Monday, March 23, 2026 Last Updated 13 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Jun 2025 11.07 AM

അഭിഭാഷകനെതിരായ പോക്‌സോ കേസ് അട്ടിമറി; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് ; മംഗളം വാര്‍ത്തയില്‍ ഇംപാക്ട്

uploads/news/2025/06/786132/mangalam-news.jpg

പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസിലെ അട്ടിമറി സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസന്വേഷണത്തില്‍ പോലീസും ശിശുക്ഷമസമിതിയും വരുത്തിയ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജൂണ്‍ നാലിന് 'മംഗള'മാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. പോലീസിന്റെയും ശിശുക്ഷേമസമിതിയുടെയും വീഴ്ചകള്‍ കാരണം പോക്‌സോ കേസ് പ്രതിയായ ഹൈക്കോടതി മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. തോട്ടത്തില്‍ നൗഷാദ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതി വരെ പോയിരുന്നു. കോടതി നിലവില്‍ ഇയാളുടെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. അടുത്ത മാസം 29 നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

കേസിന്റെ തുടക്കത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കോന്നി ഡിവൈ.എസ്.പി: രാജപ്പന്‍ റാവുത്തര്‍, എസ്.എച്ച്.ഒ: പി. ശ്രീജിത്ത് എന്നിവരെ ജൂണ്‍ രണ്ടിന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആഭ്യന്തരവകുപ്പിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവിലാണ് അഭിഭാഷകനെ രക്ഷിക്കുന്നതിന് വേണ്ടി പോലീസും ശിശുക്ഷേമ സമിതിയും വരുത്തിയ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയത്. ശിശുക്ഷേമ സമിതി ഓഫീസില്‍ ഒന്നും രണ്ടും പ്രതികള്‍ എത്തി അതീജീവതയെ സ്വാധീനിക്കാന്‍ ചര്‍ച്ച നടത്തിയെന്ന പരാമര്‍ശമാണ് 'മംഗളം' വാര്‍ത്തയാക്കിയത്. ഇതോടെ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പോലീസിനെതിരേ രംഗത്തു വന്നു.

ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും ശിശുക്ഷേമസമിതിക്ക് വീഴ്ചയില്ലെന്നും അവകാശപ്പെട്ട് ചെയര്‍മാന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി സമര്‍പ്പിച്ചു. ശിശുക്ഷേമ സമിതി ഓഫീസില്‍ വന്ന പ്രതികളെ ഇറക്കി വിട്ടുവെന്നും ആ വിവരം അപ്പോള്‍ തന്നെ ജില്ലാ പോലീസ് മേധാവിയെ രേഖാമൂലം അറിയിച്ചെങ്കിലും നടപടി എടുത്തില്ലെന്നുമായിരുന്നു ചെയര്‍മാന്റെ വെളിപ്പെടുത്തല്‍. പീഡനം നടന്നത് ആറന്മുള സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14 ന് കോന്നി പോലീസ് സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഇവിടേക്ക് കേസ് കൈമാറിയിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് 16 നാണ് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിസംബര്‍ 22 ന് അതിജീവതയുടെ ബന്ധുവായ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തു. അതുവരെ സജീവമായിരുന്ന അഡ്വ. നൗഷാദ് ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍പ്പോയി. ഇയാളെ പിടികൂടാന്‍ ആവശ്യത്തിന് സമയം ലഭിച്ചിട്ടും ആറന്മുള പോലീസ് അതിന് തുനിഞ്ഞില്ല. ഒരു തവണ ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടും ഉന്നതതല നിര്‍ദേശപ്രകാരം വിട്ടയച്ചുവെന്നും പോലീസിനുള്ളില്‍ തന്നെ പ്രചാരണമുണ്ട്.

കേസുമായി യാതൊരു വിധത്തിലും ബന്ധമില്ലാത്ത രണ്ട് ഉദ്യോഗസ്ഥരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്തത്. യഥാര്‍ഥത്തില്‍ വീഴ്ച വരുത്തിയ ജില്ലാ പോലീസ് മേധാവി, പത്തനംതിട്ട ഡിവൈ.എസ്.പി, ആറന്മുള എസ്.എച്ച്.ഒ എന്നിവര്‍ക്കെതിരേ ഇതു വരെ നടപടിയില്ല. സംഭവം വിവാദമാവുകയും സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുകയും ചെയ്തതോടെയാണ് ജൂണ്‍ 11 ന് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു കൊണ്ട് ഡി.ജി.പി ഉത്തരവിറക്കിയത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലാകുന്ന വിധത്തിലുളള വാര്‍ത്തകള്‍ നിയന്ത്രിക്കുകയാണ് ലക്ഷ്യം.

Ads by Google
Saturday 14 Jun 2025 11.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google