എല്ലാം കോപ്പിയടിയാണെന്നുള്ള വിമർശനങ്ങളും ആരോപണങ്ങളും പ്രിയനെതിരെ ഉയർന്നിട്ടുണ്ട്. എന്നാല്‍ അന്യാഭാഷ സിനികളില്‍നിന്ന് തന്റെ സിനിമകളിലേക്ക് പ്രചോദനം ഉള്‍ക്കൊണ്ടതിനെക്കുറിച്ച്‌ പ്രിയന്‍ തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ പ്രതികരികരണവുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകപ്രശംസനേടിയ ‘പടക്കള’ത്തിന്റെ സംവിധായകൻ മനു സ്വരാജ്. പ്രിയദർശനെതിരായി കോപ്പിയടി ആരോപിക്കുന്നവർക്ക് ശക്തമായ മറുപടി നല്‍കുന്ന മനു അന്യഭാഷാ ചിത്രങ്ങള്‍ നമ്മുടെ സംസ്കാരത്തിലേക്ക് മാറ്റി കഥപറയുക എന്നത് ശ്രമകരമായ ജോലിയാണെന്നും പറഞ്ഞു.
‘‘ഒരു ഇംഗ്ലീഷ് പടം മലയാളത്തിലേക്ക് ചെയ്യുന്നത് അത്ര എളുപ്പത്തിലുള്ള പണി അല്ല, അത് ഒരു സ്കില്‍ തന്നെയാണ്. ഇംഗ്ലീഷ് സിനിമകള്‍ മലയാളത്തിലേക്ക് ചെയ്യാൻ ശ്രമിച്ചിട്ടുള്ള ആളാണ് ഞാന്‍. എന്നാല്‍ നമ്മുടെ സംസ്കാരത്തിലേക്ക് അത് പറിച്ച്‌ നടാൻ പാടാണ്. അത് അങ്ങനെയല്ല. എല്ലാവരും ആ മനുഷ്യനെ ഒരുപാട് പറയുന്നുണ്ട്. ഞാന്‍ നിങ്ങളോട് ബെറ്റ് വെക്കാം. നിങ്ങള്‍ ഒരു ഇംഗ്ലീഷ് പടം കണ്ടിട്ട് അത് മലയാളത്തില്‍ ചെയ്യാന്‍ നോക്ക്. അപ്പോള്‍ അറിയാം അതിന്റെ ബുദ്ധിമുട്ട്.
വേറൊന്നുമല്ല, നമ്മുടെ സംസ്കാരത്തിലേക്ക് അത് പറിച്ചുനടുക എന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ വലിയ ടാസ്ക് വേറെ ഇല്ല. ഒരു പത്ത് സിഡി ഞാന്‍ നിങ്ങള്‍ക്ക് തരാം. നിങ്ങള്‍ അത് മലയാളത്തില്‍ ചെയ്ത് നോക്ക്, ആള്‍ക്കാര് കൂവും. അതിനെ മലയാളത്തിലേക്ക് മാറ്റുക എന്നത് ചില്ലറ പരിപാടി അല്ല. ഞാന്‍ അത് ചെയ്തിട്ടുള്ളതുകൊണ്ട് പറയുകയാണ്. എത്രയോ ഇംഗ്ലീഷ് പടങ്ങള്‍ ഞാനും ചുരണ്ടാന്‍ നോക്കിയിട്ടുണ്ട്. പക്ഷെ നടക്കില്ല. നടക്കത്തില്ല. അത് വേറെ തന്നെ കഴിവാണ്. അതൊരു രണ്ടാം തരം സ്കില്‍ ആയി നമ്മള്‍ ഒരിക്കലും കാണേണ്ട കാര്യമില്ല. പ്രിയദർശന്‍ സാര്‍ എനിക്ക് അത്രയ്ക്ക് ഇഷ്ടമുള്ള ആളാണ്...’’ മനു സ്വരാജ് പറഞ്ഞു.
ബോയിങ് ബോയിങ്, വന്ദനം എന്നീ ചിത്രങ്ങളുടെ ഉദാഹരണമാക്കി, തന്നോട് ‘പടക്കള’വുമായി ബന്ധപ്പെടുത്തി ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് മനു സ്വരാജ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. പ്രിയദർശൻ ചിത്രങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയപ്പോള്‍, കോപ്പിയടി ആണെന്ന ധ്വനിയില്‍ ‘സിഡി അവിടെയുണ്ടല്ലോ’ എന്ന് അഭിമുഖകാരില്‍ ഒരാള്‍ പറഞ്ഞു. ഇതിനോടാണ് മനു ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്.

പ്രിയദർശൻ മോഹൻലാല്‍ സിനിമകള്‍ക്ക് കൃത്യമായ കഥകള്‍ ഇപ്പോഴും ഉണ്ടാകുമെന്നും അതാണ് അവയെ സ്പെഷ്യല്‍ ആക്കുന്നതെന്നും മനു കൂട്ടിച്ചേര്‍ത്തു. ‘‘എല്ലാ കോമഡികളും എടുത്ത് മാറ്റിയാലും പടക്കളത്തില്‍ ഒരു കഥയുണ്ട്. അതിന് മേല്‍ അഭിനേതാക്കള്‍ക്ക് ഇംപ്രവൈസ് ചെയ്യാൻ അവസരം നല്‍കിയാല്‍ മതി. പ്രിയദർശൻ, മോഹൻലാല്‍ സിനിമകളില്‍ ഉള്ള ഗുണം അതാണ്. അവരുടെ സിനിമയിലെ കഥ കൃത്യമാണ്. ബോയിംഗ് ബോയിംഗ് എടുത്താലും വന്ദനം എടുത്താലും കഥ അവിടെയുണ്ട്...’’ മനു പറഞ്ഞു.

Ads by Google
Saturday 21 Jun 2025 02.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google