Thursday, March 19, 2026 Last Updated 5 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Jun 2025 08.31 AM

' സിനിമയില്‍ ഈ മനുഷ്യന്റെ കഥാപാത്രങ്ങള്‍ ഓടുന്നത് കാണാന്‍ എന്തൊരു ഭംഗിയാണ്' ; ഫഹദിനെ കുറിച്ച് ഇര്‍ഷാദ് അലി

actor
photo-www.instagram.com/irshadaliofficial/

നടന്‍ ഇര്‍ഷാദ് ഫഹദ് ഫാസിലിനെക്കുറിച്ച് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഫഹദിന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ ഓടുന്നത് കാണാന്‍ നല്ല ഭംഗിയാണെന്ന് എഴുതികൊണ്ടാണ് ഇര്‍ഷാദ് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ഫഹദ് ഓടി തീര്‍ത്ത വഴികള്‍ക്ക് പറയാന്‍ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും കഥകള്‍ കൂടിയുണ്ടെന്നും ഇര്‍ഷാദ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഫഹദിനൊപ്പമുള്ള ചിത്രവും ഇര്‍ഷാദ് പങ്കുവെച്ചിട്ടുണ്ട്.

ഇര്‍ഷാദിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

എന്തൊരു ഭംഗിയാണ് സിനിമയില്‍ ഈ മനുഷ്യന്റെ കഥാപാത്രങ്ങള്‍ ഓടുന്നത് കാണാന്‍. കരിയറില്‍ ഇങ്ങേരിന്ന് തിരക്കു പിടിച്ച ഓട്ടക്കാരനാണ്. ഒരു പാന്‍ ഇന്ത്യന്‍ താരം എന്നു വിശേഷിപ്പിച്ചാലും അതിശയോക്തി ഇല്ല. ഒരു കൈ നെഞ്ചത്തമര്‍ത്തി പിടിച്ച് മറുകൈ വീശി വേഗത്തിലോടുന്ന അയ്മനം സിദ്ധാര്‍ത്ഥന്‍. ഓട്ടത്തിനിടയിലും കൈവിട്ടുപോവാന്‍ പാടില്ലാത്ത ഒന്നയാള്‍ മുറുക്കെ പിടിക്കുന്നുണ്ട്! ഞാന്‍ പ്രകാശനില്‍, ജീവിതത്തിനോട് ആര്‍ത്തിപിടിച്ച് രണ്ട് കയ്യും വീശിയുള്ള ആകാശിന്റെ ഓട്ടമുണ്ടല്ലോ, ഒരാളുടെ മുഴുവന്‍ സ്വാര്‍ത്ഥതയും വായിച്ചെടുക്കാനാകും അതില്‍.

നോര്‍ത്ത് 24 കാതത്തിലെ 'അതി-വൃത്തിക്കാരന്‍' ഹരികൃഷ്ണന്‍ ബാഗ് നെഞ്ചോട് അടക്കിപ്പിടിച്ച് മറുകൈ വായുവില്‍ ആഞ്ഞു കറക്കിക്കൊണ്ടാണ് ഓടുന്നത്, ഇയ്യോബിന്റെ പുസ്തകത്തില്‍, ഇരുകൈകളിലും തോക്കേന്തികൊണ്ടുള്ള അലോഷിയുടെ ഓട്ടം. ഓടുന്നത് ഒരാളാണെങ്കിലും ഓരോ ഓട്ടവും വ്യത്യസ്തമാണ്. 'മറിയം മുക്കി'ല്‍ ഞങ്ങള്‍ ഒരുമിച്ച് ഓടി തളര്‍ന്നത് ഇന്നലെയെന്ന പോലെ മുന്നില്‍ ഉണ്ട്, അന്നത്തെയാ ഒരുമിച്ചോട്ടത്തിന്റെ കിതപ്പ് ഇന്നും ഉയര്‍ന്നു പൊങ്ങുന്നുണ്ട് ഉള്ളില്‍.

ഏത് ഓട്ടത്തിനിടയിലും, കണ്ടു മുട്ടുന്ന നേരങ്ങളിലെ ചേര്‍ത്തുപിടിക്കല്‍ ഉണ്ടല്ലോ, അതൊന്നുമതി ഊര്‍ജം പകരാന്‍, സ്‌നേഹം നിറയ്ക്കാന്‍.
എന്തെന്നാല്‍, അയാള്‍ ഓടി തീര്‍ത്ത വഴികള്‍ക്ക് പറയാന്‍ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും കഥകള്‍ കൂടിയുണ്ട്. ഇതെഴുതി കൊണ്ടിരുന്നപ്പോഴാണ് ഓര്‍ത്തത്, ആ ഓട്ടക്കാരന്റെ ഇനി ഇറങ്ങാന്‍ പോകുന്ന സിനിമയുടെ പേര് 'ഓടും കുതിര ചാടും കുതിര' എന്നാണല്ലോയെന്ന്.

പ്രിയപ്പെട്ട ഓട്ടക്കാരാ
ഓട്ടം തുടരുക.
കൂടുതല്‍ കരുത്തോടെ,
Run FAFA Run!

അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയാണ് ഫഹദിന്റേതായി ഇനി പുറത്തിറങ്ങാനുളള സിനിമ. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അല്‍ത്താഫ് സലിം ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

Ads by Google
Saturday 21 Jun 2025 08.31 AM
YOU MAY BE INTERESTED
Ads by Google
Ads by Google