Monday, March 23, 2026 Last Updated 12 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
ജി. വിശാഖന്‍
Wednesday 04 Jun 2025 11.28 AM

ഉത്തരവില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ ; പോക്‌സോ കേസില്‍ വമ്പന്‍ അട്ടിമറിക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഓഫീസില്‍ ചര്‍ച്ച നടന്നു

uploads/news/2025/06/784583/police1.jpg

പത്തനംതിട്ട: പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിന് കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്‍, എസ്.എച്ച്.ഓ പി. ശ്രീജിത്ത് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള ആഭ്യന്തരവകുപ്പിന്റെ ഉത്തരവിലുള്ളതു ഞെട്ടിക്കുന്ന വിവരങ്ങള്‍. കേസ് അട്ടിമറിക്കുന്നതിനു വേണ്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഓഫീസില്‍ ചര്‍ച്ച നടന്നുവെന്നുള്ള വിവരമാണ് ഉത്തരവിലൂടെ പുറത്തു വരുന്നത്. പ്രതികളും ഇതില്‍ പങ്കെടുത്തു. സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ അടക്കമുളളവര്‍ക്കെതിരേ പോലീസ് നടപടി സ്വീകരിച്ചിട്ടുമില്ല.

കുട്ടികളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ കമ്മറ്റി തന്നെ പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ഗൗരവകരമായ കണ്ടെത്തലാണ് ഉത്തരവിലുള്ളത്. ഉത്തരവിന്റെ രണ്ടാം പേജിലാണ് ഇക്കാര്യം പറയുന്നത്. ഹൈക്കോടതി അഭിഭാഷകനും മുന്‍ ഗവ. പ്ലീഡറുമായ തോട്ടത്തില്‍ നൗഷാദിനും ഏറ്റവും അടുത്ത ബന്ധുവിനുമെതിരേ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനാണ് അതിജീവിത ചൈല്‍ഡ് ലൈനില്‍ വിളിച്ച് ലൈംഗിക പീഡനം വെളിപ്പെടുത്തിയത്. എന്നാല്‍, ഈ വിവരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കോന്നി എസ്.എച്ച്.ഒയെ അറിയിക്കുന്നത് 10 ദിവസത്തിന് ശേഷം 13 നാണ്. ഇതിനിടെ അഞ്ചാം തിയതി ഒന്നും രണ്ടും പ്രതികളായ നൗഷാദും അതിജിവതയുടെ ബന്ധുവും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്റെ ഓഫീസിലെത്തി പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച നടത്തുകയും പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അതിജീവിത വഴങ്ങിയില്ല.

മറ്റു വഴിയില്ലാതെയാണ് ഒടുവില്‍ ഡിസംബര്‍ 13 ന് വിവരം പോലീസില്‍ അറിയിച്ചത്. ഒന്നും രണ്ടും പ്രതികളുടെയും നൗഷാദിന്റെ ഭാര്യയുടെയും ഫോണ്‍കോള്‍ ഡീറ്റൈയില്‍സ് പരിശോധിച്ചതില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. വിവരങ്ങള്‍ പോലീസിന് കൈമാറുന്നതിന് സി.ഡബ്ല്യു.സി വരുത്തിയ 10 ദിവസത്തെ കാലതാമസം പ്രതി നൗഷാദ് തോട്ടത്തിലിന് തെളിവുനശിപ്പിക്കാനും സ്വാഭാവിക നീതി അട്ടിമറിക്കാനും തുണയായി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ ഭാഗത്തുനിന്നുള്ള അട്ടിമറി തെളിവു സഹിതം കൈവശം ഉണ്ടായിട്ടും നടപടി സ്വീകരിക്കാന്‍ പോലീസ് തയാറായില്ല. ക്രൂരമായ ലൈംഗിക പീഡനമാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്.

നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിറകണ്ണുകളോടെയല്ലാതെ അതിജീവിതയുടെ മൊഴി വായിക്കാനാവില്ലെന്നാണ് പരാമര്‍ശിച്ചത്. നൗഷാദ് അഭിഭാഷകന്‍ എന്ന സ്ഥാനത്ത് ഇരിക്കുന്നതിന് യോഗ്യനല്ലെന്നും പറഞ്ഞാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. സുപ്രീം കോടതി നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അറസ്റ്റ് തടയുകയാണുണ്ടായത്.

Ads by Google
ജി. വിശാഖന്‍
Wednesday 04 Jun 2025 11.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google