Monday, March 23, 2026 Last Updated 0 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Jun 2025 11.04 AM

കാന്‍സര്‍ രോഗിയായ വീട്ടമ്മയെ കട്ടിലില്‍ കെട്ടിയിട്ട് പണം കവര്‍ന്നു; കൊണ്ടുപോയത് ചികിത്സനടത്താന്‍ സുമനസുകള്‍ നല്‍കിയ 16,500 രൂപ

uploads/news/2025/06/784970/robbery.jpg

അടിമാലി: കാന്‍സര്‍ രോഗിയായ വീട്ടമ്മയെ കട്ടിലില്‍ കെട്ടിയിട്ടശേഷം പണം കവര്‍ന്നു. എസ്.എന്‍ പടിക്കു സമീപം വിവേകാനന്ദ നഗര്‍ സ്വദേശിനിയായ ഉഷ സന്തോഷിനെയാണ് മോഷ്ടാവ് കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകിയശേഷം പണവുമായി കടന്നത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഇവര്‍ സുമനസുകളുടെ സഹായത്താലാണ് അര്‍ബുദ ചികിത്സ നടത്തി വന്നിരുന്നത്. ചികിത്സയുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജില്‍ കീമോ ചെയ്ത ശേഷം കഴിഞ്ഞ ദിവസമാണ് ഉഷ വീട്ടില്‍ തിരിച്ചെത്തിയത്.

ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. ആറരയോടെ മകള്‍ തൊടുപുഴയിലേക്ക് പഠനത്തിനായി പോയി. ഭര്‍ത്താവ് സന്തോഷ് കൂലിപ്പണിക്കും പോയ ശേഷമാണ് സംഭവം. തക്കം നോക്കി മോഷ്ടാവ് വീടിനുള്ളില്‍ കയറിപ്പറ്റുകയായിരുന്നു. ചികിത്സയുടെ മയക്കത്തില്‍ നിന്ന് ഉഷ പൂര്‍ണമായി മുക്തയായിരുന്നില്ല. മോഷ്ടാവ് ആദ്യം വായില്‍ തുണി തിരുകിയതായും മറ്റൊരു തുണി ഉപയോഗിച്ച് തല മൂടുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തതായി ഉഷ പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് മോഷ്ടാവ് ഉഷയെ ഭീഷണിപ്പെടുത്തി. അലമാരയില്‍ നിന്നും തുണികളത്രയും പുറത്തേക്ക് വലിച്ചിട്ടെങ്കിലും പണം കണ്ടെത്താതെ വന്നതോടെ ഇയാള്‍ കൂടുതല്‍ പ്രകോപിതനായി.

ഇതോടെ ഭയന്ന് പോയ ഉഷ, തന്നെ ഉപദ്രവിക്കരുതെന്നും പേഴ്‌സില്‍ പണമുള്ളതായും മോഷ്ടാവിനോട് പറഞ്ഞു. ഇതിനിടെ വായിലെ തുണി എടുക്കാന്‍ ശ്രമിച്ച ഉഷയുടെ കാലുകള്‍ കൂടി മോഷ്ടാവ് ബന്ധിച്ചു. പിന്നീട് പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന 16,500 രൂപയുമായി കള്ളന്‍ കടന്ന് കളഞ്ഞു. സമീപവാസിയായ മറ്റൊരാള്‍ പിന്നീട് വീട്ടിലെത്തിയ സമയത്താണ് കട്ടിലില്‍ കെട്ടിയിട്ടിരിക്കുന്ന ഉഷയെ കണ്ടത്. ഉഷയുടെ ചികിത്സക്കായി പൊതുജന സമാഹരണത്തിലൂടെ ശേഖരിച്ച തുകയില്‍ ബാക്കിയുണ്ടായിരുന്ന തുകയാണ് മോഷ്ടാവ് കവര്‍ന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.എച്ച്.ഒ: ലൈജുമോന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തുടര്‍ന്ന് ഇടുക്കിയില്‍ നിന്നും ഡിവൈ.എസ്.പി: ജില്‍സന്‍ മാത്യുവും സംഘവും സ്ഥലത്തെത്തിയിരുന്നു. വിരല്‍ അടയാള വിദഗ്ധരും രാസ്ത്രീയ പരിശോധന വിദഗ്ധരുടെ സംഘവും വീട്ടിലെത്തി പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയെന്ന് ഡിവൈ.എസ്.പി പറഞ്ഞു. മുമ്പ് ഉഷ വീട്ടില്‍ തനിച്ചുണ്ടായിരുന്ന സമയം മാസ്‌ക്ക് ധരിച്ച ഒരു യുവാവ് വീട്ടില്‍ എത്തുകയും ചികിത്സക്ക് സഹായിക്കാനെന്ന വ്യാജേന വീട്ടിലെ വിവരങ്ങളത്രയും ചോദിച്ചറിഞ്ഞിരുന്നതായും ഉഷ പറഞ്ഞു. മേഖലയിലെ സി.സി.ടി.വികള്‍ അടക്കം പരിശോധിച്ചു വരികയാണ്.

തൊപ്പി ധരിച്ച് മാസ്‌ക് ഉപയോഗിച്ച് മുഖവും മറച്ച നിലയിലായിരുന്നു മോഷ്ടാവ് എന്നും ഉഷ മൊഴി നല്‍കിയിരുന്നു. വീട്ടുകാരെ മുന്‍പ് പരിചയമുള്ളയാളാണ് മോഷണം നടത്തിയതെന്ന സൂചനയാണ് ലഭിക്കുന്നത്. ചികിത്സയ്ക്കായി നാട്ടുകാര്‍ പിരിച്ചു നല്‍കിയ പണം വീട്ടിലുണ്ടെന്ന് തനിക്കറിയാമെന്നും ഇതു തന്നില്ലെങ്കില്‍ കഴുത്തറുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മോഷണമെന്നും ഉഷ പറഞ്ഞു.

Ads by Google
Friday 06 Jun 2025 11.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google