Tuesday, March 24, 2026 Last Updated 46 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 May 2025 01.49 PM

കഞ്ചാവ് വലിച്ചതിന് അറസ്റ്റ് ചെയ്ത് വിട്ടയച്ചയാള്‍ തൂങ്ങിമരിച്ച സംഭവം ; മര്‍ദ്ദനമേറ്റത് എവിടെ നിന്നെന്ന അന്വേഷണം പൂഴ്ത്തി പോലീസ്

uploads/news/2025/05/783976/police1.jpg

പത്തനംതിട്ട: കോയിപ്രം പോലീസ് കഞ്ചാവ് വലിച്ചതിന് അറസ്റ്റ് ചെയ്ത് വിട്ടയച്ച വരയന്നൂര്‍ സ്വദേശി സുരേഷ് (58) ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവത്തിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് വിട്ടതിന് പിന്നാലെ പുതിയ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ലോക്കല്‍ പോലീസിന്റെ സമാന്തര അന്വേഷണം. കോന്നിയിലെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ ജീവനൊടുക്കിയ സുരേഷിന്് ക്രൂരമര്‍ദനം ഏറ്റിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സുരേഷിന് മര്‍ദനമേറ്റത് കോയിപ്രം പോലീസില്‍ നിന്നാണെന്നാണ് സംശയം. സംഭവം നടന്ന് മൂന്നു മാസം പിന്നിട്ടിട്ടും സുരേഷിന് മര്‍ദനമേറ്റത് എവിടെ നിന്ന് എന്നന്വേഷിക്കാതെ കേസ് ഫയല്‍ പൂഴ്ത്തി വച്ചിരിക്കുകയായിരുന്നു.

'മംഗളം' ഈ വിവരം പുറത്തു വിട്ടതോടെയാണ് പോലീസ് മര്‍ദനം സംശയിച്ച് കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറിയത്. കഴിഞ്ഞ് 22 ന് ഇത് സംബന്ധിച്ച ഉത്തരവ് വന്നതിന് തൊട്ടു പിന്നാലെയാണ് തിരക്കിട്ട് 23 ന് പുലര്‍ച്ചെ 2.43 ന് കോയിപ്രം സ്‌റ്റേഷനില്‍ പുതിയ എഫ്.ഐ.ആര്‍ ഇട്ടത്. ഈ കേസു കൂടി പ്രത്യേക സംഘത്തിന് കൈമാറേണ്ടതിന് പകരം തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ എസ്.എച്ച്.ഓ ജി. സുരേഷ്‌കുമാര്‍ ആണ് അന്വേഷിക്കുന്നത്.

പ്രത്യേക സംഘം അന്വേഷിക്കുന്ന പോലീസ് മര്‍ദനക്കേസില്‍ ആരോപണവിധേയരായിരിക്കുന്നത് കോയിപ്രം സ്‌റ്റേഷനിലെ എസ്.എച്ച്.ഓയും പോലീസുകാരുമാണ്. ഇവര്‍ക്കെതിരേയുള്ള കേസ് ഇവര്‍ തന്നെ സമാന്തരമായി അന്വേഷിക്കുന്ന വിചിത്രമായ നടപടിയാണ് ഇപ്പോഴുള്ളത്!
സുരേഷിന്റെ മരണത്തില്‍ അടക്കം അടിമുടി ദുരൂഹതയാണ്. സുരേഷിന്റേത് ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പക്ഷേ, സുരേഷ് ജീവനൊടുക്കാന്‍ എന്തിന് കോന്നി ഇളകൊള്ളൂരിലെ മാങ്കോസ്റ്റിന്‍ തോട്ടം തെരഞ്ഞെടുത്തുവെന്നതിന് ഇനിയും വ്യക്തതയില്ല. മുന്‍വിരോധത്താല്‍ ട്യൂട്ടര്‍ എന്ന് വിളിക്കുന്ന അരീഷ് സുരേഷിനെ ക്രൂരമായി മര്‍ദിച്ചതിന് മൂന്നുമാസത്തിന് ശേഷം തിരക്കിട്ട് എഫ്.ഐ.ആര്‍ എടുത്ത വിവരം 24 ന് മംഗളം പുറത്തു വിട്ടിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് എഫ്.ഐ.ആര്‍ എന്ന് വ്യക്തമായിരുന്നു.

സുരേഷിന്റെയും അരീഷിന്റെയും സുഹൃത്തായ അനില്‍കുമാര്‍ എന്നയാളുടെ മൊഴി വാങ്ങിയാണ് 23 ന് പുലര്‍ച്ചെ 2.43 ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് 19 ന് രാത്രി അനിലും അരീഷും കൂടി വരുന്ന സമയം സുരേഷിനെ കണ്ടുവെന്നും തന്റെ ബൈക്കിന് വന്‍ തുക പെറ്റി ഒടുക്കാന്‍ കാരണക്കാരനായത് സുരേഷാണെന്ന് പറഞ്ഞ് ക്രൂരമായി മര്‍ദിച്ചുവെന്നുമായിരുന്നു എഫ്.ഐ.ആര്‍. സുരേഷിനെ കഞ്ചാവ് ബീഡിയുമായി പോലീസ് കസ്റ്റഡിയില്‍ എടുത്തത് മാര്‍ച്ച് 16 ന് വൈകിട്ട് 6.45 നാണ്. ആ സമയം സുരേഷിന്റെ അടുത്ത അരീഷുമുണ്ടായിരുന്നു. സുരേഷിനെ പിടികൂടിയ പോലീസ് അരീഷിന്റെ ബൈക്കും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് പിന്നീട് നിയമലംഘനങ്ങള്‍ക്ക് 17,000 രൂപ പിഴ ഒടുക്കേണ്ടി വന്നുവത്രേ. അതിന്റെ വിരോധത്താല്‍ 19 ന് രാത്രി അരീഷ് സുരേഷിനെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് പോലീസിന്റെ കഥ.

ഈ മര്‍ദനമേറ്റ് പോയ സുരേഷ് കേരളത്തിലും തമിഴ്‌നാട്ടിലുമായി കറങ്ങി നടന്ന ശേഷം 22 ന് കോന്നിയില്‍ വന്നു തൂങ്ങി മരിച്ചുവെന്നാണ് കോയിപ്രം ഇന്‍സ്‌പെക്ടര്‍ മാധ്യമങ്ങളെ വിളിച്ചു വരുത്തി വാര്‍ത്ത നല്‍കിയത്. എന്നാല്‍, കോയിപ്രം പോലീസിന്റെ മുഴുവന്‍ വാദങ്ങളും പച്ചക്കളളമാണെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും മൊഴിയും കോന്നി പോലീസിന്റെ അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പോലീസ് സ്‌റ്റേഷനില്‍ നിന്ന് വിട്ടയയ്ക്കപ്പെട്ട സുരേഷ് നേരെ പോയത് താന്‍ വാഹനം ഓടിക്കുന്ന വീട്ടിലേക്കായിരുന്നു.

അവിടുത്തെ വീട്ടമ്മയോട് പോലീസ് അതിക്രൂരമായി മര്‍ദിച്ച കഥ സുരേഷ് പറഞ്ഞു. തന്നെ ഇനി ഒന്നിനും കൊളളാത്ത വിധം കോയിപ്രം പോലീസ് മര്‍ദിച്ചുവെന്ന് സുരേഷ് പറഞ്ഞതായി വീട്ടമ്മ മാധ്യമങ്ങള്‍ക്കും കോന്നി പോലിസിനും മുന്നില്‍ പറഞ്ഞിരുന്നു. ട്യൂട്ടര്‍ എന്ന അരീഷ് തന്നെ മര്‍ദിച്ചതായി ഒരിടത്തും സുരേഷ് പറഞ്ഞിട്ടില്ല. മാത്രവുമല്ല, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരികമായ പരുക്കുകള്‍ക്കും മുതുകിലേറ്റ ചൂരല്‍ അടിക്കും ആറു ദിവസം വരെ പഴക്കം ഉണ്ടാകാമെന്നാണ് പറയുന്നത്. പുതിയ കേസ് പ്രകാരം അരീഷ് സുരേഷിനെ മര്‍ദിച്ചതായി പറയുന്നത് മാര്‍ച്ച് 19 നാണ്. 22 നാണ് സുരേഷ് മരിച്ചത്. അരീഷില്‍ നിന്നേറ്റ മര്‍ദനമായിരുന്നുവെങ്കില്‍ പരുക്കുകള്‍ക്ക് ആറു ദിവസം പഴക്കം ഉണ്ടാകുമായിരുന്നില്ല. ഇതോടെ പോലീസിന്റെ പുതിയ കഥ അമ്പേ പൊളിഞ്ഞു.

കേസ് അട്ടിമറിക്കാന്‍ വേണ്ടി പോലീസിന്റെ ഭാഗത്ത് നിന്ന് ബന്ധുക്കള്‍ക്കും സമുദായ നേതാക്കള്‍ക്കും കടുത്ത സമ്മര്‍ദം നേരിടേണ്ടി വരുന്നുണ്ട്. ആദ്യ ദിവസങ്ങളില്‍ പോലീസിനെതിരേ ആഞ്ഞടിച്ച് വന്ന സുരേഷിന്റെ മാതാവും സഹോദരനും ഇപ്പോള്‍ നിശബ്ദരാണ്. ദളിത് സംഘടനകള്‍ സംയുക്തമായി ഒരു പ്രസ്താവന ഇറക്കിയ ശേഷം പിന്‍വലിഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. ജനരോഷം ഉയരാത്ത സാഹചര്യത്തില്‍ കേസ് എളുപ്പം അട്ടിമറിക്കാമെന്നാണ് പോലീസ് കരുതുന്നത്.

Ads by Google
Saturday 31 May 2025 01.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google