മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്ന് പാണക്കാട് കുടുംബം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഹജ്ജിന് പോയതിനാലാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നത്. പകരം പങ്കെടുക്കേണ്ട, ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നത് ചര്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.
കൂടാതെ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യോഗത്തില്‍ പങ്കെടുത്തില്ല. വിഡി സതീശനും കെസി വേണുഗോപാലുമായുള്ള ഭിന്നതയാണ് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ പറയുന്നത്.
വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെ അബ്ബാസ് അലി തങ്ങൾ നാളെ മുതൽ പ്രചാരണത്തിനിറങ്ങുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. നിലമ്പൂർ മണ്ഡലത്തിലെ പോത്തുകല്ലിൽ അബ്ബാസ് അലി തങ്ങൾ പ്രചാരണം ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കി. അബ്ബാസ് അലി തങ്ങൾ കൺവൻഷനിൽ പങ്കെടുക്കാത്തത് മനഃപൂർവമല്ലെന്ന് മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടവും പ്രതികരിച്ചു.
ജില്ലയില്‍ തന്നെ ഉണ്ടായിട്ടും അബ്ബാസലി തങ്ങള്‍ കണ്‍വെന്‍ഷനിലേക്കെത്തിയില്ല. ജില്ലിയിലെ മറ്റ് പരിപാടികളില്‍ അബ്ബാസലി തങ്ങള്‍ പങ്കെടുക്കുകയും ചെയ്തു. അബ്ബാസലി തങ്ങളെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ചയുണ്ടായതാണ് വിട്ടുനില്‍ക്കാന്‍ ഇടയാക്കിയതെന്നുമാണ് സൂചന.
അവസാന മണിക്കൂറിലാണ് അബ്ബാസലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ലീഗ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെയാണ് അബ്ബാസലി തങ്ങള്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുത്തത്.